തിരുവനന്തപുരം: മഹാകുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ 16 വയസ്സായ പെൺകുട്ടിയെ വിവാഹം കഴിച്ചുനല്‍കുന്നതില്‍ വലിയ പങ്കുവഹിച്ച എഎ റഹീം എംപി , മന്ത്രി ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി. ഈ ആവശ്യമുയര്‍ത്തി മധ്യപ്രദേശ് മുഖ്യമന്ത്രിയ്‌ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.
വിവാഹത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും പെൺകുട്ടിയെ വിവാഹം ചെയ്ത ഫർഹാൻ ഖാനെ കൂടാതെ വിവാഹത്തിൽ പങ്കെടുത്ത് നടത്തിക്കൊടുത്ത എ എ റഹീം എംപി, മന്ത്രി ശിവൻകുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവരെ പ്രതി ചേർക്കണമെന്നുമാണ് ആവശ്യം. നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച നടപടിയാണെന്നും, ശൈവ വിവാഹ നിരോധന നിയമപ്രകാരവും കേസ് എടുക്കണമെന്നുമാണ് അഞ്ജനാദേവി പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷിന്റെ ഭാര്യാണ് അഡ്വ. അഞ്ജനാ ദേവി. നേരത്തെ ഭാരതീയ വിചാരകേന്ദ്രം മുന്‍ സംസ്ഥാന സെക്രട്ടറി കൂടിയായിരുന്നു. ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതിയില്‍ കേരളത്തില്‍ നിന്നുള്ള ഏക അംഗമാണ് അഞ്ജനാദേവി.
പെൺകുട്ടിയുടെ വിവാഹത്തെ ചൊല്ലിയുള്ള വിവാദം രൂക്ഷമാകുകയാണ്. പെൺകുട്ടിയെ സുരക്ഷിതമായി മധ്യപ്രദേശിൽ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് അവളുടെ അച്ഛൻ മധ്യപ്രദേശ് മുഖ്യമന്ത്രിയോട് സഹായം തേടിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ഇതിന് പിന്നാലെ പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്നതിനായി വ്യാജ രേഖകൾ ചമച്ചുവെന്ന ആരോപണത്തിലും മധ്യപ്രദേശ് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
വിവാഹത്തിന് ഹാജരാക്കിയ ആധാർ കാർഡിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായതായി രേഖപ്പെടുത്തിയിരുന്നുവെന്നും വിവാദത്തിന് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യങ്ങളുണ്ടെന്നുമാണ് സിപിഎം പ്രതിരോധിക്കുന്നത്. രേഖകൾ കൃത്യമായി പരിശോധിച്ച ശേഷമാണ് വിവാഹം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കേസ് വന്നാൽ അതിനെ നിയമപരമായി നേരിടുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കി.
















