Varadyam

തസ്സറാക്കിനും ഖസാക്കിനും ഇടയില്‍

Published by
ചന്ദു

പൗരാണിക കഥകളിലെ ഇതിഹാസ നായകരുടെ പരിവേഷം പോലെ തന്നെ മലയാള സാഹിത്യ ലോകത്തില്‍ ആര്‍ക്കും ഇനിയൊരിക്കലും മാറ്റാനാവാത്ത സ്ഥാനം ഉറപ്പിച്ച മറ്റൊരു ഇതിഹാസമാണ് ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം.
അധ്യാപകനായ രവി വെറുമൊരു കഥാപാത്രം മാത്രമാണോ…? ഒരിക്കലുമല്ല, തന്റെ ജീവിത യാത്രയിലെ മറ്റൊരു വഴിയമ്പലമാണ് രവിക്ക് ഖസാക്ക്. രചയിതാവാകട്ടെ ദാര്‍ശനികമായ കാഴ്ചപ്പാടിലൂടെ, രവി എന്ന അധ്യാപകനിലൂടെ ഖസാക്ക് എന്നൊരു ലോകത്തെ ശില്‍പ്പചാതുര്യത്തോടെ സൃഷ്ടിച്ചെടുത്തിരിക്കുകയാണ്.

ഭൗതിക ലോകത്തിന്റെ സുഖഭോഗങ്ങള്‍ അത്രയും അനുഭവിച്ചുകൊണ്ട്, സദാചാര നിയമങ്ങള്‍ക്ക് യാതൊരു മൂല്യവും കല്‍പ്പിക്കാതെ ഖസാക്കില്‍ ജീവിക്കുന്ന രവിയുടെ ആത്മാന്വേഷണത്തിന് ഒരു യോഗിയുടെ മനോഗതിയാണുള്ളത്.

നിരര്‍ത്ഥകമായ ജീവിതത്തിന്റെ അലക്ഷ്യമായ പദസഞ്ചാരം. അകമേ ആത്മീയതയുടെ നാമ്പുകളുള്ള ഒരു എഴുത്തുകാരനേ അലൗകികമായ ഒരു ഭാഷ കൈകാര്യം ചെയ്യാനാവൂ.
ഭാവന, അത് പഴമയുടെ ഗ്രന്ഥപ്പുരകളായ മുത്തശ്ശി മനസ്സുകളില്‍ നിന്നും വീണു കിട്ടിയതാവാം. അവ വായനക്കാരന്റെ മനസ്സുകളെ മറ്റൊരു തലത്തിലേക്കാണ് കൊണ്ടെത്തിക്കുന്നത്.
എഴുത്തുകാരന്റെ ഭാവനയിലൂടെ സഞ്ചരിക്കുന്ന വായനക്കാരന്റെ ചിന്തകളില്‍ മറ്റൊരു മാസ്മരികതയുടെ പടിവാതില്‍ തുറക്കുന്നു.

ചിരി കടിച്ചമര്‍ത്തി ഖസാക്കിലെ യാഗാശ്വമായി നടുപറമ്പിലൂടെ നടക്കുന്ന മൈമൂന.
പച്ചത്തുമ്പിയെ പിടിച്ചു നൂലില്‍ കെട്ടി പറപ്പിക്കുന്ന കുള്ളനായ കുതിരത്തലയന്‍ അപ്പുക്കിളി.
ഉമ്മ പൊതിഞ്ഞു കൊടുക്കുന്ന വെള്ളയപ്പം നുറുങ്ങുകളാക്കി മയിലുകള്‍ക്ക് എറിഞ്ഞു കൊടുക്കുന്ന കുഞ്ഞാമിന.
ഓത്തു പള്ളിയിലിരുന്ന് രാവുത്തന്മാരുടെ മക്കള്‍ക്ക് റബ്ബുല്‍ ആലമീനായ തമ്പുരാന്റേയും മുത്തുനബിയുടേയും ബദരീങ്ങളുടേയും കഥ പറഞ്ഞു കൊടുത്ത അള്ളാ പിച്ചാ മൊല്ലാക്ക.
അതുപോലെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന വേറെയും പല കഥാപാത്രങ്ങള്‍. ഇവരെല്ലാം ഒരു മാസ്മരിക വലയത്തിനുള്ളില്‍ വായനക്കാരെ വിസ്മയിപ്പിച്ചു നിര്‍ത്തുന്നു.

