മധ്യപ്രദേശ് ഹൈക്കോടതി ധാറിലെ ഭോജ്ശാലയെ സരസ്വതി ക്ഷേത്രമായി അംഗീകരിച്ച വിധി ഒരു സാധാരണ കോടതി ഉത്തരവ് മാത്രമല്ല. അത് സ്വതന്ത്ര ഭാരതത്തില്‍ ഹിന്ദുക്കള്‍ക്കെതിരെ പതിറ്റാണ്ടുകളായി അടിച്ചേല്‍പ്പിക്കപ്പെട്ട ബൗദ്ധിക സത്യസന്ധതയില്ലായ്‌മയേയും, വര്‍ഗീയ പ്രീണനത്തെയും സംസ്‌കാര നിഷേധത്തെയും തുറന്നുകാട്ടുന്നതാണ്.
വര്‍ഷങ്ങളോളം ഭാരതത്തിലെ കപട മതേതര വ്യവസ്ഥിതി ഹിന്ദുക്കളോട് സാമുദായിക സൗഹാര്‍ദ്ദത്തിന്റെ പേരില്‍ ചരിത്രം മറക്കാന്‍ ആവശ്യപ്പെട്ടു. മധ്യകാല ഇസ്ലാമിക അധിനിവേശങ്ങളിലൂടെ നടന്ന ക്ഷേത്രനശീകരണത്തെയും സാംസ്‌കാരിക അപമാനങ്ങളെയും മതപരമായ ആക്രമണങ്ങളെയും കുറിച്ച് ഹിന്ദുക്കള്‍ മിണ്ടാതിരിക്കണമെന്ന് പറഞ്ഞു. ഈ വിഷയങ്ങള്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നവരെ വര്‍ഗീയവാദിയെന്നും ഭൂരിപക്ഷവാദിയെന്നും മുദ്രകുത്തുകയായിരുന്നു.
ഹിന്ദുക്കള്‍ എല്ലായിപ്പോഴും ഉറച്ചുവിശ്വസിച്ചിരുന്നതിനെ ഭോജ്ശാല വിധി അംഗീകരിക്കുന്നു. പതിനൊന്നാം നൂറ്റാണ്ടില്‍ ഭോജരാജാവിന്റെ കാലത്താണ് അനുഗ്രഹീത ശില്‍പ്പികള്‍ സരസ്വതീ ദേവീ ക്ഷേത്രവും വിദ്യാകേന്ദ്രവും നിര്‍മിച്ചത്. കടന്നാക്രമണകാരികള്‍ എത്തുന്നതിന് വളരെ മുന്‍പുതന്നെ ധാര്‍ സംസ്‌കൃത പാണ്ഡിത്യത്തിന്റെയും ഹിന്ദു സംസ്‌കാരത്തിന്റെയും സമൃദ്ധമായ കേന്ദ്രമായിരുന്നു.
പിന്നീട് രക്തച്ചൊരിച്ചിലും നാശനഷ്ടങ്ങളും മതാധിപത്യവും വഴി ഭാരതത്തിന്റെ സാംസ്‌കാരിക ഭൂപടം മാറ്റിമറിച്ച അധിനിവേശങ്ങള്‍ വന്നു. മധ്യകാല ഇസ്ലാമിക അധിനിവേശങ്ങള്‍ സൈനിക നീക്കങ്ങള്‍ മാത്രമായിരുന്നില്ല. അവ സംസ്‌കാരത്തിനെതിരായ ആക്രമണങ്ങളുമായിരുന്നു. ക്ഷേത്രങ്ങള്‍ യാദൃച്ഛികമായി ആക്രമിക്കപ്പെട്ടതല്ല. ഹിന്ദുസമൂഹത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ ആത്മവിശ്വാസത്തിന്റെ പ്രതീകങ്ങളായതിനാലാണ് അവ തകര്‍ക്കപ്പെട്ടത്.
മുഹമ്മദ് ഗസ്‌നി അഭിമാനത്തോടെയാണ് സോമനാഥ് ക്ഷേത്രം കൊള്ളയടിക്കുകയും കളങ്കപ്പെടുത്തുകയും ചെയ്തത്. ഔറംഗസേബ് കാശി വിശ്വനാഥ ക്ഷേത്രവും കൃഷ്ണ ജന്മഭൂമിയും നശിപ്പിക്കാന്‍ ഉത്തരവിട്ടു. ഉത്തരഭാരതത്തിലുടനീളംഅനവധി ക്ഷേത്രങ്ങള്‍ അധിനിവേശ ശക്തികള്‍ തകര്‍ക്കുകയോ അവയുടെ മുകളില്‍ പുതിയ നിര്‍മാണങ്ങള്‍ നടത്തുകയോ ചെയ്തു. ആധുനിക ഭാരതത്തിലെ മതനിരപേക്ഷത പതിറ്റാണ്ടുകളോളം ഈ തിന്മകളെ ന്യായീകരിക്കാന്‍ ശ്രമിച്ചു. ഭോജ്ശാലയും ഇതിനിരയായി.
