Editorial

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

Published by
എഡിറ്റോറിയൽ ഡെസ്ക്

തൃശ്ശൂര്‍ പൂരം ഒരുക്കങ്ങള്‍ക്കിടെയുണ്ടായ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ദുരന്തം കേരളത്തെ ഒരിക്കല്‍ക്കൂടി നടുക്കിയിരിക്കുകയാണ്. പടക്കനിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ പതിനാറ് ജീവനുകളാണ് പൊലിഞ്ഞത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്‌ഫോടനം നടന്നത്. മരിച്ചവരും പരിക്കേറ്റവരും പടക്ക നിര്‍മ്മാണ തൊഴിലാളികളാണ്. സ്‌ഫോടനത്തില്‍ ശരീരഭാഗങ്ങള്‍ ചിതറിയ നിലയിലായിരുന്നു.

തൃശ്ശൂര്‍ പൂരത്തിന് മുന്നോടിയായുള്ള സാമ്പിള്‍ വെടിക്കെട്ടിനായി തയ്യാറാക്കിവച്ചിരുന്ന സ്‌ഫോടക വസ്തുക്കളാണ് കത്തിയത്. കിലോമീറ്ററുകള്‍ ദൂരെ വരെ മുഴക്കം കേള്‍ക്കുന്ന തരത്തിലുള്ള വലിയ സ്‌ഫോടനമാണ് ഉണ്ടായത്. തുടരെ സ്‌ഫോടനങ്ങള്‍ നടന്നിരുന്നു. അപകടസ്ഥലത്ത് സ്‌ഫോടന വസ്തുക്കള്‍ അവശേഷിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകി. വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ലെന്നാണ് പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ വിലയിരുത്തല്‍. ലൈസന്‍സ് ഉണ്ടെങ്കിലും സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചിരുന്നോ എന്നതും പരിശോധിച്ചുവരികയാണ്.

സംസ്ഥാനത്ത് ഇത് ആദ്യമായല്ല മനുഷ്യ ജീവനുകള്‍ കൂട്ടത്തോടെ പൊലിയുന്ന വെടിക്കെട്ടപകടങ്ങള്‍ ഉണ്ടാകുന്നത്. പത്ത് വര്‍ഷം മുന്‍പാണ് രാജ്യംതന്നെ നടുങ്ങിയ പുറ്റിങ്ങല്‍ ദുരന്തം സംഭവിച്ചത്. കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ 110 ജീവനുകളാണ് കത്തിയെരിഞ്ഞത്. 656 പേര്‍ക്ക് പരിക്കേറ്റു. രണ്ടരക്കോടിയിലേറെ രൂപയുടെ നാശനഷ്ടമുണ്ടായി. വേറെയും വെടിക്കെട്ട് അപകടങ്ങള്‍ കേരളത്തെ നടുക്കിയിട്ടുണ്ട്. അധികം മുന്‍പല്ല കാസര്‍ഗോഡ് നീലേശ്വരം വീരര്‍കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടം നടന്നത്. ആറ് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പത്തുവര്‍ഷം മുന്‍പ് എറണാകുളം ജില്ലയിലെ മരട് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടില്‍ രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായി. മരടില്‍ ഇതിനു മുന്‍പും വെടിക്കെട്ടപകടം നടന്നിട്ടുണ്ട്. ഇരുപത് വര്‍ഷം മുന്‍പ് പാറമേക്കാവ് ക്ഷേത്രത്തിന്റെ വെടിക്കോപ്പ് നിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ ഏഴ് പേര്‍ മരിച്ചു. കൊല്ലം മലനട പോരുവഴി ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്.

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ശബരിമലയിലുണ്ടായ വെടിക്കെട്ടപകടത്തില്‍ 70 തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു. തലശേരി ജഗന്നാഥ ക്ഷേത്രത്തില്‍ വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച 27 പേര്‍ സമീപത്തെ റെയില്‍വേ ട്രാക്ക് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി മരിച്ചു. പാലക്കാട് ആളൂര്‍ ചാമുണ്ഡിക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ എട്ട് പേര്‍ മരിച്ചു.