രണ്ട്
ഖസാക്കിന്റെ ഇതിഹാസം വായിച്ചിട്ടുള്ള/ വായിക്കുന്ന ഭൂരിപക്ഷവും ധരിച്ചുവെച്ചിരിക്കുന്നത് അത് തസ്സറാക്കിലെ തന്നെ കഥയാണെന്നാണ്. കഥാപാത്രങ്ങള്‍ അവിടെ ജീവിച്ചു മരിച്ചവരാണെന്നും.

എന്നാല്‍ അത് അങ്ങനെയല്ല. ചില പേരുകളും ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്ന പഴങ്കഥകളും സമീപത്തുള്ള ചില പ്രദേശങ്ങളുടെ നാമവും ഉപയോഗിച്ചിട്ടുണ്ട് എന്നല്ലാതെ ഒ. വി. വിജയന്റെ ‘ഖസാക്ക് ‘ ഒരു സാങ്കല്‍പ്പിക ദേശം മാത്രമാണ്. ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വേസിന്റെ ‘മാക്വൊണ്ട’ പോലെ… തോമസ് ഹാര്‍ഡിയുടെ ‘വെസ്സക്‌സ്’ പോലെ…സേതുവിന്റെ ‘പാണ്ഡവപുരം’ പോലെ..

യഥാര്‍ത്ഥ തസ്സറാക്ക് എന്നത് ഒരു ഇടുങ്ങിയ പ്രദേശമാണ്. ഇടവഴി പോലുള്ള ഒരു സ്ഥലം. ഇന്നും അതിനു വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ചില കോണ്‍ക്രീറ്റ് വീടുകളും ഒ. വി.വിജയന്‍ സ്മാരകവും വന്നിട്ടുണ്ട് എന്നതൊഴിച്ചാല്‍… എന്നാല്‍ ഒ. വി. വിജയന്‍ സൃഷ്ടിച്ചെടുത്ത ഖസാക്ക് എന്ന ലോകത്തിന് വിസ്തൃതി ഏറെയാണ്.

കഥാകാരന്‍ പറയുന്നു. ഖസാക്കിന് പുറകിലുയര്‍ന്ന ചെതലിമലയുടെ വാരികളില്‍ കാട്ടുതേനിന്റെ തവിട്ടുപാടുകള്‍ രവി കണ്ടു. ചെതലിമലയെ തുടര്‍ന്നങ്ങോട്ട് കിഴക്കന്‍ മലകളാണ്. നോവലിന്റെ പല ഭാഗങ്ങളിലും പ്രതിപാദിക്കുന്ന നിഗൂഢതകള്‍ നിറഞ്ഞ ചെതലിമല വായനക്കാരുടെ മനസ്സിലും അതേ നിഗൂഢതയോടെ നിലനില്‍ക്കുന്ന ഒന്നുതന്നെയാണ്.

എന്നാല്‍ അത്തരത്തിലൊരു മല അവിടെയില്ല. തസ്സറാക്കിനു ചുറ്റും ഒരു ചെറിയ കുന്നു പോലുമില്ല. മാത്രമല്ല എങ്ങും പരന്നു കിടക്കുന്ന നെല്‍പ്പാടങ്ങളാണ്. തസ്സറാക്കിന്റെ അതിര്‍ത്തിയില്‍ നിന്നും നോക്കിയാല്‍ ഒന്നര കിലോമീറ്റര്‍ ദൂരത്തിനപ്പുറമുള്ള ഓലശ്ശേരി വരെ ആ വയലുകള്‍ നിരന്നു കിടക്കുകയാണ്.

