ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ബിജെപി
മുതിര്‍ന്ന നേതാവുമായ മേജര്‍ ജനറല്‍ (റിട്ട.) ഭുവന്‍ ചന്ദ്ര ഖണ്ഡൂരി (91) അന്തരിച്ചു. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു. ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മകന്‍ മനീഷ് ഖണ്ഡൂരിയാണ് മരണവാര്‍ത്ത പങ്കുവെച്ചത്.
കരസേനയില്‍ നിന്ന് വിരമിച്ച ശേഷമാണ് ഖണ്ഡൂരി രാഷ്‌ട്രീയത്തിലേക്ക് തിരിയുന്നത്. രണ്ട് തവണ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി (2007-2009, 2011-2012) സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പതിനാറാം ലോക്സഭയില്‍ ബിജെപി അംഗമായിരുന്നു. ഖണ്ഡൂരിയുടെ വിയോഗം ഉത്തരാഖണ്ഡിന് മാത്രമല്ല, ദേശീയ രാഷ്‌ട്രീയത്തിനും നികത്താനാകാത്ത നഷ്ടമാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. ഖണ്ഡൂരി ജിയുടെ സൈനിക ജീവിതം മുതല്‍ പൊതുജീവിതം വരെ അദ്ദേഹത്തിന്റെ വ്യക്തിത്വം രാഷ്‌ട്രതാത്പര്യങ്ങള്‍ക്കും പൊതുസേവനത്തിനും വേണ്ടി സമര്‍പ്പിച്ചതായിരുന്നു.
സൈനിക സേവനകാലത്ത് രാജ്യസേവനം, അച്ചടക്കം, സമര്‍പ്പണം, എന്നിവയ്‌ക്ക് സമാനതകളില്ലാത്ത മാതൃകയാണ് ഖണ്ഡൂരി കാഴ്ചവെച്ചത്. രാഷ്‌ട്രീയ പ്രവര്‍ത്തകനായപ്പോള്‍ ഉത്തരാഖണ്ഡിന്റെ വികസനം, സദ്ഭരണം, സുതാര്യത, സത്യസന്ധമായ പ്രവര്‍ത്തന നൈതികത എന്നിവയ്‌ക്കായി അദ്ദേഹം ശക്തമായി നിലകൊണ്ടു. ഒരു ജനകീയ നേതാവ് എന്ന നിലയില്‍ സംസ്ഥാനത്തിന്റെ പുരോഗതിക്കായി നിരവധി സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ട വ്യക്തിയാണ് അദ്ദേഹം. ലാളിത്യം, സത്യസന്ധത, കാര്യക്ഷമത എന്നിവയിലൂടെ ജനങ്ങളുടെ ഹൃദയങ്ങളില്‍ ഖണ്ഡൂരി പ്രത്യേക സ്ഥാനം നേടിയെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നല്‍കണമെന്ന് പ്രാര്‍ത്ഥിക്കുന്നു
വെന്നും ധാമി പറഞ്ഞു.











