നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും കുടുംബവും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഡല്‍ഹിയില്‍ ഔദ്യോഗിക വസതിയില്‍ എത്തി സന്ദര്‍ശിച്ചത് വലിയ വാര്‍ത്തയായിരുന്നു. പ്രധാനമന്ത്രിക്കൊപ്പമുള്ള കൃഷ്ണകുമാറിന്റെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയുടെ മകന്‍ ഓമിക്കൊപ്പമുള്ള ചിത്രങ്ങള്‍ പ്രധാനമന്ത്രി തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലും ഫേസ്ബുക്കിലും പങ്കുവെച്ചത് ഫോളോവേഴ്‌സ് വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്. നൂറു മില്യണിലേറെ ഫോളോവേഴ്‌സാണ് പ്രധാനമന്ത്രിക്കുള്ളത്. കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മൂത്ത മകള്‍ അഹാനയുടെ കല്യാണം ക്ഷണിക്കാനാണ് കുടുംബം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കുടുംബം ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.
ഇപ്പോഴിതാ, പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതിന്റെ വിശേഷങ്ങള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുകയാണ് സിന്ധു കൃഷ്ണ. പ്രധാനമന്ത്രി ഓമിക്കൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത് വലിയ സന്തോഷമായെന്ന് സിന്ധു കൃഷ്ണ പറഞ്ഞു. സിന്ധുവിന്റെ വാക്കുകള്‍: പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തിയപ്പോള്‍ അതൊരു വലിയ അനുഭവമായിരുന്നു. ഞാന്‍ കുട്ടികളോട് പറഞ്ഞു, ഇതുവഴി വര്‍ഷങ്ങള്‍ക്കു മുമ്പ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒക്കെ ഓടിക്കളിച്ചിട്ടുണ്ടാകും. ഞങ്ങള്‍ അവിടെ വച്ച് മയിലിനെ കണ്ടു. ഇത്രയും ഭംഗിയുള്ള മയിലിനെ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല.
എനിക്കും മക്കള്‍ക്കും അദ്ദേഹത്തെ കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു. കൃഷ്ണകുമാര്‍ പലപ്പോഴും അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ഫങ്ഷന്‍ ഒക്കെ നടക്കുമ്പോള്‍ ആയിരക്കണക്കിന് ആളുകളുടെ കൂട്ടത്തില്‍ ഒരാളായി കാണാന്‍ താല്പര്യമില്ലായിരുന്നു. പേഴ്‌സണലി ഒന്ന് കാണാന്‍ പറ്റുമെങ്കില്‍ കാണണം, അടുത്ത സംസാരിക്കണം എന്നൊക്കെ കിച്ചുവിനോട് പറഞ്ഞിട്ടുണ്ട്.
അങ്ങനെ കാത്തിരുന്ന കാത്തിരുന്നാണ് ആ ഡ്രീം ഡേ എത്തിയത്. കുടുംബം മുഴുവന്‍ എക്‌സൈറ്റ്‌മെന്റില്‍ ആയിരുന്നു. അവിടെ ചെന്നപ്പോള്‍ ടെന്‍ഷന്‍ ആയിരുന്നു. എന്നാല്‍ ഒരു നിമിഷം പോലും എടുത്തില്ല ടെന്‍ഷന്‍ മാറാന്‍. അദ്ദേഹത്തെ നേരിട്ടു കാണുമ്പോള്‍ ടിവിയില്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ ഓറയുണ്ട്. എല്ലാവരെയും നേരത്തെ അറിയാവുന്ന പോലെയാണ് അദ്ദേഹം സംസാരിച്ചത്. ഓമി നല്ല മൂഡിലല്ലായിരുന്നു. വലുതാകുമ്പോള്‍ അവന്‍ ചിന്തിക്കുമായിരിക്കും പ്രധാനമന്ത്രിക്കൊപ്പമുള്ള ഫോട്ടോസില്‍ കുറച്ചുകൂടി ചിരിക്കേണ്ടതായിരുന്നു എന്ന്. അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. ഓമിക്ക് പ്രൈം മിനിസ്റ്റര്‍ ഒരു ചോക്ലേറ്റ് കൊടുത്തു അത് നിധി പോലെ ഇഷാനി സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഞങ്ങള്‍ ഫാമിലി മുഴുവന്‍ വലിയ എക്‌സൈറ്റ്‌മെന്റിലാണ് – സിന്ധു കൃഷ്ണ കൂട്ടിച്ചേര്‍ത്തു.
