ഈ സരസ്വതി ക്ഷേത്രത്തിന്റെ ഘടന ക്രമേണ തകര്‍ക്കപ്പെടുകയും കമാല്‍ മൗലാ മസ്ജിദ് സമുച്ചയമായി മാറ്റപ്പെടുകയും ചെയ്തു. ഇന്നും അവിടെയുള്ള തൂണുകളും ശില്‍പ്പങ്ങളും സംസ്‌കൃത ശാസനങ്ങളും കപട മതേതര വാദികള്‍ മൂടിവച്ച സത്യത്തെ ഉച്ചത്തില്‍ വിളിച്ചുപറയുന്നു. ഈ ക്ഷേത്രത്തിന്റെ വാസ്തുവിദ്യ തന്നെ അധിനിവേശത്തിന്റെ ചരിത്ര യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുന്നു. അന്യാധീനപ്പെട്ട ആരാധനാലയങ്ങള്‍ തങ്ങളുടേതാണെന്ന് സ്വാതന്ത്ര്യത്തിനു ശേഷവും ഹിന്ദുക്കള്‍ക്ക് തെളിയിക്കേണ്ടി വരുന്നത് അത്യന്തം അപമാനകരമാണ്. മതേതരത്വത്തിന്റെ അസംബന്ധമാണിത്.
2003ലെ വ്യവസ്ഥപ്രകാരം ഭോജ്ശാലയില്‍ മുസ്ലിംങ്ങള്‍ക്ക് വെള്ളിയാഴ്ച നമസ്‌കാരം നടത്താനും, ഹിന്ദുക്കള്‍ക്ക് പരിമിതമായ ആരാധനാവകാശം നല്‍കാനും തീരുമാനിച്ചതിനെ സന്തുലിതാവസ്ഥയായി ചിലര്‍ ആഘോഷിച്ചു. ഇത് മതനിരപേക്ഷ നീതിയല്ലായിരുന്നു. വോട്ട്ബാങ്ക് രാഷ്‌ട്രീയത്തിന്റെ ഭീരുത്വമായിരുന്നു. എന്നാല്‍ ഏറ്റവും പുതിയ ഹൈക്കോടതി വിധി ഈ കാപട്യത്തെ തകര്‍ത്തിരിക്കുന്നു.
അതുകൊണ്ടാണ് ഭോജ്ശാല വിധി അയോധ്യയെ ഓര്‍മ്മിപ്പിക്കുന്നത്. രണ്ട് കേസുകളിലും പുരാവസ്തുശാസ്ത്രവും ചരിത്രവും സംസ്‌കാരികമായ തുടര്‍ച്ചയും രാഷ്‌ട്രീയ പ്രചാരണത്തെ തോല്‍പ്പിച്ചു. അയോധ്യാ കേസ് വെറും ഭൂമിയെക്കുറിച്ചുള്ള തര്‍ക്കമല്ലായിരുന്നു. ഭോജ്ശാലയും അതുപോലെതന്നെ. ഈ പോരാട്ടങ്ങള്‍ അധിനിവേശത്തിന്റെ നൂറ്റാണ്ടുകള്‍ക്കും, സ്വാതന്ത്ര്യാനന്തര കാലത്തെ നിഷേധത്തിന്റെ പതിറ്റാണ്ടുകള്‍ക്കും ശേഷം സംസ്‌കാരികമായ ആത്മാഭിമാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ്.
പ്രതീക്ഷിച്ചതുപോലെ മതനിരപേക്ഷ വാദികള്‍ ഭോജ്ശാലാ വിധിയില്‍ അസ്വസ്ഥരാണ്. ഇത്തരം വിധികള്‍ ഹിന്ദുത്വത്തെ ശക്തിപ്പെടുത്തുമെന്ന അവരുടെ ഭയം ശരിയാണ്. കാരണം ഹിന്ദുക്കള്‍ ഇനി ചരിത്രപരമായ കുറ്റബോധത്തില്‍ ജീവിക്കാന്‍ വിസമ്മതിക്കുന്നു. അധിനിവേശ ശക്തികളെ പാഠപുസ്തകങ്ങളിലും രാഷ്‌ട്രീയചര്‍ച്ചകളിലും വെള്ളപൂശുന്നതിനെ എതിര്‍ക്കുന്നു. എന്തുകൊണ്ട് ഹിന്ദുക്കള്‍ മാത്രം സ്വന്തം മുറിവുകള്‍ മറക്കണം? ലോകത്തിലെ മറ്റേതൊരു സംസ്‌കാരത്തോടും അധിനിവേശങ്ങളുടെ ഓര്‍മ്മകള്‍ മായ്ച്ചുകളയാന്‍ ആവശ്യപ്പെടുന്നില്ല. ഹിന്ദുക്കളോട് മാത്രമാണ് അത് ആവശ്യപ്പെടുന്നത്.
ഭോജ്ശാല വിധി ആശയപരമായ വലിയ മാറ്റത്തെ സൂചിപ്പിക്കുന്നു. പതിറ്റാണ്ടുകളായി ഹിന്ദു ജനതയുടെ അവകാശങ്ങളെ അടിച്ചമര്‍ത്തിയ ആഖ്യാനങ്ങള്‍ അന്ധമായി അംഗീകരിക്കാന്‍ നീതിന്യായവ്യവസ്ഥ ഇനി തയ്യാറല്ല. കോടതികള്‍ ഇപ്പോള്‍ രാഷ്‌ട്രീയ സമ്മര്‍ദ്ദത്തിനുപകരം തെളിവുകളും പുരാവസ്തുശാസ്ത്രവും ചരിത്രപരമായ തുടര്‍ച്ചയുമാണ് പരിശോധിക്കുന്നത്. ഈ വിധി കാശി, മഥുര, ഉള്‍പ്പെടെ നൂറുകണക്കിന് ക്ഷേത്രങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് പുതുജീവന്‍ നല്‍കും.
















