തിരുവനന്തപുരം: വൈദ്യുത റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിന്റെ മറവില്‍ സേവനത്തിന്റെ കാലതാമസത്തിന് നല്‍കേണ്ട നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുതെന്ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍. വൈദ്യുതി ഭവനു മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആവശ്യത്തിന് ജീവനക്കാരില്ലാത്തതും കാലപ്പഴക്കം ചെന്ന ലൈനുകളും ഗുണമേന്മയില്ലാത്ത സാധനസാമഗ്രികളും സുരക്ഷാ ഉപകരണങ്ങളുടെയും ആധുനിക യന്ത്രസാമഗ്രികളുടെയും അപര്യാപ്തതയും ഒക്കെയാണ് നിശ്ചിത സമയത്തിനകം ജോലികള്‍ ചെയ്തുതീര്‍ക്കുവാന്‍ തടസം സൃഷ്ടിക്കുന്നത്. 33296 ജീവനക്കാര്‍ വേണ്ട ബോര്‍ഡില്‍ നിലവിലുള്ളത് 26907 പേരാണ്. കൂടുതല്‍ ഒഴിവുകളും ഉപഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്ന വര്‍ക്കര്‍, ലൈന്‍മാന്‍ തലത്തിലാണ് എന്നതാണ് ഗൗരവമായ കാര്യം. മാത്രമല്ല റെഗുലേറ്ററി കമ്മീഷന്‍ നിര്‍ദ്ദേശിച്ച പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുവാനും കേരളത്തില്‍ ബോര്‍ഡ് തയ്യാറായിട്ടില്ല. അതിനാല്‍ സേവനത്തിന്റെ കാലതാമസത്തിന് യഥാര്‍ത്ഥ ഉത്തരവാദികള്‍ ബോര്‍ഡ് അധികാരികളും സംസ്ഥാന സര്‍ക്കാരുമാണ്.
അമിത ജോലിഭാരം മൂലം മാസത്തില്‍ ഒന്നെന്ന കണക്കില്‍ ജീവനക്കാര്‍ അപകടത്തില്‍ മരിക്കുന്നതും ബോര്‍ഡ് പ്രശ്‌നമാക്കുന്നില്ല. 2023 ല്‍ നടപ്പാക്കേണ്ട ശമ്പള പരിഷ്‌കരണത്തിന്റെ ചര്‍ച്ചകള്‍ പോലും നാളിതുവരെ തുടങ്ങിയിട്ടില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷാമബത്ത കുടിശ്ശികയുടെ കാര്യത്തില്‍ പോലും വ്യക്തമായ തീരുമാനം പറയുന്നില്ല. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ നിര്‍ദ്ദേശിച്ച പരിഷ്‌കാരങ്ങള്‍ നടപ്പാക്കാതെയും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെയും വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയും നഷ്ടപരിഹാരം ജീവനക്കാരുടെ ചുമലില്‍ വയ്‌ക്കാനുള്ള നീക്കത്തെ ചെറുത്തു തോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യൂണിയന്‍ വര്‍ക്കിങ് പ്രസിഡന്റ് പി.പി. സജീവ്കുമാര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഗിരീഷ് കുളത്തൂര്‍, എസ്. രാധാകൃഷ്ണന്‍, എസ്.കെ. സതീഷ് കുമാര്‍, റ്റി. മനോജ്, യു.വി. സുരേഷ്, ഇ.വി. ആനന്ദ്, ഷബീന്‍.സി എന്നിവര്‍ സംസാരിച്ചു.














