ന്യൂദൽഹി: എൻസിആർടിക്ക് ഡീംഡ് യൂണിവേഴ്‌സിറ്റി പദവി നൽകി.
ഇനി നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്ങിന് (എൻസിഇആർടി) ‘ഒരു സർവകലാശാലയ്‌ക്ക് തുല്യമായി’ പ്രവർത്തിക്കാം. ഇനി യുജിസി മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി പുതിയ കോഴ്‌സുകൾ/പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യാനും ‘ഓഫ്-കാമ്പസ്, ഓഫ്ഷോർ സെന്ററുകൾ’ സ്ഥാപിക്കാനും കഴിയും.
‘യുജിസിയുടെ ഉപദേശപ്രകാരം, ആറ് ഘടക യൂണിറ്റുകൾ അടങ്ങുന്ന നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗിനെ വ്യത്യസ്തമായ വിഭാഗത്തിൽ പെടുന്ന ഒരു സ്ഥാപനമായി വിദ്യാഭ്യാസ മന്ത്രാലയം ഇതിനാൽ പ്രഖ്യാപിക്കുന്നു,’വെന്ന് ഇതുസംബന്ധിച്ച വിജ്ഞാപനത്തിൽ പറയുന്നു.
മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെപ്പോലെ എൻസിഇആർടിയും അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റുകൾ നിലനിർത്തുകയും അവരുടെ ക്രെഡിറ്റ് സ്‌കോർ ഡിജിറ്റൽ ലോക്കറുകളിൽ അപ്ലോഡ് ചെയ്യുകയും വേണം. ദേശീയ റാങ്കിംഗിലും അക്രഡിറ്റേഷൻ സംവിധാനങ്ങളിലും സ്ഥാപനം പങ്കെടുക്കേണ്ടതുണ്ട്.
അതേസമയം, വാണിജ്യപരവും ലാഭകരവുമായ ഒരു പ്രവർത്തനങ്ങളിലും സ്ഥാപനം ഏർപ്പെടരുത്. യുജിസിയുടെയും കേന്ദ്ര സർക്കാരിന്റെയും മുൻകൂർ അനുമതിയില്ലാതെ, സർവകലാശാലയായി കണക്കാക്കുന്ന സ്ഥാപനത്തിന്റെയോ അതിന്റെ ഘടക അധ്യാപന യൂണിറ്റുകളുടെയോ ആസ്തികളോ ഫണ്ടുകളോ വരുമാനമോ വകമാറ്റാൻ പാടില്ലെന്നും അതിൽ കൂട്ടിച്ചേർത്തു.
സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ കാര്യങ്ങളിൽ സർക്കാരിന് സഹായവും ഉപദേശവും നൽകുന്നതിനായി 1961-ൽ സൊസൈറ്റീസ് ആക്ട് പ്രകാരം എൻസിആർടി സ്ഥാപിതമായി. നിയമപ്രകാരം, സർവകലാശാലകൾ ഒഴികെയുള്ള, ഒരു പ്രത്യേക പഠനമേഖലയിൽ വളരെ ഉയർന്ന നിലവാരത്തിൽ പ്രവർത്തിക്കുന്ന ഏതൊരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തെയും യുജിസിയുടെ ഉപദേശപ്രകാരം കേന്ദ്ര സർക്കാരിന് ‘ഡീംഡ്-ടു-ബി-യൂണിവേഴ്‌സിറ്റി’ ആയി പ്രഖ്യാപിക്കാം. ‘ഡീംഡ് യൂണിവേഴ്‌സിറ്റികൾ’ ആയ സ്ഥാപനങ്ങൾക്ക് സർവകലാശാലകളുടെ അതേ അക്കാദമിക് പദവിയും ആനുകൂല്യങ്ങളും ലഭിക്കും.
















