Main Article

സോമനാഥും ഭാരത ചൈതന്യവും!

Published by
പ്രധാനമന്ത്രി നരേന്ദ്ര മോദി

സോമനാഥ് ക്ഷേത്രത്തിന് നേരെയുണ്ടായ ആദ്യ ആക്രമണത്തിന്റെ ആയിരം വര്‍ഷങ്ങള്‍ അനുസ്മരിക്കുന്ന ‘സോമനാഥ് സ്വാഭിമാന്‍ പര്‍വ്വി’ല്‍ പങ്കെടുക്കാന്‍ ഈ വര്‍ഷം ആദ്യം ഞാന്‍ സോമനാഥിലെത്തിയിരുന്നു. പുനരുദ്ധാരണം പൂര്‍ത്തീകരിച്ച് ക്ഷേത്രം, മുന്‍ രാഷ്‌ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച്, മെയ് 11-ന് ഞാന്‍ വീണ്ടും അവിടെയെത്തും. സോമനാഥിനെക്കുറിച്ചും തകര്‍ച്ചയില്‍നിന്നുള്ള അതിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പുമായി ബന്ധപ്പെട്ട് ‘വിധ്വംസത്തില്‍ നിന്ന് പുനര്‍ജനിയിലേക്ക്’ എന്ന് നാം വിശേഷിപ്പിക്കുന്ന പ്രയാണം സംബന്ധിച്ചും രണ്ട് സുപ്രധാന നാഴികക്കല്ലുകള്‍ക്ക് ആറുമാസത്തിനിടെ സാക്ഷ്യം വഹിക്കാന്‍ സാധിക്കുന്നത് വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു.

സോമനാഥ് നമുക്കൊരു നാഗരിക സന്ദേശമാണ് നല്‍കുന്നത്. സോമനാഥിന് മുന്നിലെ വിശാലമായ കടല്‍ നിത്യതയെ അനുസ്മരിപ്പിക്കുന്നു. കൊടുങ്കാറ്റുകള്‍ എത്ര കഠിനമായാലും കടല്‍ എത്ര പ്രക്ഷുബ്ധമായാലും അന്തസ്സോടെയും കരുത്തോടെയും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ സാധിക്കുമെന്ന് ആ തിരമാലകള്‍ പറയുന്നു. ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെ അധികകാലം അടിച്ചമര്‍ത്താനാവില്ലെന്ന് ഓരോ തലമുറയെയും ഓര്‍മിപ്പിച്ചുകൊണ്ടാണ് തിരകള്‍ തീരം തൊടുന്നത്.

‘പ്രഭാസം ച പരിക്രമ്യ പൃഥിവീക്രമസംഭവം’ എന്നാണ് പുരാതന ഗ്രന്ഥങ്ങള്‍ പറയുന്നത്. അതായത്, സോമനാഥ് എന്ന പവിത്ര പ്രഭാസത്തിന് ചുറ്റും പ്രദക്ഷിണം ചെയ്യുന്നത് ഭൂമിയെത്തന്നെ പ്രദക്ഷിണം ചെയ്യുന്നതിന് തുല്യമാണ്! പ്രാര്‍ത്ഥനയ്‌ക്കായി ഇവിടെയെത്തിയവര്‍, ഒരിക്കലും അണയാത്ത നാഗരികതയുടെ ശ്രദ്ധേയമായ തുടര്‍ച്ചയാണ് അനുഭവിച്ചറിഞ്ഞത്. സാമ്രാജ്യങ്ങള്‍ ഉദിച്ചുയരുകയും തകരുകയും ചെയ്തു; വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും മാറിമാറി വന്നു; അധിനിവേശങ്ങളിലൂടെയും അട്ടിമറികളിലൂടെയും ചരിത്രം കടന്നുപോയി; എന്നിട്ടും സോമനാഥ് നമ്മുടെ ബോധമണ്ഡലത്തില്‍ എക്കാലവും നിലകൊള്ളുന്നു.

