
ചേര്‍ത്തല: എസ്എന്‍ഡിപി യോഗത്തിനും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എതിരെ നടക്കുന്ന വ്യക്തിഹത്യാ ശ്രമങ്ങളെയും പ്രകോപനപരമായ അധിക്ഷേപങ്ങളും അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എസ്എന്‍ഡിപി യോഗം കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഇടുക്കിയിലും തൊടുപുഴയിലും വര്‍ഗീയശക്തികള്‍ ഇറക്കിവിടുന്ന വിദ്വേഷ പ്രചരണങ്ങളെയും ഭീഷണികളെയും യോഗം അപലപിച്ചു. മതവെറിയും കൊലവിളി രാഷ്‌ട്രീയവും കൊണ്ട് സമൂഹത്തെ ഭീതിയിലാക്കാമെന്ന ധാരണയുടെ കാലം കഴിഞ്ഞു. യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്റെ കോലം കത്തിക്കുന്നതും വ്യക്തിപരമായ അധിക്ഷേപിക്കുന്നതും സമുദായത്തോടുള്ള അവഹേളനമാണെന്നും കൗണ്‍സില്‍ വിലയിരുത്തി. ഇത്തരം നീക്കങ്ങള്‍ക്കും ഭരണകൂടം മൗനാനുവാദം നല്‍കിയാല്‍ സാമൂഹിക രാഷ്‌ട്രീയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും.
ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹിക നീതി, സമത്വം, സാമൂഹിക ഐക്യം എന്നീ മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എസ്.എന്‍.ഡി.പി. യോഗം കൗണ്‍സില്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.