കാസര്‍കോട്: കോവളം കൊട്ടാരം സമരത്തില്‍ നടുറോഡില്‍ പോലീസ് വളഞ്ഞിട്ട് തല്ലുന്ന യുവനേതാവ് മുതല്‍ മഞ്ചേശ്വരത്തെ വോട്ടര്‍മാരോട് വോട്ട് അഭ്യര്‍ത്ഥിക്കുന്നതുവരെയുള്ള കെ.സുരേന്ദ്രന്റെ ജീവിതചരിത്രം രണ്ട് മിനുട്ടില്‍ അവതരിപ്പിച്ച എഐ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാവുന്നു.
‘കാവ്യനീതി’ എന്ന കെ. സുരേന്ദ്രന്റെ തെരെഞ്ഞെടുപ്പ് സോങ് 12 മണിക്കൂറുകള്‍ കൊണ്ട് 10 ലക്ഷം പേരാണ് കണ്ടത്. ബെംഗളൂരു എംപി തേജസ്വി സൂര്യ, തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്, മംഗലാപുരം എംഎല്‍എ ഭരത് ഷെട്ടി തുടങ്ങിയവര്‍ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെച്ചു. യുവമോര്‍ച്ചയുടെ ചുമതല വഹിച്ചിരുന്ന കാലത്തെ സമര പോരാട്ടങ്ങളും ശബരിമല യുവതിപ്രവേശത്തിനെതിരായ പ്രക്ഷോഭവും പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി തുടങ്ങിയ ദേശീയ നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും കോര്‍ത്തിണക്കി എഐയിലൂടെയാണ് വീഡിയോ ചിത്രീകരിച്ചത്. 2016ല്‍ 89 വോട്ടിന് സുരേന്ദ്രനെ തോല്‍പിച്ചതിന് മധുരപ്രതികാരത്തിനുള്ള മഞ്ചേശ്വരം ജനതയുടെ അവസരമാണ് ഈ തെരഞ്ഞെടുപ്പെന്ന് പാട്ടില്‍ പറയുന്നു.
‘ഈ ബാരി സുരേന്ദ്രന്‍'(ഇത്തവണ സുരേന്ദ്രന്‍) എന്ന കന്നഡ ക്യാപ്ഷനോടെ ഇറങ്ങിയ സുരേന്ദ്രന്റെ ബയോഗ്രാഫി വീഡിയോ കര്‍ണാടകയിലും ഹിറ്റായിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകനായ എം. സുവര്‍ണപ്രസാദും ബെംഗളൂരുവില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന അരവിന്ദ് മൈലക്കരയും ചേര്‍ന്നാണ് കാവ്യനീതി വീഡിയോ ഒരുക്കിയത്.
















