കൊച്ചി: കൊൽക്കത്തയിലെ നിയമ സർവകലാശാലയിൽ മരിച്ച പാലാരിവട്ടം സ്വദേശിയായ വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. പാലാരിവട്ടം വടശേരി വീട്ടിൽ ജെബിൻ ജോസിന്റെയും ജെസി ജെയിന്റെയും ഏക മകനായ ജുവാൻ(19), കൊൽക്കത്തയിലെ വെസ്റ്റ് ബംഗാൾ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജൂറിഡിക്കൽ സയൻസിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ജുവാനെ ഹോസ്റ്റൽ കെട്ടിടത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിന് മുകളിൽ നിന്ന് സൂര്യോദയത്തിന്റെ ചിത്രം പകർത്തുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി വീണതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. മരണത്തിൽ മറ്റ് ദുരൂഹതകളൊന്നുമില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
ഞായറാഴ്ച കോളജിലെ പരിപാടികൾക്ക് ശേഷം വൈകിയാണ് ജുവാൻ ഹോസ്റ്റലിലെത്തിയത്. സംഭവത്തിൽ കൊൽക്കത്ത ബിധാൻ നഗർ സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. മൃതദേഹം ഇന്ന് രാവിലെ മുതൽ പാലാരിവട്ടത്തെ വീട്ടിലും ഉച്ചയ്‌ക്ക് 12.30 മുതൽ സെന്റ് മാർട്ടിൻ പള്ളി പാരിഷ് ഹാളിലും പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകീട്ട് 4 മണിയോടെ കാക്കനാട് വിജോഭവൻ സെമിത്തേരിയിൽ സംസ്കാരം നടക്കും.











