ഭജനകള്‍ തരംഗം സൃഷ്ടിക്കുന്ന ഈ കാലത്ത് വിസ്മയം സൃഷ്ടിക്കുകയാണ് ഒരു ഭജന പുസ്തകം. ശ്രീ വെങ്കിടാചലപതിയോടുള്ള ഭക്തി ഒരു രാഗതീര്‍ഥമായി ഒഴുകിപ്പടര്‍ന്ന ‘ശ്രീ വെങ്കടേശ സേവാ പദ്ധതി സ്തോത്ര ഭജന രത്നമാല’ എന്ന പുസ്തകം ആറര പതിറ്റാണ്ട് പിന്നിട്ട് ഒന്‍പതാം പതിപ്പിലേക്കെത്തിയിരിക്കുകയാണ്. ഗൗഡ സാരസ്വത സമുദായാംഗങ്ങളുടെ വീടുകളെ ഭക്തിസാന്ദ്രമാക്കുന്ന ഈ ഭജനാവലിയുടെ രചയിതാവ് എറണാകുളം ടിഡി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വി. വിശ്വനാഥ പ്രഭുവാണ്. ഈ ഭജനമാല തലമുറകളെ ഭക്തിയുടെ ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുപോകുന്ന കാഴ്ചയുടെ നിര്‍വൃതിയിലാണ് 87 കാരനായ വിശ്വനാഥ പ്രഭു.
കൊച്ചിയുടെ ചരിത്രത്തിനൊപ്പം ഇഴചേര്‍ന്നു കിടക്കുന്നതാണ് ഗൗഡ സാരസ്വത ബ്രാഹ്‌മണരുടെയും ചരിത്രം. അതില്‍ തന്നെ തിരുമല ദേവസ്വം ക്ഷേത്രമെന്ന ടിഡി ക്ഷേത്രത്തിന് ഏറെ പ്രാധാന്യമുണ്ട്. എറണാകുളം ബ്രോഡ്‌വേയില്‍ വ്യാപാരം നടത്തിയിരുന്ന വെങ്കിടേശ പ്രഭു സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ക്ഷേത്രകാര്യങ്ങളിലും സജീവമായിരുന്നു. ഇദ്ദേഹത്തിന്റെ മകനായ വിശ്വനാഥ പ്രഭു പഠനകാലത്ത് തന്നെ തിരുപ്പതി വെങ്കിടാചലപതിയുടെ വലിയ ഭക്തനായി മാറി. ടിഡി ക്ഷേത്രത്തിലെ ഭക്തിമയമായ അന്തരീക്ഷമാണ് അദ്ദേഹത്തെ സ്വാധീനിച്ചത്. പഠനത്തിനൊപ്പം ക്ഷേത്രത്തിലെ ഭജനകളിലും സേവന പ്രവര്‍ത്തനങ്ങളിലുമെല്ലാം അദ്ദേഹം സജീവമായി. 1950 ല്‍ ശ്രീഹരിദാസ ഭജന മണ്ഡലി സ്ഥാപിച്ചപ്പോള്‍ അതിലെ സ്ഥാപക അംഗവുമായി വിശ്വനാഥ പ്രഭു.
