തിരുവനന്തപുരം: താന്‍ മത്സരിക്കുന്ന വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തിലെ കറന്‍റില്ലാത്ത വീടും അവിടെ കഷ്ടപ്പെടുന്ന വയസ്സായ ഒരു അമ്മയെയും മാധ്യമങ്ങള്‍ക്ക് കാട്ടിക്കൊടുത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ റിട്ട. ഐപിഎസ് ശ്രീലേഖയോടെ പോരാട്ടം. പവര്‍ക്കട്ടില്ലാത്ത കേരളം എന്ന പിണറായി സര്‍ക്കാരിന്റെ അവകാശവാദത്തെയാണ് വീഡിയോ സഹിതം ശ്രീലേഖ പൊളിച്ചുകാട്ടുന്നത്.
വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍പ്പെടുന്ന എകെജി നഗറിലേക്കാണ് ശ്രീലേഖ ചില മാധ്യമപ്രവര്‍ത്തകരെ കൊണ്ടുപോയത്. ഇവിടെ ഒന്നും കറന്‍റില്ല. അവിടെ ഒര വീട്ടില്‍ കറന്‍റില്ലാത്തതിനാല്‍ അകത്തിരിക്കാന്‍ പറ്റാതെ, ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ വരാന്തയില്‍ വന്നിരിക്കുന്ന അമ്മയെ ചൂണ്ടിക്കാണിച്ച് ശ്രീലേഖ ചോദിക്കുന്നു:” ഇതാണോ പവര്‍ക്കട്ടില്ലാത്ത കേരളം എന്ന് പറഞ്ഞ് നമ്മള്‍ അഭിമാനിക്കുന്നത്?. എന്തുകൊണ്ടാണ് ഇവിടെ കറന്‍റില്ലാത്തത്? നമ്മള്‍ അന്വേഷിക്കേണ്ടെ?”
ഇന്ന് തന്നെ മൂന്നാമത്തെ തവണയാണ് ഇവിടെ കറന്‍റ് പോകുന്നതെന്ന് ആ അമ്മയുടെ മകള്‍ ശ്രീലേഖയോട് പറയുന്നത് കേള്‍ക്കാം. ആ വീടിന്റെ ഇരുട്ടുനിറഞ്ഞ അകത്തേക്കും ശ്രീലേഖ മാധ്യമപ്രവര്‍ത്തകരെ കൂട്ടിക്കൊണ്ടുപോയി. അവിടെ അകത്ത് കടന്നാല്‍ വിളക്കിന്റെ ഒരു ചെറിയ വെളിച്ചം മാത്രമാണുള്ളത്. എന്തായാലും കോടികളുടെ പത്രപരസ്യം നല്‍കി പവര്‍കട്ടില്ലാത്ത കേരളം എന്ന പിണറായി സര്‍ക്കാരിന്റെ അവകാശവാദത്തെയാണ് ചെറിയൊരു കാമ്പയിനിലൂടെ ശ്രീലേഖ പൊളിച്ചത്. മറ്റ് സ്ഥാനാര്‍ത്ഥികളെ പിന്നിലാക്കി ഇത്തരം ഉള്ളുണര്‍ത്തുന്ന പ്രചാരണതന്ത്രങ്ങളിലൂടെ ശ്രീലേഖ എതിരാളികളേക്കാള്‍ ഏറെ മുന്നിലാണ്.
















