തിരുവനന്തപുരം: കന്യാകുളങ്ങരയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ചൊവ്വാഴ്ച ഉച്ചയ്‌ക്ക് കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതിയെ വട്ടപ്പാറ പൊലീസ് പിടികൂടി.സംഭവത്തിന് ശേഷം കണിയാപുരത്ത് കാര്‍ ഉപേക്ഷിച്ച പ്രതി സഹദ് ബന്ധുവിന്റെ സഹായത്താല്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് പിടിയിലായത്.
നെടുമങ്ങാട് പനവൂര്‍ സ്വദേശിയാണ് പിടിയിലായ യുവാവ്.പെണ്‍കുട്ടിയെ അക്രമിച്ചത് എന്തിനാണ് എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല .പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണെന്ന് കേള്‍ക്കുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല.
നെടുവേലി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയെയാണ് സഹദ് കുത്തിയത്. പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് വച്ചായിരുന്നു ആക്രമണം. വീട്ടില്‍ നിന്നും ടെക്സ്റ്റ് ബുക്ക് വാങ്ങാന്‍ പുറത്തിറങ്ങിയ കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ അന്വേഷിച്ചിറങ്ങിയപ്പോഴാണ് കുത്തേറ്റ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. മുഖത്തും മുതുകിനും കുത്തേറ്റ പെണ്‍കുട്ടിയുടെ മുതുകിലെ മുറിവ് ആഴത്തിലുള്ളതാണെന്നാണ് വിവരം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് പെണ്‍കുട്ടി.
















