പള്ളുരുത്തി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വോട്ട് ബാങ്ക് പരാമര്‍ശം വിവാദമാകുന്നു. തിങ്കളാഴ്ച തോപ്പുംപടിയില്‍ നടന്ന യുഡിഎഫ് കൊച്ചി മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടന വേളയിലാണ് വി.ഡി. സതീശന്‍ വോട്ട് ബാങ്ക് ഉണ്ടെങ്കില്‍ അത് കൈയില്‍ വെച്ചാല്‍ മതിയെന്ന് ലത്തീന്‍ സഭയെ പരോക്ഷമായി വിമര്‍ശിച്ച് കൊണ്ട് പറഞ്ഞത്.
ഇതാണ് ഇപ്പോള്‍ വലിയ വിവാദമായി മാറിയിരിക്കുന്നത്. പരാമര്‍ശം സമൂഹ മാധ്യമങ്ങളിലും വാര്‍ത്താ ചാനലുകളിലും വലിയ ചര്‍ച്ചയായതോടെ പ്രതിപക്ഷ നേതാവ് മലക്കം മറിഞ്ഞു. ലത്തീന്‍ സഭ വര്‍ഗീയത പറയുന്നെന്ന് പറഞ്ഞിട്ടില്ലെന്നും അവര്‍ ഒരിക്കലും വര്‍ഗീയത പറയുകയില്ലെന്നും തന്റെ പരാമര്‍ശം ചില മാധ്യമങ്ങള്‍ കട്ട് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നെന്നും സതീശന്‍ പറഞ്ഞത്.
അതേസമയം സതീശന്റെ പരാമര്‍ശത്തിനെതിരെ കൊച്ചി രൂപതയിലെ ഒരു പ്രധാന വൈദികനായ ഫാദര്‍ ജോഷി മയ്യാറ്റില്‍ രംഗത്തെത്തിയതും ശ്രദ്ധേയമാണ്. ഫെയ്‌സ് ബുക്കിലാണ് വൈദികന്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. വോട്ട് നല്‍കാനുള്ളതല്ലേ കൈയില്‍ വെയ്‌ക്കാനുള്ളതല്ലല്ലോ എന്ന പരാമര്‍ശമാണ് വൈദികന്‍ ഫെയ്‌സ്ബുക്കില്‍ രേഖപ്പെടുത്തിയത്. പോസ്റ്റില്‍ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം അഭിപ്രായങ്ങളും വരുന്നുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഇടഞ്ഞ് നില്‍ക്കുന്ന കൊച്ചി രൂപതയെ അനുനയിപ്പിക്കാന്‍ വി.ഡി. സതീശനും ഹൈബി ഈഡനും രൂപത ആസ്ഥാനത്ത് എത്തിയതും വാര്‍ത്തയായിരുന്നു. ഇതിന്റെ അടുത്ത ദിവസമാണ് പ്രതിപക്ഷ നേതാവ് ഇത്തരം പരാമര്‍ശം നടത്തിയതെന്നതും ശ്രദ്ധേയമാണ്.
സതീശന്റെ പ്രസ്താവന ക്രൈസ്തവ സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ കത്തിപ്പടരുകയാണ്. കൊച്ചിയിലെ ഒരു വിഭാഗത്തിന്റെ വോട്ട് മാത്രം മതിയെന്ന നിലയിലാണ് സതീശന്‍ നടത്തിയ പ്രസ്താവനയിലൂടെ ബോധ്യമാകുന്നതെന്ന് മുതിര്‍ന്ന പുരോഹിതര്‍ വ്യക്തമാക്കുന്നു. സതീശന്‍ ഇന്നലെ നടത്തിയ വിശദീകരണം പോലും ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ പ്രതികൂല തരംഗമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
