പാലക്കാട് ജില്ലയില്‍ ഒരു ചെതലിയുണ്ട്. അവിടെ വലിയൊരു കുന്നുമുണ്ട്. അതാണെങ്കില്‍ തസ്സറാക്കില്‍ നിന്നും പതിനാലു കിലോമീറ്റര്‍ അകലെയാണുതാനും. സ്വാഭാവികമായും ഖസാക്ക് എന്ന തന്റെ ഭാവനാ ലോകത്തിലെ ഒരു മലയ്‌ക്ക് നോവലിസ്റ്റ് ചെതലിമല എന്ന പേര് നല്‍കിയിരിക്കണം. മാത്രമല്ല ഖസാക്കിന് പുറകു വശത്തായാണ് ചെതലി മലയെ കുറിച്ച് വിവരിച്ചിരിക്കുന്നത്. അതിനുമപ്പുറം കിഴക്കന്‍ മലകള്‍.

സൂര്യാസ്തമയങ്ങള്‍ കണക്കിലെടുത്താണ് ദിശകള്‍ പറയുന്നതെങ്കില്‍ പിന്‍ഭാഗം പടിഞ്ഞാറ് ഭാഗമാണ്. കിഴക്കന്‍ മലകളാണെങ്കില്‍ തസ്രാക്കില്‍ നിന്നും 25 കിലോമീറ്റര്‍ ദൂരത്തിലുമാണ്. പൊതുവേ പറയുമെങ്കിലും സത്യത്തില്‍ പാലക്കാടിന് കിഴക്കന്‍ മലനിരകളില്ല. വടക്കുഭാഗത്തെ മലമ്പുഴ മലനിരകള്‍… തെക്കുഭാഗത്തെ നെല്ലിയാമ്പതി മലനിരകള്‍… ഈ രണ്ടു മലകള്‍ക്കുമിടയിലെ വിടവ് മുപ്പത് കിലോമീറ്റര്‍. അതിനെയാണ് പാലക്കാട് ചുരം എന്ന് വിശേഷിപ്പിക്കുന്നത്. കിഴക്ക് തമിഴകത്ത് നിന്നും കേരളത്തിലേക്കുള്ള പ്രകൃതിയൊരുക്കിയ ഒരു കവാടം.

പന്ത്രണ്ടു പള്ളികള്‍ അവിടെ നശിച്ചു പോയിട്ടുണ്ട്. അവയിലാണ് ഖസാക്കിന്റെ അനന്തമായ കാലം തളംകെട്ടി നിന്നത്. പന്ത്രണ്ടില്‍ ഏറ്റവും പഴയ പള്ളിക്ക് എത്ര പഴക്കം വരുമെന്ന് ചോദിച്ചാല്‍ അനേകായിരം കൊല്ലങ്ങളെന്നും ഖസാക്കുകാര്‍ പറയും.

കഥാകാരന്‍ ഇങ്ങനെ കുറിച്ചത് കഥയുടെ പ്രമേയപരമായ ഒരു ഊന്നലിനു വേണ്ടി മാത്രമാണ്… ഇനി ഇതിന്റെ ബാക്കി ഭാഗത്ത്…
അസ്ഥിവാരവും ഇത്തിരി ചുമരും മാത്രമുള്ള ആ പള്ളി പുതുക്കിപ്പണിയാന്‍ ഋഷി ദേവാദികളോട് പുളിമരക്കൊമ്പത്തെ പോതി ആവശ്യപ്പെട്ടുവത്രേ… കോഴികൂവും മുമ്പ് പണി തീരണം. പക്ഷേ ദുര്‍ദേവതകള്‍ പാതിരാ നേരത്തു കൂവി ഋഷി ദേവാദികളെ പറ്റിക്കുകയാണുണ്ടായത്. അങ്ങനെ ആര്‍ക്കും പുതുക്കിപ്പണിയാന്‍ പാടില്ലാതെ ആ അവശിഷ്ടങ്ങള്‍ കിടന്നു.

വായനക്കാരന്റെ ചിന്തകളില്‍ കരിമ്പനപ്പട്ടകളില്‍ കാറ്റുപിടിക്കുന്ന പോലെ വിചിത്രമായ ഒരു അന്ധാളിപ്പ് നിറയ്‌ക്കുന്ന വരികള്‍.

