World

ഗംഗാ ജലം പങ്കുവെക്കല്‍ കരാര്‍: ഭീഷണിയുമായി ബംഗ്ലാദേശ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ധാക്ക: 1996ല്‍ ഷേയ്ഖ് ഹസീന സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച 30 വര്‍ഷത്തെ ചരിത്രപരമായ ഗംഗാ ജല പങ്കുവെക്കല്‍ കരാര്‍ ഈ വര്‍ഷം ഡിസംബറില്‍ അവസാനിക്കാനിരിക്കെ ഭാരതത്തിനെതിരെ ഭീഷണിയുമായി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) സര്‍ക്കാര്‍. ഭാരതവുമായുള്ള സൗഹൃദത്തിന്റെ ഭാവി ഗംഗാ ജലക്കരാര്‍ പുതുക്കുന്നതിനെ ആശ്രയിച്ചിരിക്കുമെന്നാണ് ബിഎന്‍പി സര്‍ക്കാരിന്റെ ഭീഷണി.

ബംഗ്ലാദേശിന്റെ ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കുന്ന പുതിയ കരാര്‍ അടിയന്തിരമായി ഒപ്പിട്ടില്ലെങ്കില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളാകുമെന്ന പരസ്യമായ മുന്നറിയിപ്പാണ് ബിഎന്‍പി ജനറല്‍ സെക്രട്ടറിയും മന്ത്രിയുമായ മിര്‍സ ഫക്രുല്‍ ഇസ്ലാം ആലംഗീര്‍ നല്‍കിയത്.

പുതിയ കരാര്‍ ഒപ്പിടുന്നത് വരെ നിലവിലെ വ്യവസ്ഥകള്‍ തുടരണമെന്നും ജലം പങ്കുവെക്കലിനായി നിശ്ചിത കാലാവധി നിശ്ചയിക്കാതെയുള്ള ശാശ്വത പരിഹാരം വേണമെന്നുമാണ് ബംഗ്ലാദേശിന്റെ ഏകപക്ഷീയമായ ആവശ്യം.

ഭാരതത്തില്‍ നിന്ന് ഒഴുകിയെത്തി ബംഗ്ലാദേശില്‍ പത്മ എന്നറിയപ്പെടുന്ന ഗംഗാ നദി അവിടുത്തെ 17 കോടി ജനസംഖ്യയിലെ വലിയൊരു പങ്കിന്റെ ഉപജീവനത്തിന് പ്രധാനമാണെന്ന കാര്യം ഉയര്‍ത്തിയാണ് ബിഎന്‍പി സര്‍ക്കാര്‍ രാഷ്‌ട്രീയം കളിക്കുന്നത്. ബംഗാളിലെ ഫറാക്ക ബാരേജ് വഴി ഭാരതം വന്‍തോതില്‍ വെള്ളം തിരിച്ചുവിടുന്നത് കാരണം ബംഗ്ലാദേശില്‍ കടുത്ത ജലക്ഷാമവും കാര്‍ഷിക പ്രതിസന്ധിയും ഉണ്ടാകുന്നുണ്ടെന്നാണ് ധാക്കയുടെ സ്ഥിരം ആക്ഷേപം. എന്നാല്‍ ഭാരതത്തിന്റെ അഭിമാനമായ കൊല്‍ക്കത്ത തുറമുഖത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഹൂഗ്ലി നദിയിലെ ചെളി നീക്കം ചെയ്യാനാണ് ഫറാക്ക ബാരേജ് നിര്‍മിച്ചതെന്നും രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്‌ക്കും സാമ്പത്തിക താത്പര്യങ്ങള്‍ക്കും ഇതാണ് പ്രധാനമെന്നുമുള്ള ശക്തമായ നിലപാടിലാണ് ഭാരതം.

ഇതിനിടെ, ഭാരതത്തോട് ആലോചിക്കുക പോലും ചെയ്യാതെ പത്മ നദിയില്‍ സ്വന്തമായി ഒരു മെഗാ ബാരേജ് നിര്‍മിക്കുന്നതിനുള്ള വന്‍ പദ്ധതിക്ക് ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്‌മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അനുമതി നല്‍കിയിട്ടുണ്ട്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഭാരതവുമായി ചര്‍ച്ച നടത്തേണ്ട ആവശ്യമില്ലെന്നാണ് ബംഗ്ലാദേശ് ജലവിഭവ മന്ത്രി ഷാഹിദുദ്ദീന്‍ ചൗധരി അനി പറഞ്ഞത്.

എന്നാല്‍ ഭാരതത്തിന്റെ പരമാധികാരത്തെയും നദീജല സുരക്ഷയെയും ബാധിക്കുന്ന വിഷയങ്ങളില്‍ യാതൊരുവിധ വിട്ടുവീഴ്ചയ്‌ക്കും തയാറല്ലെന്ന കൃത്യമായ നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.