ന്യൂദല്‍ഹി: ഗള്‍ഫിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പ്പും തടയാന്‍ നടപടികള്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി നടന്ന പരിശോധനയില്‍ മാര്‍ച്ചില്‍ മാത്രം 50,000ത്തിലേറെ എല്‍പിജി സിലിണ്ടറുകള്‍ പിടിച്ചെടുത്തു. പൊതുമേഖലാ എണ്ണക്കമ്പനികള്‍ 1,400ലധികം കാരണം കാണിക്കല്‍ നോട്ടീസുകള്‍ അയക്കുകയും 36 എല്‍പിജി വിതരണ ഏജന്‍സികളെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
എല്‍പിജി ഏജന്‍സികളിലൊന്നും ഇന്ധനം തീര്‍ന്നുപോയതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഓണ്‍ലൈന്‍ ബുക്കിങ് ഇന്നലെ 95 ശതമാനമായി ഉയര്‍ന്നു. ഡെലിവറി ഓതന്റിക്കേഷന്‍ കോഡ് അധിഷ്ഠിത വിതരണം ഫെബ്രുവരിയിലെ 53 ശതമാനത്തില്‍ നിന്ന് 90 ശതമാനമായി വര്‍ദ്ധിച്ചു. 51 ലക്ഷത്തിലധികം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളാണ് ഇന്നലെ മാത്രം വിതരണം ചെയ്തത്.
വാണിജ്യ എല്‍പിജി വിഹിതം, പ്രതിസന്ധിക്ക് മുന്‍പത്തെ അളവിന്റെ 70 ശതമാനമാക്കി. 2026 മാര്‍ച്ച് 14 മുതല്‍ 78,833 മെട്രിക് ടണ്‍ വാണിജ്യ എല്‍പിജി വിറ്റഴിച്ചു. 90,000ത്തിലധികം അഞ്ച് കിലോ എഫ്ടിഎല്‍ സിലിണ്ടറുകളാണ് ഇന്നലെ വിറ്റത്. 460 ഭാരത നാവികരുമായി 17 കപ്പലുകള്‍ പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ മേഖലയിലുണ്ട്. ആകെ 1,479 നാവികരെ തിരിച്ചെത്തിച്ചു. ഫെബ്രുവരി 28 മുതല്‍ ഏകദേശം 7,02,000 യാത്രക്കാര്‍ മടങ്ങിയെത്തി. മേഖലയിലുടനീളം വിമാന സര്‍വീസുകള്‍ ക്രമേണ സാധാരണ നിലയിലാകുന്നുണ്ട്.
















