
തെരഞ്ഞെടുപ്പ് വിശകലനം- രാഷ്‌ട്രീയ ലേഖകൻ
തിരുവനന്തപുരം: സിപിഎം കുഴിച്ച കുഴിയിൽ യുഡിഎഫ് വീണു. യുഡിഎഫ് എന്നല്ല, കോൺഗ്രസ് വീണു; പിന്നെയും കൃത്യമായി പറഞ്ഞാൽ ആ പാർട്ടിയുടെ ദേശീയ- സംസ്ഥാന നേതാക്കൾ വീണു. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ പ്രചാരണത്തിൽ വികസനം അജണ്ടയാക്കി ഉയർത്തിക്കൊണ്ടുവന്ന് മേൽക്കൈ നേടിയ ബിജെപി-എൻഡിഎ സഖ്യത്തിനും ഫോക്കസും ചടുലതയും പോയി.
വികസനം, വിശ്വാസം, സുരക്ഷ എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ച് യുഡിഎഫും എൽഡിഎഫും ഈ കാര്യങ്ങളിൽ രണ്ടല്ല, ഒന്നാണെന്ന് പചരിപ്പിച്ച ബിജെപി വലിയ തോതിൽ മേൽക്കെ നേടിയിരുന്നു.
പിണറായി സർക്കാരിന്റെ ‘തൊലിയുരിക്കുന്ന’ നടപടിയായിരുന്നു, പിണറായിയുടെ മണ്ഡലമായ ധർമ്മടത്ത് അദാലത്ത് നടത്തി, അതിൽ അയ്യായിരത്തോളം ആളുകളെ എത്തിച്ച് മണ്ഡലത്തിന്റെ പരിതാപാവസ്ഥയിലേക്ക് ജനശ്രദ്ധ കൊണ്ടുവന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മണ്ഡലമായ പറവൂരിലും സമാനമായ അദാലത്ത് നടത്തി. എതിർ കക്ഷികളുടെ അതിർത്തിയിൽ കടന്നുനടത്തിയ രണ്ട് ‘രാഷ്‌ട്രീയ സർജിക്കൽ സ്‌ട്രൈക്കുകളും’ രണ്ട് മുന്നണികളെയും കേരളത്തിന്റെ 70 വർഷത്തേയും ജനങ്ങൾക്കു മുന്നിൽ തുറന്നുകാണിക്കുന്നതായി.
പിണറായി സർക്കാർ മൂന്നാം വട്ടവും അധികാരം പിടിക്കാൻ നടത്തിയ ഒരുക്കങ്ങൾക്കെല്ലാം കനത്ത പരാജയം നേരിട്ടിരിക്കുകയായിരുന്നു. ഒരോ മന്ത്രിമാരെയും അവരുടെ വകുപ്പുകളേയും പൊതുജനങ്ങൾക്കു മുന്നിൽ തുറന്നുവെച്ചിരിക്കെ ഉണ്ടായ തിരിച്ചടി അതിജീവിക്കാനാണ് പിണറായിയും സിപിഎമ്മും ബിജെപി-കോൺഗ്രസ് ഡിൽ എന്ന ആക്ഷേപം ഉന്നയിച്ചത്. എന്നാൽ അതിന് ഒറ്റവാക്യത്തിൽ മറുപടി പറയുന്നതിനും നിഷേധിക്കുന്നതിനും മറുവാദം പറയുന്നതിനും പകരം നിത്യവും അതുതന്നെ ഏറ്റുപറയുന്നതുവഴി പിണറായിയുടെ ഭരണ പരാജയം ചർച്ചയല്ലാതാവുകയാണ്.
കേരളത്തിലെത്തി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും ദൽഹിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പറയുന്നത് ഡീൽ നിഷേധവും ബിജെപി-സിപിഎം ബന്ധവും. പക്ഷേ ഈ വിഷയത്തിലും പ്രചാരണത്തിന്റെ ശാസ്ത്രം പഠിച്ച സിപിഎമ്മിന്റെ നുണയ്‌ക്കാണ് മേൽക്കൈ കിട്ടിയത്.
ബിജെപിക്കും അവരുടെ വികസന അജണ്ട വിട്ട് മറുപടി പറയേണ്ട അവസ്ഥ വന്നു.
ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂർ സന്ദർശനത്തിലൂടെയാണ് ബിജെപിക്ക് കളം പിടിക്കേണ്ടത്.
സിപിഎം കണ്ണൂരിൽ കനത്ത പ്രതിരോധത്തിലാണ്. പാർട്ടിയുടെ ജില്ലയിലെ സകല സംവിധാനവും സിപിഎം സെക്രടറ്റി എം.വി. ഗോവിന്ദന്റെ ഭര്യ പി.കെ. ശ്യാമളരെ ജയിപ്പിക്കാനുള്ള അദ്ധ്വാനത്തിലാണ്. ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞിക്കൃഷ്ണൻ തുടങ്ങി പാർട്ടിവിട്ടു പോയവർ സിപിഎമ്മിന് ഉണ്ടാക്കിയിട്ടുള്ള പ്രതിരോധം വലുതാണ്.
അതിനിടെയാണ് യുഡിഎഫിനെ നയിക്കേണ്ട കോൺഗ്രസ് അവരുടെ മുഖ്യമന്ത്രി ആരാകണമെന്ന ചർച്ച നടത്തുന്നത്.
യുഡിഎഫിന് തെരഞ്ഞെടുപ്പുപ്രഖ്യാപിക്കുന്ന വേളയിൽ ഉണ്ടായിരുന്ന ആത്മവിശ്വാസവും ജനപിന്തുണയും കുറഞ്ഞു. സ്ഥാനാർത്ഥി നിർണ്ണയത്തിൽ കുറയാൻ തുടങ്ങിയ ജനപിന്തുണയ്‌ക്ക് മുഖ്യമന്ത്രി തർക്കത്തിലൂടെ ശക്തികൂടി.
സിപിഎമ്മാകട്ടെ ഭരണ വിരുദ്ധ വികാരത്തിൽനിന്ന് പിടിച്ചുകയറിയിട്ടില്ല. ആ പാർട്ടിക്കുള്ളിലും മുന്നണിയിലും മുമ്പില്ലാത്ത പ്രതിസന്ധികളാണ്.
ബിജെപിയാകട്ടെ അവർക്ക് തുടക്കത്തിൽ കാണിച്ച ആവേശം നിലനിർത്തിയില്ല, ലഭിച്ച അവസരങ്ങൾ വിനിയോഗിക്കുന്നില്ല എന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. എന്നാൽ വരും ദിവസങ്ങളിൽ പ്രധാനമന്ത്രിയുടെയും അമിത് ഷാ, നിർമ്മല സീതാരാമൻ, യോഗി ആദിത്യനാഥ്, തുടങ്ങിയവരുടെ വരവോടെ പ്രചാരണം കൂടുതൽ ശക്തിപ്പെടും എന്നാണ് വിശദീകരിക്കുന്നത്.