കണ്ണൂര്‍ : തെിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം പയ്യന്നൂരും തളിപ്പറമ്പിലും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിക്കുന്നതായി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. പയ്യന്നൂരില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടന ചടങ്ങിലാണ് കെസി വേണുഗോപാല്‍ ആരോപണം ഉന്നയിച്ചത്.
വ്യാപകമായി കള്ളവോട്ട് ചെയ്യാനാണ് നീക്കം. സിപിഎം അംഗങ്ങളുടെ തന്നെ ഇലക്ഷന്‍ ഐ ഡി കാര്‍ഡുകളാണ് ഉണ്ടാക്കുന്നത്.അവര്‍ക്ക് സ്വന്തം അണികളെ പോലും വിശ്വാസമില്ലാതായിരിക്കുന്നുവെന്ന് വേണുഗോപാല്‍ പരിഹാസമുയര്‍ത്തി.സിപിഎം വിമതരെ എങ്ങനെയെങ്കിലും തോല്‍പ്പിക്കുക എന്നതാണ് ലക്ഷ്യം.
കൃത്രിമ ഐഡന്റിറ്റി കാര്‍ഡുകള്‍ നിര്‍മ്മിക്കുന്ന സ്ഥലവും വിതരണം ചെയ്യാന്‍ പോകുന്ന സ്ഥലവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മനസിലാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തണമെന്ന് കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ നിയമനടപടിക്ക് വിധേയരാകും. ഇനി വരാന്‍ പോകുന്നത് യു ഡി എഫ് സര്‍ക്കാരാണ് എന്നും കെ സി വേണുഗോപാല്‍ ഓര്‍മ്മിപ്പിച്ചു.
















