Hockey

ശ്രീജേഷിനെ മാറ്റി; ജൂനിയര്‍ ഹോക്കി ടീമിന് സോയെസ് പരിശീലകന്‍

rep

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ഭാരത ജൂനിയര്‍ പുരുഷ ഹോക്കി ടീം പരിശീലക സ്ഥാനത്ത് നിന്ന് പി.ആര്‍. ശ്രീജേഷിനെ മാറ്റി. പകരം ഫ്രാന്‍സില്‍ നിന്നുള്ള വിഖ്യാത പരിശീലകന്‍ ഫ്രെഡറിക് സോയസ് ആയിരിക്കും പുതിയ പരിശീലകനെന്ന് ഹോക്കി ഇന്ത്യ അറിയിച്ചു.

രണ്ട് തവണ ഒളിംപിക്‌സ് മെഡല്‍ നേടിയ ശ്രീജേഷ് കരിയറില്‍ നിന്നും വിരമിച്ചതിന് പിന്നാലെയാണ് പരിശീലക രംഗത്തേക്ക് തിരിഞ്ഞത്. 17 മാസം ജൂനിയര്‍ ടീം പരിശീലകനായിരുന്ന ശേഷമാണ് ശ്രീജേഷിന്റെ പടിയിറക്കം. ഇതിഹാസ താരം കോച്ചായുള്ള കരാര്‍ അവസാനിക്കുന്ന മുറയ്‌ക്കാണ് പുതിയ ആളെ കണ്ടെത്തിയത്. ശ്രീജേഷ് കോച്ചായിരുന്ന ഈ കാലയളവില്‍ ഭാരത ജൂനിയര്‍ ടീം എഫ്‌ഐഎച്ച് ജൂനിയര്‍ ലോകകപ്പില്‍ മൂന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്തതാണ് പ്രധാന നേട്ടം.

ദീര്‍ഘ കാലത്തേക്ക് ഭാരത ഹോക്കി ടീമിനെ ഫലപ്രദമായി ഒരുക്കിയെടുക്കലാണ് ലക്ഷ്യമിടുന്നതെന്ന് പുതിയ കോച്ചിനെ തെരഞ്ഞെടുത്തുകൊണ്ടുള്ള അറിയിപ്പില്‍ അധികൃതര്‍ വ്യക്തമാക്കുന്നു. പ്രധാനമായും 2036 ഒളിംപിക്‌സ് ആതിഥേയത്വത്തിനായി ശ്രമിക്കുന്ന ഭാരതത്തിന് ഹോക്കിയില്‍ കരുത്തന്‍ നിരയെ വാര്‍ത്തെടുക്കേണ്ടി വരും അതിന്റെ ഭാഗമായാണ് വിദേശ കൊച്ചിനെ കൊണ്ടുവന്നത്. 15 വര്‍ഷത്തോളം ഫ്രാന്‍സ് ദേശീയ ടീമില്‍ കളിച്ചിട്ടുള്ള ആളാണ് ഫ്രെഡറിക് സോയെസ്. ഇത്രയും കാലത്തെ കോച്ചിങ് പരിചയവും കൈമുതലായുണ്ട്. 2016, 2020 ഒളിംപിക്‌സുകളില്‍ സ്‌പെയിന്റെ കോച്ചായിരുന്നു. പിന്നീട് 2024 പാരീസ് ഒളിംപിക്‌സില്‍ ഫ്രാന്‍സിനെ പരിശീലിപ്പിച്ചു.

ഹോക്കി ഇന്ത്യയുടെ തീരുമാനത്തിനെതിരെ ശ്രീജേഷ് രംഗത്തെത്തി. ഹോക്കിയില്‍ വരും തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിരമിക്കലിന് പിന്നാലെ ജൂനിയര്‍ ടീം പരിശീലക സ്ഥാനം ചോദിച്ചു വാങ്ങിയത്. ഹോക്കി മാത്രമല്ല, ക്രിക്കറ്റോ ഫുട്‌ബോളോ മറ്റ് ഏത് ഇനമായാലും നമ്മുടെ ഫെഡറേഷനുകളുടെ തലപ്പത്തുള്ളവര്‍ക്ക് നാട്ടിലെ ഇതിഹാസങ്ങളെക്കാള്‍ വിശ്വാസം വിദേശ പരിശീലകരെ മാത്രമായിരിക്കും എന്ന് ശ്രീ വിമര്‍ശിച്ചു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