വക്കുപൊട്ടിയ കണ്ണാടിയില്‍ മുഖം നോക്കരുത് എന്നു പറയാറുണ്ട്. വക്കുപൊട്ടിയ ഗ്ലാസില്‍ ചായ കുടിക്കരുത് എന്നും. എന്നാല്‍ വക്കുപൊട്ടിയ പേരുമായി പതിറ്റാണ്ടുകളോളം കഴിഞ്ഞുകൂടിയ കേരള ജനതയുടെ സ്ഥിതിക്ക് എന്ത് പഴമൊഴി കൂട്ടിനുണ്ട്! ആരും സ്വന്തം പേര് വിളിച്ചു പറഞ്ഞു നടക്കാറില്ല. എന്നാല്‍ മറ്റുള്ളവര്‍ തങ്ങളെ വിളിക്കുന്ന പേര് തന്റെ സ്വത്വത്തെ പ്രകാശനം ചെയ്യുന്നതാവുമ്പോള്‍ അതില്‍ സ്ഫുരിക്കുന്ന ആത്മാഭിമാനത്തിന്റെ ഊര്‍ജസംക്രമണമാണ് ഏതൊരു വ്യക്തിയെയും ഏതൊരു നാടിനെയും ഔന്നത്യത്തിലേക്ക് നയിക്കുന്നത്.
ഒരുഭാഗത്ത് അചലം. മറുഭാഗത്ത് ആഴി. ഉറഞ്ഞ നിശ്ചലതയും നിദാന്തമായ ചലനവും. സ്ഥിരതയുള്ള അവസ്ഥ നിലനിര്‍ത്തവേ തന്നെ രാഷ്‌ട്രജീവിതക്രമത്തിന്റെ പ്രവേഗത്തിനനുസരിച്ച് സ്വയം പരിവര്‍ത്തിക്കുന്ന ഗുണവിശേഷം പ്രതീകാത്മകമായി ധ്വനിപ്പിക്കുകയാവാം കേരളത്തിന്റെ പ്രകൃതിസവിശേഷത. ജഡത്വവും ത്വരണവും പരസ്പരപൂരകമായി അനുവര്‍ത്തിക്കുന്ന സ്വഭാവഗതി. ജീവിതഗതിയുടെ എത്രയോ രാസപരിണാമങ്ങളിലൂടെ കടന്നുപോയ കേരളചരിത്രം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഭാരതസംസ്‌കാരത്തിന്റെ അവിഭാജ്യഘടകമായി എല്ലാ സാംസ്‌കാരികഗരിമയും കൈവരിച്ചിരുന്നു.
അതുകൊണ്ടുതന്നെയാണ് ഇതിഹാസപുരാണങ്ങളിലും പ്രാചീനസാഹിത്യത്തിലും കേരളത്തെ സവിശേഷമായി പരാമര്‍ശിച്ചത്. രാമായണം, മഹാഭാരതം, ദേവീ ഭാഗവതം, ബ്രഹ്മാണ്ഡപുരാണം, അഗ്നിപുരാണം, മത്സ്യപുരാണം എന്നിവയ്‌ക്ക് പുറമെ കാളിദാസന്റെ രഘുവംശത്തിലും കേരളത്തെ സവിശേഷമായി അടയാളപ്പെടുത്തിയിരിക്കുന്നു.
സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പേ കേരളവും സിന്ധുനദീതട നാഗരികതയും തമ്മില്‍ ബന്ധമുണ്ടായിരുന്നു എന്ന് രണ്ടിടത്തും നടത്തിയ ഖനനത്തില്‍നിന്ന് വിശ്വാസയോഗ്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ബിസി 3000 മുതല്‍ സുമേറിയക്കാരും അസീറിയക്കാരും ബാബിലോണിയക്കാരുമടക്കം ലോകത്തിലെ വിവിധ രാജ്യക്കാരുമായി കേരളം വ്യാപാരവാണിജ്യ ബന്ധത്തിലേര്‍പ്പെട്ടതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
സാമൂഹ്യവും സാംസ്‌കാരികവുമായ വികാസം
സംഘകാലകൃതികളായ പതിറ്റുപ്പത്ത്, അകനാനൂറ്, പുറനാനൂറ്, ചിലപ്പതികാരം, മണിമേഖല എന്നിവ കേരളത്തിന്റെ സാംസ്‌കാരിക വികാസത്തിലേക്ക് വെളിച്ചം വീശുന്നു. അശോകചക്രവര്‍ത്തിയുടെ ഗിര്‍ണാര്‍ ശാസനങ്ങളില്‍ പാലി ഭാഷയില്‍ ‘കേടലപുത്ത’ എന്നും ഗ്രീക്ക് സഞ്ചാരരേഖയായ ‘എറിത്രിയന്‍ പെരിപ്ലസി’ല്‍ ‘കേലോബോത്രാസ്’ എന്നും പരാമര്‍ശിച്ചിരിക്കുന്ന ചേരന്മാരുടെ കാലത്ത്, കേരളം സാമൂഹ്യമായും സാമ്പത്തികമായും ഏറെ വികസിതമായിരുന്നു. മലകള്‍ തമ്മില്‍ ചേര്‍ന്നത് എന്നര്‍ഥം വരുന്ന ‘ചേരല്‍’ എന്ന വാക്കില്‍ നിന്നാണ് ‘ചേരര്‍’ എന്ന പദമുണ്ടായത്.
പണ്ടുകാലത്ത് ഇവിടം സന്ദര്‍ശിച്ചിരുന്ന വിദേശികളുടെ സഞ്ചാരരേഖകളിലെല്ലാം കേരളീയ ജീവിതത്തിന്റെ സവിശേഷതകള്‍ വിവരിക്കുന്നുണ്ട്. ഗ്രീക്ക് സഞ്ചാരി മെഗസ്തനീസ് ആയിരിക്കും കേരളത്തെ സംബന്ധിച്ച ആദ്യസൂചനകള്‍ നല്‍കിയത്. ലോകത്ത് ആദ്യമായി വിശ്വവിജ്ഞാനകോശം രചിച്ച ഇറ്റലിക്കാരനായ പ്ലീനി (സി.ഇ. 23), കേരളത്തിലെ തുറമുഖങ്ങളെയും സുഗന്ധവ്യഞ്ജനങ്ങളെയും കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. ‘രത്നധാത്രി’ എന്നാണ് അദ്ദേഹം ഭാരതത്തെ വിശേഷിപ്പിച്ചത്. ടോളമി, മാര്‍ക്കോ പോളോ, ഫാഹിയാന്‍, ഹുയാന്‍ സാങ് തുടങ്ങിയവരുടെ കുറിപ്പുകളിലും കേരളപരാമര്‍ശം കാണാം. അല്‍ബറൂണി, ഇബ്ന്‍ ബത്തൂത്ത തുടങ്ങി നിരവധി വിദേശസഞ്ചാരികളുടെ കുറിപ്പുകളില്‍നിന്നും ധാരാളം വസ്തുതകള്‍ ലഭ്യമാണ്.
ഒന്നാം ചേരസാമ്രാജ്യകാലത്ത് ജനങ്ങളെ പൂര്‍ണ്ണമായി അംഗീകരിച്ചുകൊണ്ടുള്ള ഭരണമായിരുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യസ്ഥാനം ഉണ്ടായിരുന്നു. രണ്ടാം ചേരസാമ്രാജ്യത്തോടെ ഗ്രാമങ്ങള്‍ സ്വയംപര്യാപ്തമാകുന്ന രീതിയിലുള്ള സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥ നിലവില്‍ വന്നു. സാങ്കേതികമായി ഭൂമി ഭരണാധികാരിയുടേതായിരുന്നു എങ്കിലും നികുതി കൊടുക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ അത് അനുഭവിച്ചുപോന്നു. ഒമ്പതാം നൂറ്റാണ്ടോടുകൂടിയാണ് കേരളത്തില്‍ ക്ഷേത്രങ്ങള്‍ വിഭവസമാഹരണത്തിന്റെയും വിതരണത്തിന്റെയും കേന്ദ്രങ്ങളായി ഉയര്‍ന്നുവന്നത്. ‘മുക്കാല്‍വട്ടം’ എന്ന് ശാസനങ്ങളില്‍ പറയുന്ന ക്ഷേത്രങ്ങള്‍ സാധാരണക്കാര്‍ക്കും ഭൂമി ദാനം നല്‍കിയിരുന്നു. ‘പെരുന്ന ശാസന’ത്തില്‍ കാണുന്നതുപോലെ, കൃഷിക്കാരന് പാട്ടം കൊടുക്കാന്‍ കഴിയാത്ത അവസ്ഥ വന്നാല്‍ ക്ഷേത്ര ഉടമകള്‍ അയാളെ സഹായിക്കണമെന്ന വ്യവസ്ഥ അക്കാലത്തെ സാമൂഹിക സുരക്ഷയ്‌ക്ക് ഉദാഹരണമാണ്.