പ്രാദേശികമായി ഈയൊരു കഥ അവിടെ ഇന്നും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അത് തസ്രാക്കിലെ പള്ളിയല്ല. മറിച്ച് തസ്രാക്കില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള തിരുവാലത്തൂര്‍ രണ്ടുമൂര്‍ത്തി ക്ഷേത്രത്തിന്റെതാണ്. ഇന്ന് പണി തീരാത്ത പടിഞ്ഞാറന്‍ മതിലുമായി ആ വിശ്വാസത്തിന് അടിത്തറയിട്ടുകൊണ്ട് സാമാന്യം വലുപ്പമുള്ള ആ ക്ഷേത്രം ഇന്നും അവിടെത്തന്നെയുണ്ട്.

സ്വന്തം മനസ്സില്‍ കുടിയേറിയ ആ കഥ തന്റെ സാങ്കല്‍പ്പിക ദേശമായ ഖസാക്കിലേക്ക് കഥാകാരന്‍ പറിച്ചുനട്ടു.

ഇതുപോലെ തന്നെയായിരുന്നു അപ്പുക്കിളി എന്ന കഥാപാത്രവും. എന്നോ, എവിടെയോ വെച്ചു കണ്ടുമുട്ടിയ ഒരു വിചിത്ര കഥാപാത്രത്തെ എഴുത്തുകാരന്‍ താന്‍ സൃഷ്ടിച്ചെടുത്ത ഖസാക്ക് എന്ന പ്രദേശത്തിലെ ഒരു ക്യാരക്ടറാക്കി മാറ്റുകയായിരുന്നു. വാസ്തവത്തില്‍ തസ്രാക്കില്‍ അങ്ങനെ ഒരാള്‍ ഉണ്ടായിരുന്നില്ല.

ഖസാക്കിനെ ഉള്‍ക്കൊണ്ടു തസ്സറാക്കിലേക്ക് വന്നെത്തുന്ന വായനക്കാരന് ഇപ്പോഴും ആ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാവുന്നില്ല. അവരിപ്പോഴും ഖസാക്ക് എന്ന ലോകത്തിന്റെ മായിക വലയത്തിലാണ്. അവരിപ്പോഴും അന്വേഷിക്കുന്നത് ആ കഥാപാത്രങ്ങള്‍ നടന്ന വഴികളും താമസിച്ച ഇടങ്ങളുമാണ്. അതിനിയും അങ്ങനെ തന്നെ തുടരും. അതുതന്നെയാണ് ഒ. വി. വിജയന്‍ സൃഷ്ടിച്ചെടുത്ത ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിന്റെ ശക്തി.

മൂന്ന്
ഖസാക്കിന്റെ ഇതിഹാസം മലയാള സാഹിത്യത്തില്‍ വേറിട്ടു നില്‍ക്കുന്നതിന്റെ മറ്റൊരു കാരണം അതിലെ ഭാഷയാണ്.

പ്രാദേശിക സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി സൃഷ്ടി നടത്തുമ്പോള്‍ അതത് ഭാഷ തന്നെയാണ് എഴുത്തുകാര്‍ ഉപയോഗിക്കാറുള്ളത്.

അത്തരത്തില്‍ തങ്ങളുടെ പ്രാദേശിക ഭാഷയെ അതേപടി ഉപയോഗിച്ചെഴുതിയ പ്രസിദ്ധമായ എത്രയോ നല്ല സൃഷ്ടികള്‍ നമ്മള്‍ക്കുണ്ട്. എന്നിട്ടും ഖസാക്കിന്റെ ഇതിഹാസത്തിലേതു പോലുള്ള ഒരു ഭാഷ ഇന്നുവരെ മലയാള സാഹിത്യത്തില്‍ ഉണ്ടായിട്ടില്ല.

