ആലപ്പുഴ: സിപിഎം കേന്ദ്രകമ്മിറ്റി അംഗം സി.എസ്. സുജാതക്കെതിരെ ജാതി അധിക്ഷേപ പരാമര്‍ശവുമായി അമ്പലപ്പുഴയിലെ യുഡിഎഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി. സുധാകരന്‍. സുജാത നായന്മാരുടെ വീട്ടിലേ പോകൂ. നായരെന്ന് അറിയിക്കാന്‍ മുല്ലയും തുളസിയും തലയില്‍ ചൂടുമെന്നും സുധാകരന്‍ പറഞ്ഞു. ഇവര്‍ അങ്ങോട്ടു ചെന്നാല്‍ നായന്മാരെല്ലാം വോട്ടു ചെയ്യുമെന്നാണ് ധാരണ. സുജാതക്ക് നാണമില്ലേയെന്നും സുധാകരന്‍ ചോദിച്ചു. അമ്പലപ്പുഴയിലെ ചാര്‍ജുകാരിയാണെന്നാണ് പറയുന്നത്. അവര്‍ ഇവിടെ മലമറിക്കുകയാണോ? സുജാതയെ ഇവിടെ ആര്‍ക്കെങ്കിലും പരിചയമുണ്ടോയെന്നും സുധാകരന്‍ ചോദിച്ചു.
തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍. തന്റെ അനുജന്‍ ഭുവനേശ്വരന്റെ കൊലപാതകത്തിന് പിന്നില്‍ എസ്എഫ്‌ഐക്കാരാണ്. ഭുവനേശ്വരനെ നിര്‍ബന്ധിച്ച് കോളജില്‍ വിട്ടത് സിപിഎമ്മാണെന്നും സുധാകരന്‍ പറഞ്ഞു. കോളജ് കലാപ കലുഷിതമായിരുന്നപ്പോള്‍ കോളജില്‍ പോകേണ്ടെന്ന് താന്‍ പറഞ്ഞതാണ്. അവന്‍ നേരെ പാര്‍ട്ടി ഓഫീസില്‍ പോയി. വേഗം കോളജില്‍ പോകാനാണ് അവര്‍ ആവശ്യപ്പെട്ടത്.
എസ്എഫ്‌ഐ ഗുണ്ടകളാണ് കൊല്ലാന്‍ സാഹചര്യം ഉണ്ടാക്കിയത്. അക്രമികളായ എസ്എഫ്‌ഐക്കാര്‍ ഓടി അവന്റെ മുറിയില്‍ പോയി കയറി. പിന്നാലെ അടി കൊണ്ട കെഎസ്‌യുക്കാര്‍ വന്നു. എസ്എഫ്‌ഐക്കാര്‍ ഭുവനേശ്വരനെ അവിടെ ഉപേക്ഷിച്ച് ജനാല തുറന്ന് പൈപ്പ് വഴി രക്ഷപ്പെട്ടു. ഇവര്‍ ഓടി അവന്റെ മുറിയില്‍ കയറിയില്ലായിരുന്നുവെങ്കില്‍ അങ്ങനെയൊരു കൊലപാതകം നടക്കില്ലായിരുന്നു. ഭുവനേശ്വരനെ നിര്‍ബന്ധിച്ച് കോളജില്‍ വിട്ടത് പന്തളത്തെ സിപിഎം നേതാക്കന്മാരാണെന്നും സുധാകരന്‍ പറഞ്ഞു.
അമ്പലപ്പുഴയില്‍ എല്ലാ വിഭാഗം ആളുകളുടെയും പിന്തുണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എച്ച്. സലാമിന് ലഭിക്കുന്നു എന്ന് കണ്ട് വിറളിപൂണ്ടാണ് സുധാകരന്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്ന് സുജാത പ്രതികരിച്ചു. ഭുവനേശ്വരനെ എസ്എഫ്‌ഐക്കാര്‍ കൊലയ്‌ക്ക് കൊടുത്തു എന്ന് പറയുന്നത് നെറികേടാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ പറഞ്ഞു. ഭുവനേശ്വരന്‍ കൊല്ലപ്പെടുമ്പോള്‍ സുധാകരനായിരുന്നു എസ്എഫ്‌ഐ നേതാവ്. സ്വന്തം അനിയന്റെ രക്തസാക്ഷിത്വത്തെ സുധാകരന്‍ തള്ളിപ്പറയുകയാണ്.
