ഭാരതീയമായ സാംസ്‌കാരികധാര
ഭാരതീയ ജീവിതരീതിയുടെ സ്വാഭാവികമായ തുടര്‍ച്ചയാണ് ആദ്യകാല കേരളീയര്‍ പിന്തുടര്‍ന്നത്. ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഒരേ കാലത്ത് ആഘോഷിക്കുന്ന ഉത്സവങ്ങള്‍ കേരളത്തിലും പ്രാദേശിക തനിമയോടെ ആഘോഷിക്കുന്നു. ശ്രാവണി, ആവണിയവിട്ടം, രക്ഷാബന്ധന്‍ എന്നിവയുടെ കാലത്താണ് നമ്മുടെ ഓണം. ഉത്തരേന്ത്യയില്‍ വൈശാഖിയും വടക്കുകിഴക്കന്‍ ഭാരതത്തില്‍ ബിഹുവും മറാഠികളുടെ ‘ഗുഡിപദ്വ’യും തെലുങ്കരുടെ ‘ഉഗാദി’യും തമിഴ്നാട്ടിലെ ‘പുത്താണ്ടും’ ആഘോഷിക്കുന്ന അതേ വസന്തകാലത്താണ് കേരളത്തില്‍ വിഷു ആചരിക്കുന്നത്.
ഭാരതത്തിന്റെ ഇതിഹാസങ്ങളെ പിന്‍പറ്റിയാണ് മലയാളദേശത്തും കലയും സാഹിത്യവും വളര്‍ന്ന് വികസിച്ചത്. മലയാളകവിത കരഞ്ഞുപിറന്നതുതന്നെ രാമകഥ പാടിക്കൊണ്ടാണ് എന്നാണ് പറയാറ്. ചീരാമന്റെ രാമചരിതം. അതിനെത്തുടര്‍ന്ന് മലയാളത്തിലുണ്ടായ രാമകഥാപ്പാട്ട്, ഭാരതംപാട്ട്, കണ്ണശ്ശരാമായണം, ഭാരതമാല, രാമായണം ചമ്പു, കൃഷ്ണഗാഥ എന്നിവയിലൂടെ എഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ടിലെത്തി മലയാളം ശ്രേഷ്ഠഭാഷയായി വികസിച്ചതു മുഴുവന്‍ ഭാരതീയസംസ്‌കൃതിയുടെ ഊര്‍ജസംക്രമണത്താലായിരുന്നു.
ഭരതമുനി ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ നാട്യശാസ്ത്രത്തിലൂടെ വികാസം കൊണ്ട ഭാരതീയ നൃത്തനാട്യ മേഖലകള്‍ കേരളത്തിലും അതിന്റെ തനിമയോടെ വികാസം പ്രാപിച്ചു. ഒമ്പതാം നൂറ്റാണ്ടില്‍ തോലനും കുലശേഖരനും സംസ്‌കരിച്ചെടുത്ത് വികസിപ്പിച്ച കൂത്തും കൂടിയാട്ടവും പോലെ നാട്യശാസ്ത്രവിധികള്‍ പൂര്‍ണ്ണമായും പിന്‍പറ്റിയ മറ്റൊരു കലാരൂപം ലോകത്തെവിടെയുമില്ല.
വൈജ്ഞാനിക മേഖലയില്‍ സാമൂതിരിയുടെ സഭയിലെ പതിനെട്ടരക്കവികളും രേവതി പട്ടത്താനവും കടവല്ലൂര്‍ അന്യോന്യവും ഏറെ പ്രസിദ്ധമാണ്. ആയുര്‍വേദം, ജ്യോതിഷം, തച്ചുശാസ്ത്രം എന്നിവ ജാതിഭേദമില്ലാതെ എല്ലാ വിഭാഗങ്ങളിലും വ്യാപിച്ചിരുന്നു. ‘പറയിപെറ്റ പന്തിരുകുലം’ എന്ന ഐതിഹ്യം ജാതിവിവേചനത്തെ മായ്ച്ചുകളഞ്ഞ കേരളീയ ഒരുമയുടെ പ്രതീകമാണ്.
