ഹൈദരാബാദ്: അന്താരാഷ്‌ട്ര യോഗ ദിനത്തിന് മുന്നോടിയായി ആറായിരത്തിലധികം യോഗ പ്രേമികള്‍ അവതരിപ്പിച്ച ഭുജംഗാസനം ഏഷ്യന്‍ റിക്കാര്‍ഡ് സ്വന്തമാക്കി. ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള മൊറാര്‍ജി ദേശായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗയാണ് കന്‍ഹ ശാന്തി വനത്തില്‍ പരിപാടി സംഘടിപ്പിച്ചത്. ഒരേസമയം ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്ത യോഗാ പ്രദര്‍ശനത്തിനുള്ള റിക്കാര്‍ഡാണ് പരിപാടിക്ക് ലഭിച്ചത്.
യോഗ ഭാരതത്തിന്റെ പുരാതന പൈതൃകം മാത്രമല്ല, മനുഷ്യരാശിക്കുള്ള വിലമതിക്കാനാവാത്ത സമ്മാനമാണെന്ന് പരിപാടിയില്‍ സംസാരിച്ച കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡി പറഞ്ഞു. യോഗ ഇന്ന് ലോകം സ്വീകരിച്ചിരിക്കുന്നു. രാജ്യത്തലവന്മാരടക്കം എല്ലാവരും യോഗ പരിശീലിക്കുകയും അതിന്റെ പ്രയോജനം നേടുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കസാക്കിസ്ഥാന്‍, ലെസോത്തോ, ബള്‍ഗേറിയ, ക്യൂബ, നമീബിയ, യുണൈറ്റഡ് കിംഗ്ഡം, കാനഡ, ഓസ്ട്രേലിയ എന്നിവയുള്‍പ്പെടെ ഇരുപതിലധികം രാജ്യങ്ങളില്‍ നിന്നുള്ള എംബസികള്‍, കോണ്‍സുലേറ്റുകള്‍, അന്താരാഷ്‌ട്ര സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള വിശിഷ്ട വ്യക്തികളും പ്രതിനിധികളും 50 ദിവസത്തെ യോഗാദിന കൗണ്ട്ഡൗണ്‍ പരിപാടിയില്‍ പങ്കെടുത്തു.
















