വാഷിംഗ്‌ടൺ: യു.എസില്‍ എയർ ഷോയ്‌ക്കിടെ രണ്ട് യുദ്ധവിമാനങ്ങൾ തമ്മിൽ കൂട്ടിമുട്ടി അപകടം. വിമാനങ്ങളിലുണ്ടായിരുന്ന നാല് പൈലറ്റുമാർ കൃത്യസമയത്ത് പാരച്യൂട്ടിൽ രക്ഷപ്പെട്ടു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സൈനിക വക്താക്കൾ അറിയിച്ചു. സൈനിക താവളത്തിലുണ്ടായിരുന്ന മറ്റ് ആർക്കും പരുക്കേറ്റിട്ടില്ല.
അമേരിക്കയിലെ ഇഡാഹോയിലെ മൗണ്ടൻ ഹോം എയർ ബേസിൽ നടന്ന എയർ ഷോയ്‌ക്കിടെയാണ് അപകടമുണ്ടായത്. അമേരിക്കയുടെ ഇഎ-18ജി ഗ്രൗളർ ഇരു സീറ്റുകളുള്ള ജെറ്റ് വിമാനങ്ങളാണ് തകർന്നത്. എയർഷോയ്‌ക്കിടെ മുകളിലുണ്ടായിരുന്ന വിമാനം താഴത്തെ വിമാനത്തിൽ കുരുങ്ങുകയും ഇരുവിമാനങ്ങളും ഇരുദിശയിലേക്ക് കുത്തനെ നിന്ന സമയത്ത് നാല് പൈലറ്റുമാരും പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടുകയുമായിരുന്നു. നിലത്തു വീണയുടൻ വിമാനങ്ങൾക്ക് തീപിടിക്കുകയും വലിയ രീതിയിൽ പൊട്ടിത്തെറിക്കുകയും ചെയ്തു.
BREAKING: Two U.S. Navy jets collided mid-air and exploded during the Gunfighter Skies Air Show at Mountain Home Air Force Base. pic.twitter.com/R66ADWM2TY
— Breaking911 (@Breaking911) May 17, 2026
അപകടത്തെ തുടർന്ന് മിലിട്ടറി ബേസ് ഉടൻ തന്നെ അടച്ചുപൂട്ടുകയും എയർ ഷോയുടെ ബാക്കി പ്രകടനങ്ങൾ റദ്ദാക്കുകയും ചെയ്തു. സാധാരണയായി വായുവിൽ വിമാനങ്ങൾ കൂട്ടിയിടിച്ചാൽ പൈലറ്റുമാർക്ക് രക്ഷപ്പെടാൻ സമയം ലഭിക്കാറില്ലെന്നും, എന്നാൽ ഇവിടെ വിമാനങ്ങൾ കൂട്ടിയിടിച്ച ശേഷം വായുവിൽ കോർത്തു കിടന്നതിനാലാണ് ഇവർക്ക് പുറത്തേക്ക് രക്ഷപെടാൻ ആവശ്യമായ സമയം ലഭിച്ചതെന്നും വ്യോമയാന സുരക്ഷാ വിദഗ്ധർ വിലയിരുത്തുന്നു. സാങ്കേതിക തകരാറല്ല, മറിച്ച് വിമാനങ്ങൾ തമ്മിലുള്ള അകലം പാലിക്കുന്നതിൽ വന്ന പൈലറ്റിന്റെ പിഴവാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെക്കുറിച്ച് യുഎസ് നാവികസേന അന്വേഷണം ആരംഭിച്ചു.











