ആലപ്പുഴ: കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കടന്നാക്രമിക്കുന്നത് തുടര്‍ന്നാല്‍ മുന്‍ മന്ത്രി ജി. സുധാകരനെ കുറിച്ചുളള വിവരങ്ങള്‍ ഓരോന്നായി വെളിപ്പെടുത്തുമെന്ന ഭീഷണിയുമായി മന്ത്രി സജി ചെറിയാന്‍. ഇനി തനിക്ക് ഒന്നും നഷ്ടപ്പെടാനില്ല. സുധാകരന്‍ മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നുവെന്നും അദ്ദേഹം ചെങ്ങന്നൂരില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതില്‍ സുധാകരന്‍ ഉന്നയിച്ച ആരോപണങ്ങളെ സജി ചെറിയാന്‍ തളളി.സ്മാരകം തകര്‍ക്കാന്‍ പോയിട്ടുണ്ടെങ്കില്‍ തങ്ങള്‍ രണ്ടുപേരും ഒരുമിച്ചേ പോകൂ എന്നാണ് മന്ത്രി പരിഹസിച്ചത്.
താന്‍ സുധാകരന്റെയും സുധാകരന്‍ തന്റെയും നിഴലായി നിന്ന കാലമാണതെന്ന് സജി ചെറിയാന്‍ പറഞ്ഞു. മര്യാദകെട്ട വര്‍ത്തമാനമാണ് അദ്ദേഹം പറയുന്നത്. തിരിച്ച് താനും ആരോപണം ഉന്നയിച്ചാലോ ജി. സുധാകരനാണ് സ്മാരകം കത്തിക്കാന്‍ പോയതെന്ന് താന്‍ പറഞ്ഞാല്‍ എന്താകും സ്ഥിതിയെന്നും സജി ചെറിയാന്‍ ചോദിച്ചു.
കെ.സി. വേണുഗോപാലിനോ ചെന്നിത്തലയ്‌ക്കോ സതീശനോ ഇല്ലാത്ത ആവേശമാണ് പാര്‍ട്ടിയെ ആക്ഷേപിക്കാന്‍ സുധാകരന്‍ കാണിക്കുന്നത്. സുധാകരനെ ചുമക്കുന്ന കെ.സി. വേണുഗോപാല്‍ ഒടുവില്‍ ആലപ്പുഴ കടലില്‍ ചാടി ചാകേണ്ടിവരുമെന്നും സജി ചെറിയാന്‍ പറഞ്ഞു.ആറ് മാസത്തിനുളളില്‍ വേണുഗോപാലിന് ജി സുധാകരനെ തളളി പറയേണ്ടി വരും.
















