തിരുവനന്തപുരം: ചൂടുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ വ്യാജമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. ഏപ്രില്‍ 29 മുതല്‍ മെയ് 12 വരെ താപനില 45 ഡിഗ്രി മുതല്‍ 55 ഡിഗ്രി വരെ ഉയരുമെന്നും തുറസ്സായ സ്ഥലങ്ങളില്‍ നില്‍ക്കരുതെന്നും ചൂട് മൂലം മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിക്കുമെന്നും സിവില്‍ ഡിഫന്‍സ് എന്ന പേരില്‍ പരക്കുന്ന സന്ദേശത്തില്‍ കാറുകളില്‍ ഇന്ധന ടാങ്കുകള്‍ മുഴുവനായി നിറയ്‌ക്കരുതെന്നും നിര്‍ദേശമുണ്ട്.
ഔദ്യോഗിക മുന്നറിയിപ്പ് എന്നുള്ള തരത്തിലാണ് ഇത്തരം പ്രചാരണങ്ങള്‍ നടക്കുന്നത്. ഇത്തരം വ്യാജ പ്രചരണങ്ങള്‍ ദുരന്ത നിവാരണ നിയമം 2005 പ്രകാരം ശിക്ഷാര്‍ഹമാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കേരളത്തില്‍ സിവില്‍ ഡിഫന്‍സ് എന്ന വകുപ്പ് ഇല്ല. കേരളത്തിലെ സിവില്‍ ഡിഫന്‍സ് അഗ്‌നിരക്ഷാസേനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേനയാണ്.
ഔദ്യോഗിക അറിയിപ്പുകള്‍ക്കും മുന്നറിയിപ്പുകള്‍ക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഔദ്യോഗിക പേജുകള്‍, വെബ്‌സൈറ്റ് എന്നിവ സന്ദര്‍ശിക്കുകാന്‍ ജനങ്ങളോട് ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പട്ടു. കേരളത്തില്‍ താപനില 54 ഡിഗ്രി ആകുമെന്ന പ്രവചനം കേന്ദ്ര കാലാവസ്ഥ വകുപ്പും പുറത്തിറക്കിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.











