കൊച്ചി:സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം.മരങ്ങള്‍ കടപുഴകി വീണു.വൈദ്യുതി പോസ്റ്റുകള്‍ നിലംപതിച്ചു. റോഡ് ഗതാഗതവും വൈദ്യുതി വിതരണവും താറുമാറായി.എറണാകുളം, കോട്ടയം ജില്ലകളിലാണ് കാറ്റും മഴയും കനത്ത നാശം വിതച്ചത്.
കോട്ടയം ഉഴവൂര്‍ ആല്‍പ്പാറയില്‍ വഴിയോരത്ത് നിന്നിരുന്ന മരം വീണ് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. വൈദ്യുതി ലൈനിലേക്ക് വീണ ലൈനുകളിലൊന്ന് റോഡിലൂടെ പോകുകയായിരുന്ന ഓട്ടോറിക്ഷയ്‌ക്ക് മുകളിലേക്കാണ് പതിച്ചത്. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ ബാബുവിനും യാത്രക്കാരനായ ജോയിക്കും പരിക്കേറ്റു.ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരങ്ങളും പോസ്റ്റുകളും റോഡില്‍ പതിച്ചതോടെ പൂവത്തിങ്കല്‍, ഉഴവൂര്‍, മോനിപ്പള്ളി ഭാഗങ്ങളിലേക്കുള്ള ഗതാഗതം തടസപ്പെട്ടു.മൂവാറ്റുപുഴയില്‍ കൊച്ചി-ധനുഷ്‌കോടി പാതയോരത്തുള്ള കാര്‍ ഷോറൂമിന് ശക്തമായ കാറ്റില്‍ വലിയ നാശനഷ്ടമുണ്ടായി. കോതമംഗലം കുട്ടമ്പുഴ മേഖലയിലും കാറ്റില്‍ വന്‍ നാശനഷ്ടം ഉണ്ടായി.
















