ഗുവാഹത്തി: വര്‍ഷങ്ങളായി ആസാം ഭരിച്ച കോണ്‍ഗ്രസ് സംസ്ഥാനത്തെ അനധികൃത കുടിയേറ്റത്തിനുള്ള പ്രധാന കവാടമാക്കി മാറ്റിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹൈലകണ്ടിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആസാമിലെ ഒമ്പത് ജില്ലകള്‍ ഇപ്പോള്‍ ഭൂരിപക്ഷവും അനധികൃത കുടിയേറ്റക്കാരേക്കൊണ്ട് നിറഞ്ഞ നിലയിലാണ്. ബരാക് താഴ്വരയില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് കോണ്‍ഗ്രസ് അഭയം നല്‍കി. ശ്രീഭൂമി, സില്‍ച്ചാര്‍, കാച്ചാര്‍ ജില്ലകളില്‍ കുടിയേറ്റക്കാര്‍ പ്രബലരായി. അനധികൃത കുടിയേറ്റക്കാരുടെ സഹായത്തോടെ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരാന്‍ ആഗ്രഹിക്കുന്നു. ഇത് ഒരിക്കലും അനുവദിക്കാന്‍ പറ്റുന്ന കാര്യമല്ല. ഇത് ഭാരതീയരുടെ നാടാണ്. ഇവിടെ നുഴഞ്ഞുകയറ്റക്കാര്‍ക്ക് സ്ഥാനമില്ല. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുക എന്നത് ആസാമിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യമാണ്. അതിനാല്‍ ഏപ്രില്‍ 9ന് സംസ്ഥാനത്തെ അനധികൃത കുടിയേറ്റം അവസാനിപ്പിക്കാന്‍ ജനങ്ങള്‍ എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി സര്‍ക്കാര്‍ അനധികൃത കുടിയേറ്റം നിര്‍ത്തലാക്കി. ആസാമില്‍ മൂന്നാം തവണയാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നത്. ആദ്യമായി സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ തന്നെ അനധികൃത കുടിയേറ്റം അവസാനിപ്പിച്ചു. ഇപ്പോള്‍ പുതിയ കുടിയേറ്റക്കാര്‍ വരുന്നില്ല. ചിലര്‍ ത്രിപുരയില്‍ നിന്നും ബംഗാളില്‍ നിന്നും വന്നിരുന്നു. ത്രിപുരയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതോടെ അതും നിലച്ചു. വരാനിരിക്കുന്ന മെയ് 5ന് ആസാമിനൊപ്പം ബംഗാളിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നതോടെ അവിടെ നിന്ന് കുടിയേറ്റക്കാര്‍ വരുന്നത് അവസാനിപ്പിക്കും, അമിത് ഷാ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് മുത്തലാഖ് അവസാനിപ്പിച്ചു. പക്ഷേ കോണ്‍ഗ്രസ് അതിനെ എതിര്‍ത്തു. ഇപ്പോള്‍, ഞങ്ങള്‍ ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരുന്നു, അവര്‍ ഇതിനെയും എതിര്‍ക്കുന്നു. രാജ്യത്തെ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന എല്ലാത്തിനേയും എതിര്‍ക്കുക എന്നതാണ് കോണ്‍ഗ്രസ് രീതിയെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ മുന്‍നിരയിലേക്ക് വന്നതിന് ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ പൊതുജീവിതത്തില്‍ തരംതാഴ്ന്ന നിലയിലാണ്. കേരളത്തിലെ വോട്ടര്‍മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഗുജറാത്തികള്‍ നിരക്ഷരരാണെന്നും ആര്‍എസ്എസിനെയും ബിജെപിയെയും വിഷ പാമ്പുകളെന്നും വിശേഷിപ്പിച്ച കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രസ്താവനകള്‍ ഇത് വ്യക്തമാക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.
















