Samskriti

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

Published by
ഡോ. രാജേഷ് പി.പി.

രിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഒരു കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. ഇന്നത്തെ ലോകവ്യവസ്ഥ പലപ്പോഴും മതത്തിന്റെയും അധികാരത്തിന്റെയും സാമ്പത്തികതാല്‍പര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സമാധാനപരമായ സഹവര്‍ത്തിത്വമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, രാജ്യങ്ങള്‍ തമ്മില്‍ യുദ്ധങ്ങളും രാഷ്‌ട്രീയതര്‍ക്കങ്ങളും അധികാരത്തിനുവേണ്ടിയുള്ള അക്രമങ്ങളും വംശീയവും മതപരവുമായ അതിക്രമങ്ങളും വിഭവങ്ങള്‍ക്കുവേണ്ടിയുള്ള മത്സരവും കലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന അസ്ഥിരതയും സാങ്കേതികവിദ്യയുടെ ദുരുപയോഗവും ഭീകരവാദവും കൂടിവരുന്നു.

ഇന്നത്തെ ലോകക്രമത്തില്‍ രാജ്യങ്ങള്‍ പലതരത്തില്‍ ദ്വൈതവീക്ഷണത്തില്‍ അധിഷ്ഠിതമായി പലതട്ടുകളായി തിരിഞ്ഞിരിക്കുന്നു. കിഴക്കന്‍-പടിഞ്ഞാറന്‍ നാടുകള്‍, വികസിത-വികസ്വര രാജ്യങ്ങള്‍, ഒരേ മതവിശ്വാസമുള്ളവ-അല്ലാത്തവ എന്നിങ്ങനെ വേര്‍തിരിവുകള്‍ ഇന്ന് പ്രകടമായി കാണുന്നു. യുദ്ധോപകരണങ്ങള്‍, അണ്വായുധങ്ങള്‍, കര, നാവിക, വ്യോമ മേഖലകളിലെ ശക്തി എന്നതിനെ അടിസ്ഥാനപ്പെടുത്തിയും പല തട്ടുകള്‍ കാണാനാകും.

രാജ്യ ബജറ്റിന്റെ സിംഹഭാഗവും പ്രതിരോധമേഖലയ്‌ക്കുമാത്രമായി മാറ്റിവെയ്‌ക്കുവാന്‍ രാജ്യങ്ങള്‍ തയ്യാറാകുന്നു. സഹസ്രകോടീശ്വരന്മാരായി മാറുന്നതിനുള്ള ഏറ്റവും വലിയ സംരംഭം ആയുധനിര്‍മ്മാണമേഖലയായി മാറി. അടിസ്ഥാനമേഖലയുടെ വികസനത്തിന് നല്‍കുന്നതിലേറെ പ്രാധാന്യം പ്രതിരോധ സാമഗ്രികളുടെ വികസനത്തിനാണ്. ഗവേഷണം കൂടുതല്‍ നടത്തുന്നത് പ്രതിരോധമേഖലയുടെ നവീകരണത്തിനുവേണ്ടിയാണ്. വിനാശകരമായ ആയുധങ്ങള്‍ ഉണ്ടാക്കുകയും അവയുടെ വിപണനവുമാണ് ചില രാജ്യങ്ങളുടെ പ്രധാന വരുമാന സ്രോതസ്സ്.

തൊട്ടടുത്ത രാജ്യങ്ങള്‍ തമ്മിലാണ് പൊതുവെ സംഘര്‍ഷമെങ്കിലും ഇന്ന് ഒരു ഭൂഖണ്ഡത്തിലിരുന്നു മറ്റൊരു ഭൂഖണ്ഡത്തെ ആക്രമിക്കുവാന്‍ സാധിക്കുന്ന നിലയില്‍ നൂതന യുദ്ധസാമഗ്രികള്‍ വികസിപ്പിച്ചിരിക്കുന്നു. അഭയാര്‍ത്ഥിക്യാമ്പുകളില്‍ പോലും ബോംബിട്ട് ജനങ്ങളെ കൊന്നൊടുക്കുന്ന യുദ്ധക്കൊതിയന്മാരായി ചില രാഷ്‌ട്രനേതാക്കള്‍ മാറിയിരിക്കുന്നു.