ടിഡി ക്ഷേത്രത്തില്‍ ചൊല്ലിയിരുന്ന സ്ത്രോത്രങ്ങളും ഭജനകളുമെല്ലാം അതീവ താത്പ്പര്യത്തോടെ എഴുതിയെടുത്ത് സൂക്ഷിക്കുന്ന സ്വഭാവം കുട്ടിയായ വിശ്വനാഥ പ്രഭുവിനുണ്ടായിരുന്നു. അച്ഛന്റെ സുഹൃത്തും ഹരിദാസ ഭജന മണ്ഡലി ഉപദേഷ്ടാവുമായിരുന്ന ഹോസ്ദുര്‍ഗ് ദേവരേശ ഭണ്ഡാരി പാടിയിരുന്ന മറാഠി ഭജനകളും വിശ്വനാഥ പ്രഭു എഴുതി സൂക്ഷിച്ചു. ഇവയെല്ലാം പുസ്തക രൂപത്തില്‍ ഇറക്കിയാല്‍ നന്നാവുമെന്ന് പറഞ്ഞ് പ്രോല്‍സാഹിപ്പിച്ചത് ഭജനമണ്ഡലിയുടെ സെക്രട്ടറിയായ ബാലാജി രാമ ഷേണായിയാണ്. അങ്ങനെ 1962 ല്‍ ഭജനമാലയുടെ ഒന്നാം പതിപ്പ് പുറത്തിറങ്ങി. മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ള ഭജന സംഘങ്ങളും ക്ഷണം സ്വീകരിച്ച് ടിഡി ക്ഷേത്രത്തിലെത്തി ഭജനകള്‍ അവതരിപ്പിക്കുമായിരുന്നു. അവര്‍ പാടിയിരുന്ന മറാഠി, ഹിന്ദി, കന്നട ഭക്തി ഗാനങ്ങളും അദ്ദേഹം ഭജന മാലികയില്‍ ഉള്‍പ്പെടുത്തി. ഭക്തി ഗാനങ്ങളും അഭംഗങ്ങളും കൂടാതെ സഹസ്രനാമങ്ങള്‍, അഷ്ടകങ്ങള്‍, നാമാവലികള്‍, സ്തുതികള്‍ മുതലായവയും ചേര്‍ത്തുകൊണ്ടായിരുന്നു പുസ്തകം പ്രസിദ്ധീകരിച്ചത്.
ആലുംകടവിലെ കച്ചവടം
ഇതിനിടെ 1957ല്‍ അച്ഛന്‍ മരിച്ചതോടെ ബ്രോഡ്‌വേയിലെ കട വിശ്വനാഥ പ്രഭുവും സഹോദരന്‍മാരും ചേര്‍ന്ന് ഏറ്റെടുത്തു. അവിടെ കാല്‍ നൂറ്റാണ്ടു മുന്‍പ് വലിയ ആല്‍മരം നിലകൊണ്ടിരുന്ന ഒരു കടവുണ്ടായിരുന്നു. ആലപ്പുഴ മുതല്‍ കൊടുങ്ങല്ലൂര്‍ വരെയുള്ള ദേശങ്ങളില്‍ നിന്ന് വഞ്ചിയിലും ബോട്ടുകളിലുമെല്ലാം ആളുകളെത്തുന്ന വ്യാപാര കേന്ദ്രമായി ഇവിടം മാറി. ആലുംകടവ് എന്ന പേരില്‍ ഈ വ്യാപാര കേന്ദ്രം പ്രശസ്തമായി. എല്ലാ സാധനങ്ങളും കിട്ടുന്ന ഒരു സൂപ്പര്‍മാര്‍ക്കറ്റായി വെങ്കിടേശ പ്രഭുവിന്റെയും മക്കളുടെയും കട. സൈക്കിളുകള്‍ മുതല്‍ റാന്തല്‍ വിളക്ക് വരെ, പാത്രങ്ങള്‍ മുതല്‍ മൗത്ത് ഓര്‍ഗണുകള്‍ വരെ വിദേശ ഉല്‍പ്പന്നങ്ങളും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉത്പ്പന്നങ്ങളുമെല്ലാം ഇവിടെ ലഭിച്ചു. ടിഡി ക്ഷേത്രത്തില്‍ നിന്നും വാടകയ്‌ക്കെടുത്ത കെട്ടിടത്തില്‍ 2006 വരെ, 105 വര്‍ഷം ഈ സ്ഥാപനം പ്രവര്‍ത്തിച്ചു.
