തിരുവനന്തപുരം: തിരുവനന്തപുരത്തെ ബീമാപ്പള്ളിയില്‍ പര്‍ദ്ദ ധരിച്ച് വന്ന് കള്ളവോട്ട് ചെയ്തത് ആരാണ്? കന്നിവോട്ടറായ ഖദീജ ബീവിയുടെ വോട്ട് പര്‍ദ്ദയിട്ട് വന്ന കള്ളവോട്ടര്‍ക്ക് ചെയ്യാന്‍ സാധിച്ചത് എന്തുകൊണ്ടാണ്? വോട്ടറെ തിരിച്ചറിയാന്‍ പര്‍ദ്ദ തടസ്സമാകുന്നുവെന്നതിനാല്‍ ഉദ്യോഗസ്ഥര്‍ നിസ്സഹായത പ്രകടിപ്പിക്കുകയാണ്. കാരണം കള്ളവോട്ടറുടെ പര്‍ദ്ദയെങ്ങാനും പൊക്കി മുഖം തിരിച്ചറിയാന്‍ ശ്രമിച്ചാല്‍ ആ ഉദ്യോഗസ്ഥര്‍ക്ക് പിന്നെ കേരളത്തില്‍ ജീവിക്കാനാവുമോ?
വലിയ ആശങ്കയാണ് ബീമാപ്പള്ളിയിലെ ബൂത്ത് നമ്പര്‍ 196ല്‍ ഉയരുന്നത്. 21 കാരിയായ ഖദീജ ബീവിയുടെ കന്നിവോട്ടാണ് മറ്റൊരാൾ ചെയ്തത്. പർദ്ദ ധരിച്ചെത്തിയ ആരോ വോട്ട് ചെയ്തുവെന്നും ആളെ മനസിലായില്ലെന്നുമാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. കാരണം പര്‍ദ്ദ ധരിച്ചുവരുന്നവരുടെ മുഖം പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഭയപ്പെടുന്ന സാഹചര്യം നിലനില്‍ക്കുകയാണ്.
ഈ പ്രശ്നം മൂലം ബീമാപ്പള്ളിയിലെ സുനാമി കോളനി സ്വദേശിനിയായ ഖദീജാ ബീവിയ്‌ക്ക് നഷ്ടമായത് കന്നിവോട്ട് ചെയ്യാനുള്ള അവകാശമാണ്. ഖദീജാ ബീവിയെയും കൊണ്ട് വോട്ട് ചെയ്യാന്‍ മാതാവ് സമീറ ബീവി എത്തിയത് ഏറെ ദുഖം കടിച്ചമര്‍ത്തിയാണ്. കാരണം സമീറ ബീവിയുടെ ഉമ്മ മരണപ്പെട്ടത് പോളിംഗ് ദിവസം പുലര്‍ച്ചെയാണ്. എന്നിട്ടും അവര്‍ മകള്‍ ഖദീജാ ബീവി കന്നിവോട്ട് ചെയ്യട്ടെ എന്ന് കരുതിയാണ് മകള്‍ക്കൊപ്പം വന്നത്. പക്ഷെ അപ്പോഴേക്കും പര്‍ദ്ദയിട്ട് വന്ന കള്ളവോട്ടര്‍ ഖദീജാ ബീവിയുടെ വോട്ട് ചെയ്ത് കടന്നു കളഞ്ഞിരുന്നു.
‘എന്റെ മകളുടെ വോട്ട് ആരോ ഇട്ടു. പര്‍ദ്ദ ധരിച്ച് ആരാേ വോട്ട് ചെയ്തെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അവർ പ്രായം നോക്കിയില്ല. പ്രായം നോക്കിയല്ലേ അത് ചെയ്യേണ്ടത്. ഇത്രയും ഉദ്യോഗസ്ഥർ ഉണ്ടായിട്ടും എന്തുകൊണ്ടാണ് മകളെ അവർ തിരിച്ചുവിട്ടത്. പര്‍ദ്ദയിട്ട് ആരോ വന്നു വോട്ട് ചെയ്തുവെന്നാണ് അവർ പറയുന്നത്.’– സമീറ ബീവി പറയുന്നു.
‘പര്‍ദ്ദധരിച്ച് വന്നാലും വരുന്നയാളുടെ പ്രായം നോക്കണ്ടേ. ഒരിക്കലും നടക്കാൻ പാടില്ലാത്തതാണ് ഇവിടെ നടന്നത്. ഉദ്യോഗസ്ഥർ അവിടെ എന്തിനാണ് ഇരിക്കുന്നത്? സമീറ ബീവി ചോദിച്ചു. പക്ഷെ ഉദ്യോഗസ്ഥര്‍ അവരുടെ നിസ്സഹായത പ്രകടിപ്പിക്കുന്നു. ‘പര്‍ദ്ദ ധരിച്ചുവരുന്ന ഒരു വോട്ടറുടെ പ്രായം നോക്കണമെങ്കില്‍ അവരുടെ പര്‍ദ്ദ നീക്കി നോക്കണം. അത് ചെയ്താല്‍ പിന്നെ എന്താണ് സംഭവിക്കുക എന്നറിയാമല്ലോ?’- ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രത്യേകിച്ചും ബീമാപള്ളി എന്ന പ്രദേശം സാമൂദായികമായി ഏറെ സെന്‍സിറ്റീവായ പ്രദേശം കൂടിയാണെന്നതാണ് ഉദ്യോഗസ്ഥരെ പര്‍ദ്ദ നീക്കി നോക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചത്.
