അദ്വൈതദര്‍ശനവും ഭാരതവും

ഈ സംഘര്‍ഷഭരിതമായ സാഹചര്യത്തിലാണ് ലോകസമാധാനത്തിന് ഭാരതത്തിന്റെ പൗരാണികമായ ജ്ഞാനവും ശങ്കരദര്‍ശനവും എത്രമാത്രം ഫലപ്രദമാണെന്ന് ആഗോളതലത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. ഭാരതത്തിന്റെ ജ്ഞാനപാരമ്പര്യം ലോകത്തിന് നല്‍കിയ സംഭാവന നമ്മുടെ ദര്‍ശനങ്ങളാണ്. സംഘര്‍ഷഭരിതമായ ഈ ലോകത്തില്‍ ലോകസമാധാനത്തിന് ദാര്‍ശനിക അടിത്തറ നല്‍കുന്ന ഏറ്റവും ശക്തമായ ദര്‍ശനമാണ് അദ്വൈത സിദ്ധാന്തം.

ഭാരതീയ ദര്‍ശനങ്ങളില്‍ ഏറ്റവും വികസിതവും യുക്തിഭദ്രവുമായ ഒരു ചിന്താധാരണയാണിത്. അദ്വൈതം എന്നാല്‍ രണ്ടില്ലാത്തത് എന്നാണര്‍ത്ഥം ഒരേയൊരു പരമ സത്യത്തിന്റെ വിവിധഭാവങ്ങളാണ് പ്രപഞ്ചവും അതിലെ സര്‍വ്വചരാചരങ്ങളും എന്ന് അദ്വൈതദര്‍ശനം സമര്‍ത്ഥിക്കുന്നു. ‘ആത്മവത് സര്‍വ്വഭൂതേഷു യഃ പശ്യതി സപശ്യതി’ എല്ലാ ജീവജാലങ്ങളെയും സ്വന്തം ആത്മാവിനെപ്പോലെ കാണുന്നവനാണ് യഥാര്‍ത്ഥ്യത്തില്‍ കാണുന്നത്- അറിയുന്നത്.

ശങ്കരദര്‍ശനത്തിന്റെ കേന്ദ്ര-ബിന്ദു ‘ബ്രഹ്‌മസത്യം ജഗത്മിഥ്യ, ജിവോ ബ്രഹ്‌മൈനാപര’ എന്ന പ്രശസ്തമായ ശ്ലോകമാണ്. ഇതിലെ മൂന്ന് പ്രധാന തത്വങ്ങള്‍, ബ്രഹ്‌മസത്യം- മാറ്റമില്ലാത്തും കാലാതീതവുമായ ഏകസത്യം ബ്രഹ്‌മം മാത്രമാണ്.

ജഗത്മിഥ്യ- നാം കാണുന്ന ഈ ലോകം ശാശ്വതമായ സത്യമല്ല. ജഗത്ത് മിഥ്യയാണ്. മിഥ്യയെന്നാല്‍ ഇല്ലാത്തത് എന്നല്ല മറിച്ച് മാറിക്കൊണ്ടിരിക്കുന്നത് എന്നാണ്. ജീവാത്മ-പരമാത്മ ഐക്യം- ഓരോ വ്യക്തിയിലുമുള്ള ചൈതന്യവും (ജീവാത്മാവ്) പ്രപഞ്ചചൈതന്യവും (ബ്രഹ്‌മം) ഒന്നാണ്.