പറയിപെറ്റ പന്തിരുകുലമെന്ന സമന്വയം കേരളത്തിന്റെ സാമൂഹികസമീപനത്തിന്റെ തെളിച്ചമായി ചരിത്രാംശത്തില്‍ നിറഞ്ഞുനില്‍ക്കുന്നു.
സാംസ്‌കാരികമായ അപചയത്തിലേക്ക്
രണ്ടാം ചേരസാമ്രാജ്യത്തിന്റെ അസ്തമയത്തോടെ കേരളം ചെറുകിട നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെടുകയും ശക്തമായ കേന്ദ്രഭരണത്തിന്റെ അഭാവം അനുഭവപ്പെട്ടു തുടങ്ങുകയും ചെയ്തു. ഭൂമിയുടെ സംരക്ഷണത്തിനായി വിഭാവനം ചെയ്യപ്പെട്ട വ്യവസ്ഥ പില്‍ക്കാലത്ത് ചൂഷണാധിഷ്ഠിതമായ ജന്മിത്വമേല്‍ക്കോയ്‌മയായി മാറി. തൊഴില്‍നൈപുണ്യത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട വര്‍ണ്ണവ്യവസ്ഥയാകട്ടെ, മനുഷ്യരെ തമ്മിലകറ്റുന്ന ജാതിവിവേചനമെന്ന വ്രണമായി വളരാന്‍ തുടങ്ങി. അധികാരം പിടിച്ചെടുക്കാനുള്ള നാട്ടുരാജാക്കന്മാരുടെ നിരന്തരമായ കലഹങ്ങള്‍ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സമീകൃതമായ സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥയെ തകര്‍ത്തു. ഇതോടെ കേരളം സാംസ്‌കാരികമായ അധഃപതനത്തിലേക്ക് നിപതിക്കാന്‍ തുടങ്ങി.
സിന്ധുതട സംസ്‌കാരകാലം മുതല്‍ക്കേ കേരളത്തിനുണ്ടായിരുന്ന വിദേശ വ്യാപാരബന്ധങ്ങള്‍ നാട്ടുരാജ്യങ്ങളുടെ കാലത്ത് കൂടുതല്‍ പുഷ്ടിപ്പെട്ടെങ്കിലും, അത് കേവലം സമ്പത്ത് കുന്നുകൂട്ടാനുള്ള മത്സരമായി മാറി. കോഴിക്കോട്ടെ സാമൂതിരി ഒരു ഘട്ടത്തില്‍ ജനങ്ങളില്‍നിന്ന് കരം പിരിക്കാതെ വിദേശവ്യാപാരത്തില്‍ നിന്നുള്ള വരുമാനം കൊണ്ട് മാത്രം ഭരണം നടത്തിയിരുന്നതായി ഡോ. എം.ജി.എസ്. നാരായണന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടോടുകൂടി, കേരളത്തിലെ സാമൂഹ്യവും സാമ്പത്തികവും സാംസ്‌കാരികവുമായ സംതുലാതാവസ്ഥ ശിഥിലമാകാന്‍ തുടങ്ങുകയായിരുന്നു. ജീര്‍ണതയിലെത്തിയ ജന്മിവ്യവസ്ഥയും ജാതീയതയും അതിനെ കൂടുതല്‍ രൂക്ഷമാക്കി.
എഴുത്തച്ഛന്റെ സാംസ്‌കാരിക നവോത്ഥാനം
ഈ ധാര്‍മ്മികാപചയത്തില്‍ നിന്ന് കേരളീയ സമൂഹത്തെ കരകയറ്റാനാണ് തുഞ്ചത്ത് എഴുത്തച്ഛന്‍ ‘അധ്യാത്മരാമായണം കിളിപ്പാട്ട്’ രചിച്ചത്. ഭക്തിപ്രസ്ഥാനത്തിന്റെ കരുത്തില്‍ ഭാരതീയ മനസ്സുകളില്‍ രാമായണചൈതന്യം നിറഞ്ഞൊഴുകിയ കാലമായിരുന്നു അത്. ഉത്തരഭാരതത്തില്‍ തുളസീദാസന്‍ രാമചരിതമാനസത്തിലൂടെയും, മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ രംഗനാഥ രാമായണം (തെലുങ്ക്), തൊരവയ രാമായണം (കന്നഡ) എന്നിവയിലൂടെയും ഉണ്ടായ ഉണര്‍വ്വിന് സമാനമായിരുന്നു എഴുത്തച്ഛന്‍ കേരളത്തില്‍ സൃഷ്ടിച്ച വിപ്ലവം.