സ്വേച്ഛാധിപത്യത്തിന് മുന്നില്‍ പതറാതെ നിന്ന എണ്ണമറ്റ മഹാരഥന്മാരെ സ്മരിക്കേണ്ട സമയമാണിത്. പ്രഭാസത്തെ വലിയൊരു ദര്‍ശന കേന്ദ്രമാക്കി മാറ്റിയത് ലകുലീശനും
സോമശര്‍മനുമാണ്. വല്ലഭിയിലെ ചക്രവര്‍ത്തി മഹാരാജ ധരസേനന്‍ നാലാമനാണ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അവിടെ രണ്ടാമത്തെ ക്ഷേത്രം പണിതത്. അധിനിവേശങ്ങള്‍ക്കെതിരെ നാഗരികതയുടെ ആത്മാഭിമാനം സംരക്ഷിച്ചതിന് ഭീമദേവനും ജയപാലനും ആനന്ദപാലനും എന്നും സ്മരിക്കപ്പെടും. ഭോജരാജനും സോമനാഥിന്റെ പുനര്‍നിര്‍മാണത്തിന് സഹായിച്ചതായി പറയപ്പെടുന്നു. ഗുജറാത്തിന്റെ രാഷ്‌ട്രീയ സാംസ്‌കാരിക കരുത്ത് വീണ്ടെടുക്കുന്നതില്‍ കര്‍ണദേവനും സിദ്ധരാജ ജയസിംഹനും സുപ്രധാന പങ്കുവഹിച്ചു. ഭാവ ബൃഹസ്പതിയും കുമാരപാല സോളങ്കിയും പാശുപത ആചാര്യന്മാരും ഈ പുണ്യക്ഷേത്രത്തെ ആരാധനയുടെയും വിദ്യയുടെയും വലിയ കേന്ദ്രമായി പുനര്‍നിര്‍മിക്കുകയും നിലനിര്‍ത്തുകയും ചെയ്തു. വിശാലദേവ വഘേലയും ത്രിപുരാന്തകനും ബൗദ്ധിക ആത്മീയ പാരമ്പര്യങ്ങളെ സംരക്ഷിച്ചു. തകര്‍ച്ചയ്‌ക്ക് ശേഷം ആരാധന പുനരാരംഭിക്കുന്നതില്‍ മഹിപാലദേവനും രാ ഖംഗാറും നിര്‍ണായക പങ്കുവഹിച്ചു. മുന്നൂറാം ജന്മശതാബ്ദി ആഘോഷിക്കുന്ന പുണ്യശ്ലോക അഹല്യാബായ് ഹോള്‍ക്കര്‍ അതീവദുഷ്‌കര സമയത്തും ഭക്തിയുടെ തുടര്‍ച്ച ഉറപ്പാക്കി. തീര്‍ത്ഥാടകരുടെ അവകാശങ്ങള്‍ സംരക്ഷിച്ച ബറോഡയിലെ ഗെയ്‌ക്വാദുകളുണ്ട്. വീര ഹമീര്‍ജി ഗോഹിലിനെയും വീര വേഗ്ദാജി ഭീലിനെയും പോലുള്ള ധീര വ്യക്തിത്വങ്ങളെ വളര്‍ത്തിയെടുത്തതാണ് ഈ മണ്ണ് അനുഗ്രഹീതമാകാന്‍ കാരണം. അവരുടെ ത്യാഗവും ധീരതയും സോമനാഥിന്റെ സജീവ സ്മരണയുടെ ഭാഗമാണ്.

1940-കളില്‍ സ്വാതന്ത്ര്യത്തിന്റെ ആവേശം രാജ്യത്തുടനീളം അലയടിക്കുകയും സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിനെപ്പോലുള്ള മഹാരഥന്മാരുടെ നേതൃത്വത്തില്‍ പുതിയൊരു റിപ്പബ്ലിക്കിന് അടിത്തറ പാകുകയും ചെയ്ത സമയത്ത് അദ്ദേഹത്തെ ആഴത്തില്‍ വേദനിപ്പിച്ചുകൊണ്ടിരുന്ന കാര്യം സോമനാഥിന്റെ അവസ്ഥയായിരുന്നു. 1947 നവംബര്‍ 13-ന് ദീപാവലി സമയത്ത്, തകര്‍ന്നടിഞ്ഞ ക്ഷേത്രാവശിഷ്ടങ്ങള്‍ക്ക് സമീപം സമുദ്രജലം കൈകളിലേന്തി അദ്ദേഹം പറഞ്ഞു: ‘ഗുജറാത്തി പുതുവര്‍ഷത്തിന്റെ ഈ ശുഭദിനത്തില്‍ സോമനാഥ് പുനര്‍നിര്‍മിക്കാന്‍ നാം തീരുമാനിച്ചിരിക്കുന്നു. സൗരാഷ്‌ട്രയിലെ ജനങ്ങളായ നിങ്ങള്‍ ഇതിനായി ആവുന്നതെല്ലാം ചെയ്യണം. എല്ലാവരും പങ്കുചേരേണ്ട വിശുദ്ധ ദൗത്യമാണിത്.’ സര്‍ദാര്‍ പട്ടേലിന്റെ ആഹ്വാനത്തോട് ഗുജറാത്ത് മാത്രമല്ല, രാജ്യമൊന്നടങ്കം ആവേശത്തോടെയാണ് പ്രതികരിച്ചത്.