ദൈവം സത്യവും ജ്ഞാനവും അനന്ദവും ആണെന്ന് ദൈവദശകത്തില്‍ ഗുരു പറയുന്നു. ഈശ്വരചൈതന്യം മായയുടെ മറനീക്കി കടന്നുവരുമ്പോള്‍ മൂന്നു ശക്തികളായി ആവിര്‍ഭവിക്കുന്നു. ഈ ചൈതന്യത്തിന്റെ ആദിരൂപമാണ് സത്യം. നാമരൂപങ്ങളെല്ലാം നശിക്കുമ്പോഴും ഏതൊന്നാണോ നശിക്കാതെ നില്‍ക്കുന്നത് അതാണ് സത്യം.

ഉദാഹരണമായി സ്വര്‍ണ്ണാഭരണങ്ങള്‍ എടുത്താല്‍ അവ തല്‍ക്കാല ദൃശ്യങ്ങള്‍ മാത്രമാണ്. അവയെ ഉരുക്കി എങ്ങനെയൊക്കെ മാറ്റിയാലും മാറാതെ നില്‍ക്കുന്ന സ്വര്‍ണ്ണമാണ്. അതുകൊണ്ട് സ്വര്‍ണ്ണരൂപങ്ങളെ അപേക്ഷിച്ച് സ്വര്‍ണ്ണം സത്യമാണ്. ഈ പ്രപഞ്ചത്തില്‍ ഉള്ളതായിരിക്കുന്നതെല്ലാം സത്യത്തിന്റെ ആവിഷ്‌ക്കാരമാണ്.

ഏകമായ ബ്രഹ്‌മം എങ്ങനെ പലതായി കാണപ്പെടുന്നു എന്ന ചോദ്യത്തിന് ശങ്കരാചാര്യര്‍ നല്‍കുന്ന ഉത്തരം ‘മായ’ എന്നാണ്. വര്‍ത്തമാനകാലത്ത് യാഥാര്‍ത്ഥ്യമായി നമുക്ക് തോന്നുന്നവ കേവലം അവിവേകം കൊണ്ടുള്ള കല്പന മാത്രമാണ്. ഉള്ളതുപോലെ തോന്നുകയും തിരിഞ്ഞുചെല്ലുമ്പോള്‍ ഇല്ലാതാവുകയും ചെയ്യുന്നതാണ് മായ. വിവേകചൂഡാമണിയില്‍ ശങ്കരാചാര്യര്‍ മായയെ വളരെ വിസ്തരിച്ചു പ്രതിപാദിച്ചിട്ടുണ്ട്്. സൂക്ഷ്മബുദ്ധികള്‍ക്ക് കാര്യംകൊണ്ട് മായയെ അനുമാനിക്കാം. ആ മായയാണ് ജഗത്തിനെയെല്ലാം പ്രസവിക്കുന്നത്.

ഒരു കുടം ഉണ്ടാകുന്നതിനുമുമ്പ് അതിനു കാരണമായ മണ്ണുണ്ടായിരുന്നു. അതുപോലെ ഈ പ്രപഞ്ചവും ഉണ്ടാകുന്നതിനുമുമ്പ് അതിന് കാരണമായ ബ്രഹ്‌മം ഉണ്ടായിരുന്നു. ആ നിലയ്‌ക്ക് മായ ബ്രഹ്‌മത്തിനു മുമ്പ് ഇല്ലാത്തതും ബ്രഹ്‌മം തന്നെയുമാകുന്നു.

