ന്യൂദല്‍ഹി :എഫ് സി ആര്‍ എ നിയമ ഭേദഗതി ബില്ലില്‍ പുനഃപരിശോധന വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് നിവേദനം നല്‍കി സിബിസിഐ.വിദേശ സംഭാവന നിയന്ത്രണ ചട്ട ഭേദഗതിയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും അറിയിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കാണ് ഭാരത കത്തോലിക്ക മെത്രാന്‍ സമിതി നിവേദനം നല്‍കിയത്.
അമിത്ഷായ്‌ക്ക് പുറമെ മുഴുവന്‍ ലോക്സഭ, രാജ്യസഭ എംപിമാര്‍ക്കും നിവേദനം നല്‍കി. ബില്ല് രാജ്യത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും പൗരസമൂഹത്തിന്റെ സ്വാതന്ത്ര്യത്തെയും ബാധിക്കുമെന്ന് സിബിസിഐ പറയുന്നു.
ബില്ല് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടണം, ആസ്തി കണ്ടുകെട്ടുന്നത് പോലുള്ള കടുത്ത വ്യവസ്ഥകള്‍ ഒഴിവാക്കുക, ജീവകാരുണ്യ, വിദ്യാഭ്യാസ,മത സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം സംരക്ഷിക്കുക, പരാതികള്‍ പരിഹരിക്കുന്നതിനായി സ്വതന്ത്രമായ ഒരു അപ്പീല്‍ അതോറിറ്റി രൂപീകരിക്കുക എന്നിങ്ങനെയാണ് ആവശ്യം.ലോക്‌സഭയില്‍ അമിത് ഷാ ബുധനാഴ്ച ചര്‍ച്ചയ്‌ക്ക് തുടക്കം കുറിക്കും.
ക്രൈസ്തവരുടെ ആശങ്ക പരിഹരിക്കണമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസും ആവശ്യപ്പെട്ടു.ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ആശങ്കയുണ്ട്. ബില്ലില്‍ പുനരാലോചന വേണം. ന്യൂനപക്ഷ കമ്മീഷനില്‍ നിലവില്‍ ക്രൈസ്തവ പ്രാതിനിധ്യം ഇല്ല. ന്യൂനപക്ഷ സംരക്ഷണം ഭരണഘടന ഉറപ്പ് നല്‍കുന്നതാണ്. സ്വഭാവികമായും ക്രൈസ്തവര്‍ക്കിടയില്‍ അസ്വസ്ഥത ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ദേശ സുരക്ഷ ലക്ഷ്യമിട്ടാണ് എഫ് സി ആര്‍ എ ചട്ട ഭേദഗതിയെന്നും ന്യൂനപക്ഷങ്ങളെ ദോഷകരമായി ബാധിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.വിദേശ പണം ദുരുപയോഗം ചെയ്യുന്നത് നിയന്ത്രിക്കാനാണ് ലക്ഷ്യമിടുന്നത്. സുതാര്യത ഉറപ്പ് വരുന്ന നടപടിയാണിത്.
എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അസത്യം പ്രചരിപ്പിച്ച് ക്രൈസ്തവരെ ആശങ്കയിലാക്കുകയാണ് ഇടതു-വലതു മുന്നണികള്‍.
















