തിരുവനന്തപുരം: പ്രകടന പത്രിക തിരുത്തി എൽഡിഎഫ്. വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഭാഗങ്ങളാണ് തിരുത്തിയത്. സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഇതുസംബന്ധിച്ച അറിയിപ്പ് വന്നത്.
പ്രകടനപത്രികയിൽ വന സംരക്ഷണം സംബന്ധിച്ച് പ്രതിപാദിക്കുന്ന ഭാഗത്ത് ചില പിശകുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ആ ഭാഗങ്ങൾ താഴെ പറയും വിധം വായിക്കണമെന്നുമുള്ള വിശദീകരണവും എൽഡിഎഫ് സംസ്ഥാന കമ്മിറ്റിയുടേതായി നൽകിയിട്ടുണ്ട്. ബഫർസോൺ ഉൾപ്പെടെയുള്ള മൂന്ന് വിവാദ ഖണ്ഡികകളാണ് തിരുത്തിയിരിക്കുന്നത്. വനത്തിന് ബഫർസോൺ ഉണ്ടാക്കി നിയന്ത്രണങ്ങൾ കർശനമാക്കും എന്നത് ഒഴിവാക്കി. സംരക്ഷിത വനമേഖലകളിലും കോർസോണിന് ചുറ്റും ബഫർസോൺ ഉണ്ടാക്കി നിയന്ത്രണങ്ങൾ കർശനമാക്കും എന്നത് ഒഴിവാക്കി. മുഴുവൻ ഏകവിള തോട്ടങ്ങളെയും സ്വാഭാവിക വനങ്ങൾ ആക്കി മാറ്റാൻ ഇക്കോ റെസ്റ്റോറേഷൻ നടപ്പിലാക്കും എന്നതും ഒഴിവാക്കിയിട്ടുണ്ട്.
ബഫർസോൺ സംബന്ധിച്ച് ജനഹിതം മുൻനിർത്തി സംസ്ഥാന സർക്കാർ നിർദേശങ്ങൾ കേന്ദ്രസർക്കാർ മുന്നിൽ അവതരിപ്പിക്കും എന്നാണ് തിരുത്തൽ. ബഫർസോണിൽ പ്രദേശവാസികളെ വിശ്വാസത്തിൽ എടുത്തുകൊണ്ട് മാത്രം നിയന്ത്രണങ്ങളെന്നും മാറ്റം.
