ആധുനിക ശാസ്ത്രവും അദ്വൈതവും

ആധുനിക ഭൗതികശാസ്ത്രം ഇന്ന് എത്തിനില്‍ക്കുന്നത് പ്രപഞ്ചത്തിന്റെ ഏകത്വത്തിലാണ്. പദാര്‍ത്ഥങ്ങളെ വിഭജിച്ചുപോകുമ്പോള്‍ അവസാനം അവയെല്ലാം ഊര്‍ജ്ജത്തിന്റെ വിവിധ രൂപങ്ങള്‍ മാത്രമെന്ന് ശാസ്ത്രം പറയുന്നു. ശങ്കരാചാര്യര്‍ ‘ബ്രഹ്‌മം’ എന്നു വിളിച്ച ആ പരമമായ ചൈതന്യം തന്നെയാണ് ആധുനികശാസ്ത്രം പറയുന്ന ഏകീകൃത ഊര്‍ജ്ജ മണ്ഡലം. ‘ക്വാണ്ടം എന്‍ടാംഗില്‍മെന്റ്’ പോലുള്ള ശാസ്ത്രീയ പ്രതിഭാസങ്ങള്‍ തെളിയിക്കുന്നത് പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു എന്നാണ്. ഈ ശാസ്ത്രസത്യം ശങ്കരന്റെ അദ്വൈതദര്‍ശനത്തിന് ഇന്ന് ലഭിക്കുന്ന അംഗീകാരമാണ്. ആധുനിക ശാസ്ത്രസാങ്കേതികവിദ്യകള്‍ ലോകക്രമത്തെ മാറ്റിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ആത്മീയ അടിത്തറയില്ലാത്ത ശാസ്ത്രം വിനാശകാരിയി മാറുമെന്നത് ചരിത്രം തെളിയിക്കുന്നു. ശാസ്ത്രത്തെ മനുഷ്യന്റെ നന്മയ്‌ക്കോ അതോ നാശത്തിനോ ഉപയോഗിക്കേണ്ടതെ ന്നത് മനുഷ്യന്റെ വിവേകത്തെ ആശ്രയിച്ചിരിക്കുന്നു. ശങ്കരാചാര്യ കൃതിയായ ‘വിവേകചൂഡാമണി’ നിത്യവും അനിത്യവും തമ്മിലുള്ള വിവേചനത്തെ വ്യക്തമാക്കുന്നു. ഇത് ആധുനിക ശാസ്ത്രത്തിന് ഒരു ധാര്‍മ്മിക ദിശാബോധം നല്‍കുന്നു.
മോക്ഷപ്രാപ്തിക്ക് ‘ജ്ഞാനം’ മാത്രമാണ് ഏക വഴിയെന്ന് ശങ്കരാചാര്യര്‍ കരുതി. ജ്ഞാനം എന്നതിന് ‘ശുദ്ധബോധം’ എന്നാണര്‍ത്ഥം. ഏതെങ്കിലും വസ്തുവിനെയോ പ്രതിഭാസത്തെയോക്കുറിച്ചുള്ള അറിവല്ല. ഇവിടെ ജ്ഞാനമെന്നത് ബ്രഹ്‌മത്തിന്റെ സ്വരൂപലക്ഷണമാകുന്നു. ജ്ഞാനം ആവിര്‍ഭവിച്ചപ്പോള്‍ സ്വയം പ്രകാശമുള്ള ‘ചിദ്’ വസ്തുവായി നിലകൊള്ളുന്നു.