കേരളത്തിലെ ഓരോ ജില്ലയിലും ഭാഷാ പ്രയോഗ രീതിയില്‍ വൈവിധ്യമുണ്ട്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയും അത് നിലനില്‍ക്കുന്നു. എന്നു മാത്രമല്ല ചില പ്രദേശങ്ങളില്‍ അത് ഒന്നില്‍ കൂടുതലായും കാണപ്പെടുന്നുണ്ട്.
ഖസാക്കിന്റെ കഥ നടക്കുന്ന പാലക്കാടിനെ തന്നെ ഉദാഹരണമായെടുക്കാം. പാലക്കാടിന് പാലക്കാടന്‍ തനിമയിലുള്ള ഒരു ഭാഷയുണ്ട്. അതല്ലാതെ തമിഴ്‌നാടിനോട് അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ സംസാരിക്കുന്നതും, ഒറ്റപ്പാലത്തിനപ്പുറം ഷൊര്‍ണൂര്‍, പട്ടാമ്പി ഭാഗങ്ങളില്‍ ഉപയോഗിക്കുന്ന രീതിയും വെവ്വേറെയാണ്. എന്നാല്‍ ഇവയില്‍ ഒന്നിലും ഉള്‍പ്പെടാത്ത ഒരു ഭാഷയാണ് ഖസാക്കിന്റെ ഇതിഹാസത്തില്‍ ഒ.വി. വിജയന്‍ കുറിച്ചിരിക്കുന്നത്.

തലമുറകളായി പാലക്കാടിന്റെ ചില ഭാഗങ്ങളില്‍ താമസിച്ചു വന്നിരുന്ന രാവുത്തന്മാരുടെ തമിഴും, തനി നാടന്‍ പാലക്കാടന്‍ ശൈലിയും ചേര്‍ന്ന് സങ്കര ഭാഷയാണ് ഖസാക്കിന്റെ ഇതിഹാസ രചനയ്‌ക്കായി കഥാകൃത്ത് ഉപയോഗിച്ചിരിക്കുന്നത്.
ഒരു നാടിന്റെ സംഭവവികാസങ്ങളെ വിവരിക്കുന്ന ഒരു പുസ്തകത്തില്‍ കുറിച്ചിരിക്കുന്ന ആ ദേശത്തിന്റെ പ്രാദേശിക ഭാഷാ രീതി എങ്ങനെയാണെന്ന് തെല്ലെങ്കിലും മനസ്സിലാക്കി വെച്ചിരുന്നാല്‍ മാത്രമേ ആ വായനയ്‌ക്ക് ശരിക്കും പൂര്‍ണ്ണത ലഭിക്കൂ. അതറിഞ്ഞാല്‍ മാത്രമേ ആ ഉച്ചാരണങ്ങളിലെ ഫീലിംഗ് എന്തെന്ന് ശരിക്കും അനുഭവിക്കുവാനാവൂ. അങ്ങനെയെങ്കില്‍ ആരൊക്കെ എത്രയൊക്കെ തവണ ഖസാക്കിനെ വായിച്ചിട്ടുണ്ടെങ്കിലും ആ സംഭാഷണങ്ങളുടെ ആഴങ്ങള്‍ നല്‍കുന്ന വികാരവിക്ഷോഭങ്ങള്‍ ശരിക്കും ഉള്‍ക്കൊണ്ടിട്ടുണ്ടോ എന്ന് സംശയമാണ്. പാലക്കാട്ടുകാരനോ, പാലക്കാടിനെ അറിയുന്നവരോ അല്ലാതെ..