താന്‍ ഇത്രയേറെ ആഗ്രഹിച്ച സ്വപ്‌നസാക്ഷാത്കാരത്തിന് സാക്ഷ്യം വഹിക്കാന്‍ നിര്‍ഭാഗ്യവശാല്‍ വിധി അദ്ദേഹത്തെ അനുവദിച്ചില്ല. പുനരുദ്ധരിച്ച ക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുക്കുന്നതിന് മുന്‍പ് അദ്ദേഹം ലോകത്തോട് വിട പറഞ്ഞു. എങ്കിലും പ്രഭാസ പട്ടണത്തിന്റെ പുണ്യതീരങ്ങളില്‍ അദ്ദേഹത്തിന്റെ സ്വാധീനം എക്കാലവും നിലകൊണ്ടു. കെ.എം. മുന്‍ഷി ആ കാഴ്ചപ്പാടിനെ മുന്നോട്ട് നയിക്കുകയും നവനഗറിലെ ജാംസാഹേബ് അതിന് ശക്തമായ പിന്തുണ നല്‍കുകയും ചെയ്തു. 1951-ല്‍ ക്ഷേത്രനിര്‍മാണം പൂര്‍ത്തിയായപ്പോള്‍ അന്നത്തെ രാഷ്‌ട്രപതി ഡോ. രാജേന്ദ്ര പ്രസാദിനെ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ തീരുമാനിച്ചു. അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവര്‍ലാല്‍ നെഹ്‌റുവിന്റെ ശക്തമായ എതിര്‍പ്പുകളെ മറികടന്ന് ഡോ. രാജേന്ദ്ര പ്രസാദ് ചടങ്ങില്‍ പങ്കെടുത്തത് ആ നിമിഷത്തെ കൂടുതല്‍ സവിശേഷവും ചരിത്രപരവുമാക്കി.
ഞാന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ സമയത്ത് 2001 ഒക്ടോബറിലെ ദിനങ്ങളും ഓര്‍മയില്‍ വരുന്നു. 2001 ഒക്ടോബര്‍ 31-ന് സര്‍ദാര്‍ പട്ടേലിന്റെ ജയന്തി ദിനത്തില്‍ സോമനാഥ് ക്ഷേത്രം തുറന്നുകൊടുത്തതിന്റെ 50-ാം വാര്‍ഷികാഘോഷം സംഘടിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് ഭാഗ്യം ലഭിച്ചു. സര്‍ദാര്‍ പട്ടേലിന്റെ 125-ാം ജന്മവാര്‍ഷികാഘോഷങ്ങള്‍ക്കൊപ്പമായിരുന്നു അത്. അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയും ആഭ്യന്തര മന്ത്രി എല്‍.കെ. അദ്വാനിയും പങ്കെടുത്തു.
സമാനതകളില്ലാത്ത വിശ്വാസവും സ്നേഹവും സ്വന്തമായ ഒന്നിനെയും തകര്‍ക്കാനാവില്ലെന്ന് സോമനാഥ് ക്ഷേത്രം ലോകത്തോട് വിളിച്ചുപറയുന്നുവെന്ന് 1951 മെയ് 11-ലെ പ്രസംഗത്തില്‍ ഡോ. രാജേന്ദ്ര പ്രസാദ് പറഞ്ഞു. ക്ഷേത്രം ജനഹൃദയങ്ങളില്‍ നിലനില്‍ക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ക്ഷേത്രപുനരുദ്ധാരണം സര്‍ദാര്‍ പട്ടേലിന്റെ സ്വപ്‌നസാക്ഷാത്കാരമാണെന്നും എന്നാല്‍ ആ ചൈതന്യം മുന്നോട്ടുകൊണ്ടുപോയി ജനജീവിതത്തില്‍ സമൃദ്ധി തിരിച്ചുകൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു പതിറ്റാണ്ടിലേറെയായി നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് ഈ പാതയിലൂടെയാണ്. ‘വികാസ് ഭീ, വിരാസത് ഭീ’ അഥവാ വികസനവും പൈതൃകവും എന്ന തത്വത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് സോമനാഥ് മുതല്‍ കാശി വരെയും, കാമാഖ്യ മുതല്‍ കേദാര്‍നാഥ് വരെയും, അയോധ്യ മുതല്‍ ഉജ്ജയിന്‍ വരെയും, ത്ര്യംബകേശ്വര്‍ മുതല്‍ ശ്രീശൈലം വരെയും ഭാരതത്തിന്റെ ആത്മീയ കേന്ദ്രങ്ങളെ അവയുടെ പരമ്പരാഗത സ്വഭാവം നിലനിര്‍ത്തി ആധുനിക സൗകര്യങ്ങളാല്‍ സജ്ജമാക്കാന്‍ അവസരം ലഭിച്ചത് വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു. ഇതിനൊപ്പം യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ശ്രമങ്ങള്‍ നടക്കുന്നതോടെ കൂടുതല്‍ പേര്‍ക്ക് ഈ പുണ്യകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുങ്ങുന്നു. പ്രാദേശിക സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ഉപജീവനമാര്‍ഗങ്ങള്‍ സുരക്ഷിതമാക്കുകയും ചെയ്യുന്ന ഈ ദൗത്യം ‘ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്’ എന്ന മനോഭാവത്തിന് ആഴം പകരുന്നു.

