ഗുവാഹത്തി: ആസാം നിയമസഭാ തെരഞ്ഞെടുപ്പില്‍ 40 താര പ്രചാരകരെ രംഗത്തിറക്കി ബിജെപി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി, ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, കേന്ദ്ര മന്ത്രി സര്‍ബാനന്ദ സോനോവാള്‍ എന്നിവര്‍ താര പ്രചാരകരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് സൈകിയ പറഞ്ഞു.
നിലവില്‍ ബിജെപി നിരവധി റാലികളും പൊതുജന സമ്പര്‍ക്ക പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. താര പ്രചാരകര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കുകയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കുകയും ചെയ്യും. പാര്‍ട്ടിയുടെ പ്രചരണ കലണ്ടര്‍ ഏകദേശം അന്തിമമായെന്ന് സൈകിയ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാല് പ്രചരണ പരിപാടികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചാമത്തേത് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ആറ് മുതല്‍ എട്ട് വരെ പരിപാടികളില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബില്‍ ഏകദേശം നാല് പരിപാടികളില്‍ പങ്കെടുക്കും. രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ പ്രചരണ ഷെഡ്യൂളുകളും ഏറെക്കുറെ പൂര്‍ത്തിയായെന്നും ദിലീപ് സൈകിയ പറഞ്ഞു.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ സംസ്ഥാന വ്യാപകമായി പ്രചരണത്തിന് നേതൃത്വം നല്‍കും. ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ മണ്ഡലങ്ങളില്‍ റാലികളും റോഡ് ഷോകളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഭരണനേട്ടങ്ങള്‍, വികസന വിവരണം, ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവയെ ആശ്രയിച്ചാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