ഒരു ഗവേഷണ വിദ്യാര്‍ത്ഥിയുടെ പഠനം പോലെ തന്റെ ബുദ്ധിയും നിരീക്ഷണ പാടവവും ശരിക്കും അര്‍പ്പിച്ചുകൊണ്ടു തന്നെയാവണം ഒ.വി.വിജയന്‍ ആ ഭാഷാ നൈപുണ്യം നേടിയെടുത്തിട്ടുണ്ടാവുക. കാരണം ഖസാക്കിന്റെ ഇതിഹാസം എന്ന നോവല്‍ രചനയ്‌ക്കായി ചെലവഴിച്ച സമയമെന്നത് നീണ്ട പന്ത്രണ്ട് വര്‍ഷങ്ങളാണ്. അക്കാലമത്രയും ഒരു ശില്‍പ്പിയുടെ കലാ വീക്ഷണത്തോടുകൂടിയാവണം ഓരോ കഥാപാ
ത്രങ്ങള്‍ക്കും ജീവന്‍ നല്‍കിയിട്ടുണ്ടാവുക. ഒപ്പം ആ വിജയത്തിന്റെ മറ്റൊരു അടിത്തറ എന്നത് നോവലിസ്റ്റ് പാലക്കാട്ടുകാരനുമാണ് എന്നതാണ്.

കേരളീയ ഗ്രാമ്യ ജീവിതങ്ങളുടെ തനിമ എന്നത് നമ്മളുടെ പൂര്‍വിക ഗോത്ര സംസ്‌കാരത്തിന്റെ ചില അനുഷ്ഠാനങ്ങളും ആചാരങ്ങളുമൊക്കെ തന്നെയാണ്. അതൊക്കെ സജീവമായി നിലനിന്നിരുന്ന ഒരു കാലഘട്ടത്തില്‍ തന്നെയാണ് കഥാകാരന്‍ നോവല്‍ രചന നടത്തിയിരുന്നതും.

നിഷ്‌കളങ്കരായ ആ ഗ്രാമ്യ മനസ്സുകളിലെ വികാരവിചാരങ്ങളുടെ സ്മൃതി ശകലങ്ങളത്രയും വളരെ ലാഘവത്തോടെ കഥാകാരന്‍ അവതരിപ്പിച്ചിട്ടുണ്ട്.

നമ്മുടെ ചിന്തകളെക്കാള്‍ വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ ആധുനിക കാലഘട്ടത്തില്‍ പോലും തങ്ങള്‍ പുതിയ സംസ്‌കാരത്തിന്റെ അവതാരങ്ങള്‍ ആണെന്ന് ഭാവിച്ചു നടക്കുന്നവരുടെ ഉള്ളില്‍ പോലും നമ്മുടെ ഗോത്ര പൈതൃകത്തിന്റെ തുടിപ്പുകള്‍ നിശ്ശബ്ദമായി മയങ്ങി കിടക്കുന്നുണ്ട്. പലരും പുറമേ ഭാവിക്കുന്നില്ല എന്നത് തന്നെയാണ് സത്യം.

പാലക്കാടിനു മാത്രം സ്വന്തമായ എത്രയോ പദ പ്രയോഗങ്ങള്‍ ഖസാക്കിന്റെ ഇതിഹാസത്തിലുണ്ട്. ഡിക്ഷ്ണറിയില്‍ പോലും കാണുവാന്‍ കഴിയാത്തവ.

ഏതു ഭാഷയും ഒരാശയത്തിന് അര്‍ത്ഥം നല്‍കുന്നത് അതിലെ വാക്കുകള്‍ കൊണ്ട് മാത്രമല്ല, അവ ഉപയോഗിക്കപ്പെടുന്ന സന്ദര്‍ഭത്തിലൂടെയുമാണ്.

നാല്
ഖസാക്കിന്റെ ഇതിഹാസം ദാര്‍ശനികതയുടെ കയ്യൊപ്പുള്ള ഒരു നോവലാണ്. എന്നിട്ടും പല ബുദ്ധിജീവികളും ഇതിഹാസത്തെ താഴ്‌ത്തിക്കെട്ടാനാണ് പരിശ്രമിച്ചത്. പല നിരൂപകരും പലതും വിളിച്ചു പറഞ്ഞിട്ടും യാതൊരു പോറലുമേല്‍ക്കാതെ കപട ബുദ്ധിജീവികളെ പരിഹസിച്ചുകൊണ്ട് മലയാള സാഹിത്യ ലോകത്തിന്റെ ഇതിഹാസമായി ദാര്‍ശനിക തലത്തില്‍ ഉയര്‍ന്നു നില്‍ക്കുകയാണ് ഖസാക്കിന്റെ ഇതിഹാസം.