സംഘപ്രസ്ഥാനങ്ങളുമായും വിശ്വനാഥപ്രഭുവിന് ഏറെ അടുപ്പമുണ്ടായിരുന്നു. പി. പരമേശ്വരന്‍, ധനഞ്ജയ ഷേണായി, കെ. ഭാസ്‌കര്‍ റാവു, കെ.ജി. മാരാര്‍ തുടങ്ങിയവരെല്ലാം കടയില്‍ വന്നിരുന്നത് അദ്ദേഹം ഓര്‍ത്തെടുക്കുന്നു. 50 വര്‍ഷമായി ജന്മഭൂമി വരിക്കാരനാണ്. കച്ചവടത്തില്‍ സജീവമായെങ്കിലും വെങ്കിടാചലപതിയോടുള്ള ഭക്തി കൂടുതല്‍ മുറുകെപ്പിടിച്ചായിരുന്നു വിശ്വനാഥ പ്രഭുവിന്റെ ജീവിതം. ഒരു വ്യാപാരിയെന്ന നിലയിലല്ല, ഭജനക്കാരന്‍ എന്ന് അറിയപ്പെടാനാണ് അദ്ദേഹം ആഗ്രഹിച്ചതും. ‘ശ്രീ വെങ്കടേശ സേവാ പദ്ധതി സ്തോത്ര ഭജന രത്നമാല’യുടെ ഓരോ പതിപ്പിലും കൂടുതല്‍ ഭജനകളും സ്ത്രോത്രങ്ങളുമെല്ലാമുള്‍പ്പെടുത്തി അദ്ദേഹം പരിഷ്‌കരിച്ചുപോന്നു. വെങ്കിടാചലപതിയുടെ ഭക്തര്‍ ഈ ഭജനമാലികയെ ഭക്തി പുരസരം ഏറ്റെടുത്തു. കേരളത്തിലെ 32 തിരുമല ക്ഷേത്രങ്ങളിലെ ഭജനമണ്ഡലികള്‍ ഈ ഗീതങ്ങള്‍ പാടുന്നു. മുംബൈ, ബെംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, ദല്‍ഹി എന്നിവിടങ്ങളിലും ഭാരതത്തിന് പുറത്ത് ദുബായ്, അമേരിക്ക, യുകെ, സ്വിറ്റ്‌സര്‍ലന്‍ഡ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും ഗൗഡ സാരസ്വത സമൂഹത്തിനിടയില്‍ പ്രചുരപ്രചാരം നേടാന്‍ പുസ്തകത്തിന് സാധിച്ചു.
ഗുരുക്കന്മാരുടെ അനുഗ്രഹം
1975ല്‍ പുസ്തകത്തിന്റെ കോപ്പികള്‍ ശ്രീമദ് സുധീന്ദ്ര തീര്‍ത്ഥ സ്വാമികളുടെ കൈവശമെത്തിക്കാന്‍ വിശ്വനാഥ പ്രഭുവിന് ഭാഗ്യമുണ്ടായി. ഭജന പാടുന്നത് മാത്രമല്ല ഇപ്രകാരം പുസ്തക രൂപത്തില്‍ അച്ചടിക്കുന്നതും ഒരു പുണ്യകര്‍മ്മമാണെന്ന് അദ്ദേഹം അനുഗ്രഹിച്ചു. ഹരിദാസ ഭജന മണ്ഡലിയുടെ 75 -ാം വാര്‍ഷികം കഴിഞ്ഞവര്‍ഷം ആഘോഷിച്ചതോടനുബന്ധിച്ച് പ്രശസ്തിപത്രവും സമ്മാനങ്ങളും ധര്‍മഗുരു സംയമീന്ദ്ര സ്വാമികളില്‍ നിന്ന് ഏറ്റുവാങ്ങാനും വിശ്വനാഥ പ്രഭുവിന് ഭാഗ്യമുണ്ടായി. പ്രശസ്ത മറാഠ ഭജന-അഭംഗ പണ്ഡിതനായ അജിത് കുമാര്‍ കഡ്കഡെയും വിശ്വനാഥ പ്രഭുവിന്റെ ഉദ്യമത്തെ ഹൃദയപൂര്‍വം അഭിനന്ദിച്ചിരുന്നു. ഇനിയുള്ള കാലവും ഭജനയിലലിഞ്ഞ് ജീവിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.











