കോട്ടയം: ഈ വര്‍ഷത്തെ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിനുമേല്‍ (കാലവര്‍ഷം) എല്‍ നിനോയുടെ നിഴല്‍ കൂടുതല്‍ ശക്തിപ്പെടുന്നതായി അന്താരാഷ്‌ട്ര കാലാവസ്ഥാ ഏജന്‍സികളുടെ മുന്നറിയിപ്പ്. മുമ്പ് പ്രതീക്ഷിച്ചതിലും നേരത്തെ എല്‍ നിനോ രൂപപ്പെടാനിടയുണ്ടെന്നാണ് പുതിയ പ്രവചനം. ഇതുണ്ടായാല്‍ ജൂണ്‍ മുതല്‍ സപ്തംബര്‍ വരെ നീളുന്ന മണ്‍സൂണ്‍ സീസണിന്റെ ഭൂരിഭാഗത്തെയും ബാധിക്കുമെന്നാണ് ആശങ്ക.
യുഎസ് കാലാവസ്ഥാ ഏജന്‍സിയായ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്റെ റിപ്പോര്‍ട്ടിലാണ് എല്‍ നിനോ മുന്നറിയിപ്പ്. മെയ് മുതല്‍ ജൂലൈ വരെ എല്‍ നിനോ രൂപപ്പെടാനുള്ള സാധ്യത 82 ശതമാനമായി ഉയര്‍ന്നതായി ഇതില്‍ പറയുന്നു. കഴിഞ്ഞ മാസം ഇത് 61 ശതമാനമായിരുന്നു. ശാന്ത സമുദ്രത്തിലെ ഉപരിതല ജല താപനില വേഗം ഉയരുകയാണ്. മെയ് ആദ്യം സാധാരണയേക്കാള്‍ 0.4 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ്. എല്‍ നിനോ ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ 0.5 ഡിഗ്രി മതി. യൂറോപ്യന്‍ സെന്റര്‍ ഫോര്‍ മീഡിയം റേഞ്ച് വെതര്‍ ഫോര്‍കാസ്റ്റ്‌സി (ഇസിഎംഡബ്ല്യുഎഫ്) ന്റെ മെയ് ആദ്യത്തെ റിപ്പോര്‍ട്ടിലും എല്‍ നിനോ മെയില്‍ രൂപപ്പെടാമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.
ഐഎംഡിയും ശരിവെക്കുന്നു
പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ മുമ്പ് എല്‍ നിനോ രൂപപ്പെട്ടാല്‍ മഴയെ ബാധിക്കാമെന്ന് കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മേധാവി മൃത്യുഞ്ജയ് മഹാപത്ര പറഞ്ഞു. ഏപ്രിലിലെ ആദ്യ ദീര്‍ഘകാല മണ്‍സൂണ്‍ പ്രവചനത്തില്‍, രാജ്യത്ത് ഈ വര്‍ഷം ലഭിക്കാനിടയുള്ള മഴ ദീര്‍ഘകാല ശരാശരിയുടെ 92 ശതമാനം മാത്രമായിരിക്കുമെന്ന് സൂചിപ്പിച്ചിരുന്നു.
എല്‍ നിനോ
മധ്യ കിഴക്കന്‍ പസഫിക് സമുദ്രത്തിലെ ഉപരിതല ജലത്തിന്റെ താപനിലയിലുണ്ടാകുന്ന അസാധാരണമായ ഉയര്‍ച്ചയാണ് എല്‍ നിനോ പ്രതിഭാസം. ഇതു രൂപപ്പെടുന്നതോടെ കാറ്റിന്റെ സഞ്ചാര രീതികളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കാലാവസ്ഥയെ ബാധിക്കുകയും ചെയ്യുന്നു. എല്‍ നിനോ, ഭാരതത്തില്‍ കാലവര്‍ഷ മഴ കുറയുന്നതിനും വരള്‍ച്ചക്കും കാരണമാകുന്ന ഘടകമാണ്.















