പാലക്കാട്: എവിടെയെല്ലം കോണ്‍ഗ്രസും സിപിഎമ്മും അധികാരത്തില്‍ വന്നിട്ടുണ്ടോ അവിടെയെല്ലാം നശിപ്പിച്ചിട്ടേയുള്ളൂവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുമുന്നണികളുടെയും കഴിഞ്ഞകാല ചരിത്രം നോക്കിയാല്‍ ഇക്കാര്യം മനസിലാവും. ബംഗാളിലും ത്രിപുരയിലും ഇവര്‍ എന്തുചെയ്തുവെന്ന് രാജ്യം കണ്ടതാണ്. ഇവരുടെ ചക്രവ്യൂഹത്തില്‍ കേരളവും കുടുങ്ങി. കേരളം അഞ്ച്ലക്ഷം കോടിയിലധികം രൂപയുടെ കടത്തിലാണ്. എന്‍ഡിഎ സര്‍ക്കാര്‍ വന്നാല്‍ അഴിമതിക്കാര്‍ മോഷ്ടിച്ച പണം തിരിച്ചുപിടിക്കും.
എവിടെ ഇടതുഭരണം ഉണ്ടോ അവിടെയെല്ലാം ജനങ്ങള്‍ അവരെ ഒഴിവാക്കി. ബംഗാളിലും ത്രിപുരയിലും അത് നമ്മള്‍ കണ്ടു. അതേ സംഭവം കേരളത്തിലും ആവര്‍ത്തിക്കാന്‍ പോകുകയാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസവും തൊഴിലും തേടി കേരളത്തിലെ യുവജനത നാടുവിടുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ യുവാക്കള്‍ക്ക് ജോലി നല്‍കുന്നതിനായി ഒരു സംവിധാനവും ചെയ്തിട്ടില്ല.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ശമ്പളവും പെന്‍ഷനും വൈകുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടുത്ത മാസം ശമ്പളം കിട്ടുമോ എന്ന ആശങ്കയാണ്. അവരുടെ ഡിഎയും മറ്റാനുകൂല്യങ്ങളും ലഭിക്കാത്ത അവസ്ഥയാണ്. കേരളത്തിന്റെ ഭാവി ബിജെപിയോടൊപ്പമാണ്. വര്‍ഷങ്ങളോളം പാലക്കാട് ഇടതു-വലതു മുന്നണികള്‍ മാറിമാറിഭരിച്ചിട്ടും ഒരു വികസനവും കൊണ്ടുവന്നില്ല,
പാലക്കാടിന് നല്‍കിയ വികസന പദ്ധതികള്‍ മോദി പ്രസംഗത്തില്‍ എടുത്ത് പറഞ്ഞു. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടായപ്പോള്‍ പാലക്കാട് ഐഐടി വന്നു, ദേശീയപാതയുടെ വികാസം നടന്നു, പാലക്കാട് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റിയും വരാന്‍ പോകുന്നു. ഇതിലൂടെ പാലക്കാട്ടെ യുവജനതക്ക് പുതിയ തൊഴിലവസരങ്ങള്‍ ലഭിക്കും. പാലക്കാട് എംഎല്‍എ സ്ത്രീ സുരക്ഷയ്‌ക്ക് അപകടം സൃഷ്ടിക്കുകയാണെന്നും മോദി പരിഹസിച്ചു. അതാണ് കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖം. സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണിയായി മറ്റൊരു കോണ്‍ഗ്രസ് നേതാവും സ്ത്രീവിരുദ്ധതയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തായി. ഇവരെ സൂക്ഷിക്കണം എന്നാണ് കേരളത്തിലെ സ്ത്രീകളോട് പറയാനുള്ളതെന്നും അദ്ദേഹം പരിഹസിച്ചു.
