തിരുവനന്തപുരം: ബിജെപിയെ തോൽപ്പിക്കാൻ ആറ് മണ്ഡലങ്ങളിൽ കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ചാണ് മത്സരിക്കുന്നതെന്ന് തെളിവുകൾ നിരത്തി ബിജെപി ജനറൽ സെക്രട്ടറി എം.ടി. രമേശ്. എന്നാൽ ഈ ഡീലിനെ മറികടന്ന് ബിജെപി സ്ഥാനാർത്ഥികൾ വിജയിക്കുമെന്നും ഇവരുടെ ഡീലിനെ വോട്ടർമാർ തോൽപ്പിക്കണമെന്നും രമേശ് അഭ്യർത്ഥിച്ചു.
പല മണ്ഡലങ്ങളിലും ഇടതുവലതു മുന്നണികൾ തമ്മിൽ ധാരണയാണ്. സ്ഥാനാർത്ഥി നിർണ്ണയത്തിലുൾപ്പെടെ ഈ ധാരണകാണാമെന്ന് രമേശ് വിവരിച്ചു.
-മഞ്ചേശ്വരത്ത് എൽഡിഎഫിന്റെ സ്ഥാനാർത്ഥിലെ യുഡിഎഫിലെ മുസ്ലിം ലീഗിനെ സഹായിക്കാൻ സിപിഎം അവസാന നിമിഷം മാറ്റി. യുഡിഎഫ് സ്ഥാനാർത്ഥിതന്നെ പറഞ്ഞു എസ്ഡിപിഐയും സിപിഎമ്മും ബിജെപിക്ക് എതിരേ ഞങ്ങളെ സഹായിക്കുന്നുണ്ട് എന്ന്, രമേശ് പറഞ്ഞു.
– കാസർകോട്ട് പതിവായി ഐഎൻഎല്ലിന്റെ മുതിർന്ന നേതാക്കൾ മത്സരിക്കുന്ന മണ്ഡലമാണ്. ഈ തവണ എൽഡിഎഫ് അവിടെ പുതുമുഖത്തെയാണ് സ്ഥാനാർത്ഥിയാക്കിയത്. അത് ലീഗിനെ സഹായിക്കാനുള്ള ഡീലാണ്.
– പാലക്കാട്ട് സിപിഎമ്മിന്റെ മുതിർന്ന രാഷ്‌ട്രീയ നേതാക്കൾ മത്സരിക്കുന്ന മണ്ഡലമാണ്. പക്ഷേ ഇത്തവണ അവിടെ കോൺഗ്രസ്സിനെ സഹായിക്കാൻ സിപിഎം ഒരു വ്യവസായിയെ സ്വതന്ത്രനാക്കി നിർത്തി മത്സരിപ്പിക്കുന്നു, ഇത് കോൺഗ്രസ്- സിപിഎം ഡീലാണ്.
– തൃശൂരിൽ എൽഡിഎഫിന്റെ സ്ഥാനാർത്ഥി സിപിഐയിൽനിന്നുള്ള മുതിർന്ന നേതാക്കളാണ് പതിവായി. എന്നാൽ, ഇത്തവണ അവിടെ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയെയാണ് ഇടതുപക്ഷം മത്സരിപ്പിക്കുന്നത്. ഇത് ബിജെപിയുടെ സാധ്യത ഇല്ലാതാക്കാൻ ഉണ്ടാക്കിയ എൽഡിഎഫ്-യുഡിഎഫ് ധാരണയാണ്.
– കൂത്തുപറമ്പിൽ കോൺഗ്രസ്സിനോട് ലീഗ് സീറ്റ് ചോദിച്ചുവാങ്ങി. എന്നിട്ട് അവിടത്തുകാരനല്ലാത്ത, വയനാട്ടിൽനിന്ന് ഒരു സ്ഥാനാർത്ഥിയെ കൊണ്ടുവന്ന് നിർത്തി. ഇത് ലീഗും സിപിഎമ്മും തമ്മിലുള്ള ധാരണയാണ്.
-ചേലക്കര സംവരണ മണ്ഡലമാണ്. കോൺഗ്രസ്സാണ് പതിവായി മത്സരിച്ചിരുന്നത്. അതും ലീഗ് ചോദിച്ചുവാങ്ങി. ആർക്കും അറിയാത്ത ഒരാളെയാണ് മുസ്ലിം ലീഗ് സ്ഥാനാർത്ഥിയാക്കിയത്. എന്താണ് ലീഗ് സിപിഎം ധാരണ? എം.ടി. രമേശ് പറഞ്ഞു.
കേരളം ഈ ഒത്തുകളി തിരിച്ചറിയും. കോൺഗ്രസ്സിനെ മുസ്ലിം ലീഗ് വിഴുങ്ങി. എല്ലാവരുമായി ഡീൽ ഉണ്ടാക്കുന്നത് ലീഗാണ്. ലീഗാണ് യുഡിഎഫിനെ നയിക്കുന്നത്. ബിജെപിയെ തോൽപ്പിക്കാനാണ് ഈ ഡീലുകൾ. എന്നാൽ ബിജെപി ഇതിനെയൊക്കെ അതിജീവിക്കും, എം.ടി. രമേശ് പറഞ്ഞു.
—–
