സോമനാഥിനെ സംരക്ഷിക്കാന്‍ ജീവന്‍ ബലിയര്‍പ്പിച്ചവരുടെയും അത് വീണ്ടും വീണ്ടും പുനര്‍നിര്‍മിച്ചവരുടെയും പോരാട്ടങ്ങളും ത്യാഗവും ഒരിക്കലും വിസ്മരിക്കപ്പെടില്ല. ഇന്ത്യയുടെ വിവിധ കോണുകളിലെ എണ്ണമറ്റ വ്യക്തികള്‍ സോമനാഥിന്റെ മഹിമ വീണ്ടെടുക്കാന്‍ സംഭാവനകള്‍ നല്‍കി. രാജ്യത്തിന്റെ ഓരോ ഭാഗത്തെയും പവിത്രമായി കണ്ട അവരോരോരുത്തരും ഭൂമിശാസ്ത്രത്തിനതീതമായ ഏകത്വ ബോധത്താല്‍ പരസ്പരം ബന്ധിക്കപ്പെട്ടിരുന്നു. പലപ്പോഴും വിഭജനങ്ങള്‍കൊണ്ട് അടയാളപ്പെടുത്തപ്പെടുന്ന ലോകത്ത് ഈ ഐക്യബോധത്തിന് എന്നത്തേക്കാളേറെ പ്രസക്തിയുണ്ട്. സോമനാഥ് അതിന്റെ എല്ലാ പ്രഭാവത്തോടെയും എക്കാലവും ഉയര്‍ന്നുനില്‍ക്കും. കാരണം ഐക്യത്തിന്റെയും പങ്കിട്ട നാഗരിക ബോധ്യത്തിന്റെയും ആ വികാരം ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ കുടികൊള്ളുന്നു. ഇതിന് ആദരമെന്ന നിലയില്‍ ആയിരം വര്‍ഷത്തെ അസാധാരണ ധീരതയുടെ സ്മരണാര്‍ത്ഥം അടുത്ത ആയിരം ദിവസത്തേക്ക് സോമനാ
ഥില്‍ പ്രത്യേക പൂജകളുണ്ടാവും. നിരവധി പേര്‍ ഈ പൂജകള്‍ക്കായി സംഭാവന നല്‍കുന്നതില്‍ അതിയായ സന്തോഷമുണ്ട്.

ഈ സവിശേഷ വേളയില്‍ സോമനാഥിലേക്ക് യാത്ര പോകാന്‍ എന്റെ സഹപൗരന്മാരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. സോമനാഥിന്റെ തീരങ്ങളില്‍ നില്‍ക്കുമ്പോള്‍ അതിന്റെ പൗരാണിക അലയൊലികള്‍ നിങ്ങളോട് സംസാരിക്കട്ടെ.

ഭക്തിയുടെ ആവേശത്തിനൊപ്പം ഒരിക്കലും മങ്ങാത്തതും തകര്‍ക്കാനാവാത്തതും കീഴടങ്ങാത്തതുമായ നാഗരിക ചൈതന്യത്തിന്റെ ശക്തമായ സ്പന്ദനവും നിങ്ങള്‍ക്ക് അനുഭവസ്ഥമാകും. ഭാരതത്തിന്റെ അജയ്യമായ ചൈതന്യം നിങ്ങളറിയും. ഏതെല്ലാം ശ്രമങ്ങള്‍ക്കിടയിലും എന്തുകൊണ്ടാണ് ഭാരതത്തിന്റെ സംസ്‌കാരം അപരാജിതമായി നിലകൊണ്ടതെന്ന് നിങ്ങള്‍ തിരിച്ചറിയും. ഒപ്പം ശാശ്വത വിജയത്തിന്റെ പുണ്യദര്‍ശനത്തിന് നിങ്ങള്‍ക്ക് അവസരം ലഭിക്കും. അത് തീര്‍ച്ചയായും അവിസ്മരണീയമായിരിക്കും.

ജയ് സോമനാഥ്