കൊച്ചി:വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ 92കാരന്‍ അന്തരിച്ചു. എറണാകുളം കച്ചേരിപ്പടി ഹൗസ് ഓഫ് പ്രൊവിഡന്‍സിലെ അന്തേവാസി തേവര കോന്തുരുത്തി കുട്ടംപറമ്പില്‍ ലോനപ്പനാണ് മരിച്ചത്.
85 വയസിന് മേല്‍ പ്രായമുളളവര്‍ക്കും 40 ശതമാനത്തില്‍ അധികം ഭിന്നശേഷിയുള്ളവര്‍ക്കുമായി വീടുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പ്രൊവിഡന്‍സ് ഹോമിലെത്തിയത്. മറ്റു അന്തേവാസികളോടൊപ്പം ലോനപ്പനും വോട്ടവകാശം വിനിയോഗിച്ചു.
കുറെ നാളുകളായി ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു.ശ്വാസതടസവും ചുമയും ലോനപ്പനെ അലട്ടിയിരുന്നു. രാവിലെ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ ആരോഗ്യനില മോശമായി. ഉച്ചയ്‌ക്ക് 12 മണിയോടെ അദ്ദേഹം അന്തരിച്ചു. ഭാര്യ മരിച്ച് ഏകദേശം 12 വര്‍ഷമായി.മക്കളില്ല. 2016 മുതല്‍ പ്രൊവിഡന്‍സ് ഹോമില്‍ താമസിച്ച് വരികയാണ്.വൈകുന്നേരത്തോടെ മൃതദേഹം സംസ്‌കരിച്ചു.
















