രാവണപ്രഭുവില്‍ നെപ്പോളിയന്‍ അവതരിപ്പിച്ച മുണ്ടക്കല്‍ ശേഖരന്റെ ഭാര്യയായി മലയാളത്തിലേയ്‌ക്ക് എത്തിയ നടിയാണ് ഫാത്തിമ ബാബു. ‘ഹലോ’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ അമ്മയായും ‘ഒന്നാമന്‍’, ‘മാടമ്പി’, ‘അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്’, ‘ഗ്രാന്‍ഡ് മാസ്റ്റര്‍’, ‘ഭ്രമരം’, ‘ശിക്കാര്‍’, ‘അലിഭായ്’ എന്നിങ്ങനെ ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ച ഫാത്തിമ ‘കടമറ്റത്ത് കത്തനാര്‍’ പോലുളള ടെലിവിഷന്‍ പരമ്പരകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2019 ല്‍ കമല്‍ഹാസന്‍ അവതാരകനായ ബിഗ്‌ബോസ് തമിഴ് സീസണ്‍ 3 യില്‍ മത്സരാര്‍ത്ഥിയായും എത്തിയിരുന്നു.
22-ാം വയസില്‍ ബിസിനസുകാരനായ ബാബുവിനെ വിവാഹം കഴിച്ചതോടെയാണ് ഫാത്തിമാ ബാബു എന്ന പേര് വീണത്. പ്രണയവിവാഹമായിരുന്നു ഫാത്തിമയുടേത്. അദ്ദേഹത്തെ വിവാഹം കഴിച്ച ശേഷം അവര്‍ ഇസ്ലാം മതം വിട്ട് ഹിന്ദുമതം സ്വീകരിച്ചു.ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ ഫാത്തിമയുടെ സഹപ്രവർത്തകനായിരുന്നു ബാബു.
ഇരുവരുടെയും പ്രണയം വീട്ടില്‍ അറിഞ്ഞപ്പോള്‍ ശക്തമായ എതിര്‍പ്പുണ്ടായി. മതമായിരുന്നു പ്രശ്‌നം. ബാബു ഹിന്ദുവും ഫാത്തിമ ഇസ്ലാമും. ഫാത്തിമയുടെ ഉമ്മ ഒഴികെ കുടുംബത്തില്‍ എല്ലാവരും ക്ഷുഭിതരായി. ഇരുകൂട്ടരുടെയും ആശീര്‍വാദത്തോടെ കാര്യങ്ങള്‍ മൂന്നോട്ട് പോവില്ലെന്ന് തിരിച്ചറിഞ്ഞ അവർ രജിസ്റ്റര്‍ മാര്യേജ് ചെയ്തു.
വിവാഹസമയത്ത് ഫാത്തിമ പൊട്ട് തൊടുകയോ താലി ധരിക്കുകയോ ചെയ്തില്ല. സ്വന്തം വിശ്വാസം അനുസരിച്ച് അതൊന്നും സാധ്യമാകുമായിരുന്നില്ല. നാളുകള്‍ പിന്നിട്ട ശേഷവും ഒരിക്കല്‍ പോലും ഹിന്ദു മതം പിന്‍തുടരാന്‍ ബാബു ഫാത്തിമയോട് ആവശ്യപ്പെട്ടില്ല. താന്‍ ഹിന്ദുവാകാന്‍ തയ്യാറാണെന്ന് അവള്‍ പറഞ്ഞപ്പോള്‍ ബാബു പറഞ്ഞു. നമ്മള്‍ അത് നോക്കിയല്ലല്ലോ സ്‌നേഹിച്ചത്. നീ സ്ത്രീയും ഞാന്‍ പുരുഷനുമാണ്. നമ്മള്‍ മനുഷ്യരാണ്. അതാണ് നമ്മുടെ മതം എന്നായിരുന്നു.
പക്ഷേ, കാലാന്തരത്തില്‍ പൊട്ട് തൊടാനും താലി ധരിക്കാനും ഫാത്തിമയ്‌ക്ക് ആഗ്രഹം തോന്നി. ആരുടെയും അനുവാദം വാങ്ങാതെ അവർ അതെല്ലാം പിന്‍തുടര്‍ന്നു. 35 വർഷത്തിനിപ്പുറവും ഫാത്തിമ ദാമ്പത്യം ഇപ്പോഴും ഭദ്രമായി കൊണ്ടു നടക്കാന്‍ സാധിക്കുന്നുണ്ട്.