തന്റെ വിദ്യാഭ്യാസകാലത്ത് താന്‍ ഒരു കമ്മ്യൂണിസ്റ്റ് വിശ്വാസിയായിരുന്നുവെന്ന് ഒ.വി.വിജയന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അന്നേ ചില തിരിച്ചറിവുകള്‍ ഈ എഴുത്തുകാരന്റെ ജ്ഞാനത്തില്‍ ഉദയം ചെയ്തിരിക്കണം. ദീര്‍ഘദര്‍ശിയായ ഒരാള്‍ക്കേ അതിന് സാധ്യമാവൂ. പിന്നീട് വിജയന്‍ കമ്മ്യൂണിസ്റ്റ് വിശ്വാസങ്ങള്‍ക്ക് ഹാസ്യാനുകരണം ചമയ്‌ക്കുന്ന മാനസിക നിലയിലേക്കെത്തി. കമ്മ്യൂണിസത്തിലെ ചില താളപ്പിഴകള്‍ ദീര്‍ഘദൃഷ്ടിയായ ഈ ദാര്‍ശനികന് നേരത്തെ തന്നെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ അതെല്ലാം ഇടതുപക്ഷ വിശ്വാസങ്ങളെ ഇല്ലായ്‌മ ചെയ്യുവാനായുള്ള ബോധപൂര്‍വ്വമായ ഇടപെടലായാണ് വിമര്‍ശകര്‍ വ്യാഖ്യാനിച്ചത്. കമ്മ്യൂണിസ്റ്റ് വിരോധത്തിന്റെ സാഹിത്യപ്രവര്‍ത്തനമാണെന്നുവരെ എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു.
ഇന്നത്തെ കമ്മ്യൂണിസത്തിന്റെ അപചയത്തെക്കുറിച്ച് ചിന്തിച്ചാല്‍ അന്ന് വിജയന്‍ പറഞ്ഞിരുന്ന വാക്കുകളാണ് ഓര്‍മ്മ വരിക.
”ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാര്‍ വെറും പുസ്തകം വായിച്ച് അത് ഉരുവിടുന്നു. അവര്‍ ധൈര്യമായി പരാജയം അന്വേഷിക്കണം.”
”കമ്മ്യൂണിസ്റ്റുകാര്‍ കൂടുതല്‍ ചിന്തിക്കുകയും എല്ലാ നല്ല മൂല്യങ്ങളും അംഗീകരിക്കുകയും വേണം.”
എന്താണ് ഒ.വി. വിജയനിലെ ദീര്‍ഘദര്‍ശനമെന്ന് മനസ്സിലാക്കുവാന്‍ ഈ രണ്ടു വാക്കുകള്‍ തന്നെ ധാരാളം. ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിന്റെ പശ്ചാത്തലത്തില്‍ ഉള്ളുതുറക്കുന്ന ഒ.വി.വിജയനിലെ മറ്റൊരു ദര്‍ശനമെന്നത് ആത്മീയമാണ്.

ആത്മീയതയുടെ ശാന്തിയാണ്.. കാരുണ്യമാണ്. തിരുവനന്തപുരത്തുള്ള പോത്തന്‍കോടിലെ ശാന്തിഗിരി ആശ്രമത്തിലെ കരുണാകര ഗുരുവിന്റെ വിശ്വാസിയും കൂടിയായിരുന്നു വിജയന്‍.

മലയാള നോവല്‍ ചരിത്രത്തിന്റെ പ്രകാശഗോപുരമായാണ് ഇന്നും ഖസാക്കിന്റെ ഇതിഹാസത്തിന്റെ നില്‍പ്പ്. മറ്റൊന്നിനോടും താരതമ്യപ്പെടുത്തുവാനാവാത്ത തരത്തില്‍ ഇതിഹാസം മലയാള സാഹിത്യത്തില്‍ തലമുറകളോളം ജ്വലിച്ചു നില്‍ക്കുക തന്നെ ചെയ്യും.

Recent Posts