എന്‍ഡിഎ സര്‍ക്കാര്‍ ലോകസഭയിലും രാജ്യസഭയിലും ഉള്‍പ്പെടെ എല്ലായിടത്തും മഹിളകള്‍ക്ക് കൂടുതല്‍ പ്രാതിനിദ്യം നല്‍കുന്നു.പദ്ധതികള്‍ക്ക് സ്ത്രീകളുടെ പേര് നല്‍കുന്നു.അതേസമയം, കോണ്‍ഗ്രസ് സ്ത്രീകളെ അപമാനിക്കുകയാണ്.
കഴിഞ്ഞതെരഞ്ഞെടുപ്പില്‍ മെട്രോമാന്‍ ഇ. ശ്രീധരന്‍ പാലക്കാട് രണ്ടാംസ്ഥാനത്തായിരുന്നു. അത് ഏറെ വിഷമിപ്പിച്ചു. ഇത്തവണ മത്സരിക്കുന്ന ശോഭാസുരേന്ദ്രനെ റിക്കാര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണം.
പാലക്കാട് കേരളത്തിന്റെ നെല്ലറയാണ്. പക്ഷേ ഇവിടെ കര്‍ഷകര്‍ക്ക് ഉല്‍പ്പന്നത്തിന്റെ സംഭരണം നടക്കുന്നില്ല, വില നല്‍കുന്നില്ല. വിള സുരക്ഷയില്ല. ഇതെല്ലാമാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ സാമ്പത്തിക ബാധ്യത കുറയ്‌ക്കാന്‍ രാജ്യത്തെ 27 ലക്ഷം കര്‍ഷകര്‍ക്ക് വന്‍ സഹായം നല്‍കി. പാലക്കാട്ട് മാത്രം കര്‍ഷകര്‍ക്ക് പിഎം കിസാന്‍ സമ്മാന്‍ നിധിയിലൂടെ 700 കോടി രൂപ സഹായം നല്‍കി. നെല്ലിന് താങ്ങുവില കൂട്ടി. എന്നാല്‍ കേരള സര്‍ക്കാര്‍ അവരെ കടക്കെണിയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുകയാണ്, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബിജെപിക്ക് മാത്രമേ കഴിയൂ,ഇത് മോദിയുടെ ഗ്യാരന്റിയാണെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയില്‍ യുദ്ധം നടക്കുന്നതിലാണ് എല്ലാവരുടെയും ശ്രദ്ധ. ഇതിന്റെ ദോഷം ഭാരതത്തിന് വരാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. കേരളത്തില്‍ നിന്നും പതിനായിരങ്ങള്‍ യുദ്ധം ബാധിച്ച സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നു. യുദ്ധഭൂമിയില്‍ കുടുങ്ങിയ പൗരന്മാരുടെ സുരക്ഷക്കായി കേന്ദ്രം നിരന്തരം ഇടപെടല്‍ നടത്തുന്നുണ്ട്. എന്നാല്‍, കോണ്‍ഗ്രസ് നടത്തുന്ന പ്രസ്താവനകള്‍ അപകരമാണ്. അവരുടെ ആഗ്രഹം ഇന്ത്യന്‍ പൗരന്മാര്‍ അപടകത്തില്‍പ്പെടണമെന്നാണ് .അതില്‍ നിന്ന് രാഷ്‌ട്രീയ ലാഭം ഉണ്ടാക്കാനാണ് ശ്രമം.
ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ലക്ഷ്യം വികസിത കേരളമാണ്. യുവാക്കള്‍ ജോലിക്കായി നാടുവിട്ട് പോകുന്നതില്‍ നിന്ന് രക്ഷിക്കുകയെന്നതാണ് എന്‍ഡിഎയുടെ ഗ്യാരന്റി.അവരുടെ കഴിവിനനുസരിച്ച് അവസരം നല്‍കുകയെന്നതാണ് ഗ്യാരന്റി. എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനമെന്നതാണ് എന്‍ഡിഎയുടെ ലക്ഷ്യം. കേരളത്തെ അഴിമുക്തമാക്കി വികസനം നടപ്പാക്കുകയെന്നതാണ് എന്‍ഡിഎയുടെ ഗ്യാരന്റി.