അശ്രദ്ധയും സുരക്ഷാ മുന്‍കരുതല്‍ ഇല്ലാത്തതുമാണ് പല വെടിക്കെട്ടപകടങ്ങള്‍ക്കും കാരണം. നിയമപരമായ നിബന്ധനകള്‍ പലപ്പോഴും പാലിക്കാറില്ല. അതേസമയം എത്രതന്നെ സുരക്ഷാ മുന്‍കരുതലുകള്‍ ഉണ്ടെങ്കിലും അപകടങ്ങള്‍ക്കുള്ള സാധ്യത വളരെ വലുതാണ്. അധികൃതരുടെ ഭാഗത്തുനിന്ന് കര്‍ശനമായ നിയന്ത്രണങ്ങളും പരിശോധനകളും ഉണ്ടെങ്കില്‍ പല വെടിക്കെട്ട് ദുരന്തങ്ങളും ഒഴിവാക്കാന്‍ കഴിയുന്നതാണ്. ദുരന്തങ്ങള്‍ നടന്നതിനുശേഷമുള്ള അന്വേഷണങ്ങളില്‍ ഇത്തരം വീഴ്ചകള്‍ വെളിപ്പെട്ടിട്ടുണ്ട്. എന്നിട്ടും ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നു. ഓരോ ദുരന്തത്തിന്റെയും നടുക്കം വിട്ടുമാറുമ്പോള്‍ പഴയ മാനസികാവസ്ഥയിലേക്ക് ജനങ്ങളും അധികൃതരും മാറുകയാണ്. ഇത് മറ്റൊരു ദുരന്തത്തെ ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നു.

അധികവും ആരാധനാലയങ്ങളിലെ ഉത്സവങ്ങളുമായി ബന്ധപ്പെട്ടാണല്ലോ വെടിക്കെട്ടുകള്‍ നടക്കുന്നത്. കാലങ്ങളായി നടന്നുപോരുന്നതിനാല്‍ ഇത് ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായി പോലും കരുതുന്നവരുണ്ട്. വെടിക്കെട്ടില്ലാത്ത ഉത്സവങ്ങളെക്കുറിച്ച് പലര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. ഇക്കാര്യത്തില്‍ വീണ്ടുവിചാരം ഉണ്ടാകേണ്ടതുണ്ട്. ദേവസ്വം ബോര്‍ഡുകളും ക്ഷേത്ര ഭരണസമിതിക്കാരും ഹൈന്ദവ സംഘടനകളും ഇതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കേണ്ടതുണ്ട്. വലിയ സ്‌ഫോടനം ഉണ്ടാക്കുന്നതു മാത്രമാണ് കരിമരുന്ന് പ്രയോഗം എന്ന ധാരണ മാറേണ്ടിയിരിക്കുന്നു. ഉഗ്രസ്‌ഫോടനം ഉണ്ടാക്കുന്ന ഡൈനാമിറ്റുകളും മറ്റും ഒഴിവാക്കി ആളുകളെ ആകര്‍ഷിക്കുന്ന വിധത്തില്‍ കരിമരുന്ന് പ്രയോഗം നടത്താവുന്നതാണ്. സാങ്കേതികവിദ്യയും ഇതിന് ഉപയോഗിക്കാം. ഇങ്ങനെ കാലാനുസൃതമായ മാറ്റം കൊണ്ടുവന്നാല്‍ ആവര്‍ത്തിച്ചുള്ള വെടിക്കെട്ടപകടങ്ങളും, അതില്‍ മനുഷ്യരുടെ വിലപ്പെട്ട ജീവനുകള്‍ പൊലിയുന്നതും ഒഴിവാക്കാന്‍ കഴിയും.

 

Recent Posts