Kerala

കെഎസ്ആര്‍ടിസിയുടെ അനാസ്ഥ; പ്രീമിയം ബസുകള്‍ കട്ടപ്പുറത്ത്, ദേശസാല്‍കൃത റൂട്ടുകള്‍ സ്വകാര്യമേഖലയ്‌ക്ക്

Published by
രവീന്ദ്രവര്‍മ്മ അംബാനിലയം

പത്തനംതിട്ട: കെഎസ്ആര്‍ടിസി കൊട്ടിഘോഷിച്ച് തുടങ്ങിയ പ്രീമിയം ബസുകള്‍ ഭൂരിഭാഗവും കട്ടപ്പുറത്തായതോടെ ദീര്‍ഘദൂര, അന്തര്‍ സംസ്ഥാന യാത്രക്കാര്‍ പ്രതിസന്ധിയില്‍.

പുതിയ പ്രീമിയം എസി ബസുകളില്‍ എന്‍ജിന്‍ തകരാര്‍ വ്യാപകമാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നാല് ബസുകള്‍ ഓട്ടം നിര്‍ത്തി. സമാന പരാതി പല ഡിപ്പോകളിലുമുണ്ട്. വകുപ്പ് മന്ത്രിയുടെ സ്വന്തം നാടായ പത്തനാപുരം ഡിപ്പോയില്‍ രണ്ട് പുതിയ എസി ബസുകള്‍ കട്ടപ്പുറത്താണ്. രാത്രി 7.50ന് പത്തനാപുരത്ത് നിന്ന് പുറപ്പെട്ട് പത്തനംതിട്ട വഴി കോയമ്പത്തൂര്‍ക്ക് പോയിരുന്ന ബസുകളാണ് കട്ടപ്പുറത്തുള്ളത്. പത്ത് ദിവസമായി ഈ സര്‍വീസ് മുടങ്ങിയിട്ട്.

വേനലായതിനാല്‍ ദീര്‍ഘദൂരയാത്രികര്‍ എസി ബസുകളെയാണ് അധികവും ആശ്രയിക്കുന്നത്. ട്രിപ്പ് മുടങ്ങുന്നത് ഡിപ്പോയ്‌ക്ക് നഷ്ടവും സ്ഥിരം യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടും ഉണ്ടാക്കുന്നു. കെഎസ്ആര്‍ടിസിക്കായി ദേശസാല്‍കരിച്ച റൂട്ടുകളില്‍ 140 ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് സ്വകാര്യ ബസുകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് പെര്‍മിറ്റ് നല്‍കിയതായും വിവരമുണ്ട്. മുന്‍ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പിനായി സംരക്ഷിച്ച ദീര്‍ഘദൂര റൂട്ടുകളാണ് പിണറായി സര്‍ക്കാരിന്റെ അവസാനകാലത്ത് സ്വകാര്യ ബസുകള്‍ക്ക് തുറന്ന് കൊടുത്തത്. കെഎസ്ആര്‍ടിസി ഫാസ്റ്റ് സൂപ്പര്‍ഫാസ്റ്റുകള്‍ക്ക് ഒപ്പം സ്വകാര്യ ബസുകളും മത്സരിച്ചോടും വിധമാണ് പുതിയ പെര്‍മിറ്റുകള്‍. ഇത് കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പിനെ തന്നെ അപകടത്തിലാക്കും.

ഓര്‍ഡനറി ബസ് റൂട്ടുകള്‍ 140 കിലോമീറ്ററില്‍ അധീകരിക്കരുതെന്ന വ്യവസ്ഥയും ലംഘിച്ചിട്ടുണ്ട്. കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്ന സമയത്താണ് ആര്‍ടിഒമാര്‍ സ്വകാര്യ ബസുകള്‍ക്ക് അനുകൂലമായ തീരുമാനമെടുത്തത്. ഇടുക്കി ആര്‍ടിഒ മാത്രം 35 പെര്‍മിറ്റുകളാണ് നല്‍കിയത്. കെഎസ്ആര്‍ടിസി അപേക്ഷിച്ചിട്ടില്ലെങ്കില്‍ സ്വകാര്യ ബസ്സുകാരുടെ അപേക്ഷ പരിഗണിക്കാം എന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി ദുര്‍വ്യാഖ്യാനിച്ചാണ് ഈ നടപടി.

ദേശസാല്‍കൃത റൂട്ടുകളില്‍ കെഎസ്ആര്‍ടിസിയുടെ സമ്മതമില്ലാതെ പെര്‍മിറ്റ് നല്‍കരുതെന്ന വ്യവസ്ഥയും വാഹന വകുപ്പ് ലംഘിച്ചു. രാഷ്‌ട്രീയ ഇടപെടലാണ് കാരണം. ഇതിനെതിരെ കെഎസ്ആര്‍ടിസി നിയമ നടപടി സ്വീകരിക്കാത്തതില്‍ ഒത്തുകളിയുണ്ടെന്ന്‌കെഎസ്ആര്‍ടിസി സര്‍വീസ് സംഘടനകള്‍ സൂചിപ്പിക്കുന്നു.