ഒരിക്കല്‍ ഉദ്ദാലകമഹര്‍ഷി മകനായ ശ്വേതകേതുവിന് ഒരു ആല്‍മരത്തിന്റെ വിത്ത് കൊടുത്തിട്ട് പൊട്ടിച്ചുനോക്കുവാന്‍ ആവശ്യപ്പെട്ടു. വിത്ത് വീണ്ടും വീണ്ടും പൊട്ടിച്ചുനോക്കിയിട്ട് ശ്വേതകേതു പറഞ്ഞു ഒന്നും കാണുന്നില്ല. അപ്പോള്‍ മഹര്‍ഷി പറഞ്ഞു.
‘ഐതദാത്മ്യമിദം സര്‍വ്വം; തത് സത്യം; സ
ആത്മാ തത്ത്വമസി ശ്വേതകേതോ ഇതി’.
(ഛാ.ഉ.6-12-13)
ഹേ സൗമ്യ, ഈ ആല്‍വിത്തില്‍ ഏതൊരു അണുരൂപത്തിലുള്ള വസ്തുവാണോ നിനക്ക് കാണാന്‍ കഴിയാത്തതായി ഇരിക്കുന്നത്, അതുതന്നെയാണ് ഇതെല്ലാം. അതുതന്നെയാണ് സത്യം. അത് ആത്മാവാകുന്നു. അല്ലയോ ശ്വേതകേതു അതു നീ തന്നെയാകുന്നു. സാമവേദത്തിലെ ഛാന്ദോഗ്യോപനിഷത്തിലെ ‘തത്ത്വമസി’ എന്ന ഈ ഉപദേശവാക്യത്തിലെ ‘തത്’ എന്നാല്‍ പരബ്രഹ്‌മവും, ‘ത്വം’ എന്നാല്‍ ജീവാത്മാവും ആകുന്നു. അതായത് പരബ്രഹ്‌മവും ജീവാത്മാവും ഒന്നുതന്നെയാണെന്നുള്ള ഐക്യത്തെ കാണിക്കുന്നു.

‘അയമാത്മാബ്രഹ്‌മ’, ‘അഹംബ്രഹ്‌മാസ്മി’, എന്നീ പ്രഖ്യാപനത്തിലൂടെ മനുഷ്യന് അവന്‍ അര്‍ഹിക്കുന്ന ഏറ്റവും വലിയ ഔന്നത്യം ഭാരതീയ ദര്‍ശനം നല്‍കുന്നു. അദ്വൈതം കേവലം ഒരു സിദ്ധാന്തമല്ല. എല്ലാ ജീവജാലങ്ങളിലും ദൈവികത ദര്‍ശിക്കുവാന്‍ ഇത് നമ്മെ പഠിപ്പിക്കുന്നു.

ഭാരതം മുമ്പോട്ടുവയ്‌ക്കുന്ന അദ്വൈത ദര്‍ശനത്തിലുടെ എല്ലാ ജീവജാലങ്ങളിലും അടങ്ങിയിരിക്കുന്നത് ഒരേ ചൈതന്യമാണെന്ന ബോധം വര്‍ഗ്ഗ-വര്‍ണ്ണ-ലിംഗ-ദേശ വിദ്വേഷങ്ങളെ ഇല്ലാതാക്കുന്നു, ലോകസമാധാനത്തിന് അടിത്തറപാകുന്നു. ഈ ബോധം വ്യക്തികളില്‍ ഉറയ്‌ക്കുമ്പോള്‍ അവിടെ ശത്രു എന്ന സങ്കല്പ്പം ഇല്ലാതാകുന്നു. ഒരോ വ്യക്തിയും തന്റെ ഉത്ഭവം ഒരേ ചൈതന്യത്തില്‍ നിന്നാണെന്ന് തിരിച്ചറിയുമ്പോള്‍ വിവേചനങ്ങള്‍ ഇല്ലാതാകും. അതിനാല്‍ ഓരോത്തരും അവന്റെ സുഖത്തിനുവേണ്ടിചെയ്യുന്ന കര്‍മ്മങ്ങള്‍ അന്യന്റെ സുഖത്തിന് ഉതകുന്നതാകണം.
‘അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായി വരേണം’ എന്ന ശ്രീനാരായണഗുരുവചനവും നമ്മെ ഒരു വിശ്വപൗരനായി വളര്‍ത്തുവാന്‍ സഹായകരമാകും.
(തുടരും)

(ആദിശങ്കര ജയന്തിയോടനുബന്ധിച്ച സെമിനാറിന്റെ ഭാഗമായി ജന്‍മഭൂമി നടത്തിയ ഉപന്യാസ മല്‍സരത്തില്‍, ‘സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം: ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും’ എന്ന വിഷയത്തില്‍ ഒന്നാം സ്ഥാനം നേടിയ ഉപന്യാസം)