തിരുവനന്തപുരം : തെരഞ്ഞെടുപ്പിന് ഇനി പത്ത് ദിവസമാണ് ബാക്കിയെന്നും ഇനിയുള്ള എല്ലാ ദിവസവും പുതിയ നുണകള്‍ ഇടതു-വലതു മുന്നണികള്‍ പറഞ്ഞു പരത്തുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.ബിജെപിക്ക് ഡീല്‍ ഉണ്ടെന്ന ആരോപണം ആരാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.ഇന്‍ഡി മുന്നണിയിലാണ് ഡീലെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. അവര്‍ ഒന്നിച്ചാണല്ലോ പ്രവര്‍ത്തിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശബരിമല സ്വര്‍ണക്കൊള്ള വിഷയം പരാമര്‍ശിച്ചില്ലെന്ന ആരോപണത്തിലും അദ്ദേഹം വിശദീകരണം നല്‍കി. ശബരിമല സ്വര്‍ണ കൊള്ളക്കാരെ വിടില്ലെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ ദിവസവും ഇക്കാര്യം പറയേണ്ടതില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
വിദേശ സംഭാവനാ നിയന്ത്രണ നിയമഭേദഗതിയില്‍ ആശങ്ക വേണ്ടെതില്ല. കള്ളപ്പണം വെളുപ്പിക്കാല്‍ അവസാനിപ്പിക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യങ്ങളാണ്.സഭാ അധ്യക്ഷന്‍മാരുമായി സംസാരിച്ചതായും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
നേമത്തെ സംവാദ വിഷയത്തില്‍ താന്‍ സംവാദത്തിന് ആഗ്രഹിക്കുന്നത് മുഖ്യമന്ത്രിക്കൊപ്പമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.ഇന്നും നേമത്ത് എവിടെ പോയാലും വികസനമില്ല. എത്ര കാലമായി ജനങ്ങള്‍ വികസനത്തിനായി കാത്തിരിക്കുന്നു.പത്ത് കൊല്ലം മുമ്പ് എല്ലാം ശരിയാവും എന്ന് പറഞ്ഞ് വോട്ട് നേടിയ വ്യക്തിയാണ്. എന്ത് ശരിയായി. അത് ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലേ. മുഖ്യമന്ത്രി വന്ന് ചര്‍ച്ച ചെയ്യണം.
നേമത്ത് ജയിക്കുകയാണ് ലക്ഷ്യമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നേമത്തെ സ്ഥാനാര്‍ഥിത്വം പ്രവര്‍ത്തനങ്ങള്‍ക്ക് തടസമല്ല.മുതിര്‍ന്ന നേതാക്കള്‍ക്ക് ചുമതല നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങള്‍ ഒഴിവാക്കി വികസനം ചര്‍ച്ച ചെയ്യണമെന്ന് തീരുമാനിച്ചിട്ടുണ്ട്. താന്‍ പ്രചരണത്തില്‍ എത്തിയ ശേഷം മാറ്റം വന്നു. എല്‍ഡിഎഫും യുഡിഎഫും വികസനം ചര്‍ച്ച ചെയ്യുന്നുണ്ട്. വികസനത്തിന്റെ ചര്‍ച്ച ഇവിടെ നടക്കണം. അതൊരു വാശിയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
തനിക്കെതിരെ ഉയരുന്ന വിവിധ പരിഹാസങ്ങളിലും അദ്ദേഹം മറുപടി പറഞ്ഞു. താന്‍ എയര്‍ ഡ്രോപ്പ് നേതാവ് എന്നാണ് ഒരു നേതാവ് പറഞ്ഞത്. അങ്ങനെയെങ്കില്‍ സോണിയ ഗാന്ധിയും,രാജീവി ഗാന്ധിയും എങ്ങനെയാണ്. തെറി പറഞ്ഞ് രാഷ്‌ട്രീയം പറയേണ്ട കാര്യം തനിക്ക് ഇല്ല. യുവാക്കളെ കാണുമ്പോഴാണ് ആത്മവിശ്വാസം കൂടുന്നത്. കെട്ടി വെയ്‌ക്കാനുള്ള കാശ് വരെ തന്ന് യുവാക്കള്‍ രാജീവേട്ടന്‍ മുഖ്യമന്ത്രി ആകണമെന്നാണ് പറഞ്ഞ്. കുട്ടികള്‍ക്ക് പഠിക്കാനും സാധിക്കുന്നില്ല തൊഴിലും കിട്ടുന്നില്ല. ഇന്ന് പഠിക്കാന്‍ തന്നെ കുട്ടികള്‍ പുറത്ത് പോവുകയാണ് രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി.
