അതുവരെ നിലവിലുണ്ടായിരുന്ന മലയാളം തമിഴിനെയോ സംസ്‌കൃതത്തെയോ അമിതമായി ആശ്രയിക്കുന്ന പരുവത്തിലായിരുന്നല്ലോ. മലയാളത്തിന്റെ നാടോടിവഴക്കങ്ങളും ദ്രാവിഡവൃത്തങ്ങളുടെ അപാരമായ വൈകാരികപ്രസരണശേഷിയും സംസ്‌കൃതഭാഷയുടെ അനന്യമായ ആശയാവതരണശേഷിയും വിദഗ്‌ദ്ധമായി ഉപയോഗപ്പെടുത്തി അതുവരെ നിലവിലുണ്ടായിരുന്ന ഭാഷയെ നവീകരിക്കുകയും പരിഷ്‌കരിക്കുകയായിരുന്നു എഴുത്തച്ഛന്‍. തമിഴിന്റെ സൗന്ദര്യവും സംസ്‌കൃതത്തിന്റെ ഓജസ്സും സമന്വയിപ്പിച്ച് മലയാളഭാഷയെ ശ്രേഷ്ഠഭാഷയാക്കി മാറ്റി,
സാംസ്‌കാരികമായി ഉണ്ടായ ഈ ഉണര്‍വ് ഭാരതീയതയെ കൂടുതല്‍ ആഴത്തില്‍ സ്വാംശീകരിക്കാന്‍ കേരളീയ സമൂഹത്തെ പ്രാപ്തമാക്കി. ആചാരാനുഷ്ഠാനങ്ങളിലും ജീവിതവീക്ഷണത്തിലും വ്യക്തമായ ഭാരതീയത ഉള്‍ക്കൊള്ളുന്ന രീതിയില്‍ കേരളീയ സംസ്‌കാരം ഇതോടെ പരിവര്‍ത്തനം ചെയ്യപ്പെട്ടു.
ആത്മീയാചാര്യരുടെ സാമൂഹ്യപരിഷ്‌കരണം
‘കേരളം ഒരു ഭ്രാന്താലയമാണ്’ എന്ന് സ്വാമി വിവേകാനന്ദന്‍ പറയേണ്ടി വന്ന ദുസ്ഥിതി ഇല്ലാതാക്കിയത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ശ്രീനാരായണ ഗുരുദേവന്‍, ശ്രീ ചട്ടമ്പിസ്വാമികള്‍, മഹാത്മ അയ്യന്‍കാളി തുടങ്ങിയവര്‍ നടത്തിയ സാമൂഹ്യനവോത്ഥാന ശ്രമങ്ങളാണ്. എസ്എന്‍ഡിപി, എന്‍എസ്എസ് യോഗക്ഷേമസഭ, സാധുജന പരിപാലനസംഘം തുടങ്ങിയ പ്രസ്ഥാനങ്ങള്‍ അനാചാരങ്ങള്‍ക്കെതിരെയും വിദ്യാഭ്യാസത്തിനായും പോരാടി.
ജാതീയമായ അസ്പൃശ്യത മുതലെടുത്ത് ഈഴവസമുദായത്തെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് തടയാന്‍ ശ്രീനാരായണഗുരുദേവന്റെ അനുഗ്രഹത്തോടെ 1902-ല്‍ ആരംഭിച്ച എസ്.എന്‍.ഡി.പി-ക്ക് സാധിക്കുകയുണ്ടായി. കെട്ടുകല്യാണം, പുളികുടി എന്നിവ പോലെ ആ സമുദായത്തിലുണ്ടായിരുന്ന പല ദുരാചാരങ്ങളും ഇല്ലായ്‌മ ചെയ്യാന്‍ ആ പ്രസ്ഥാനം മുന്‍കൈയെടുത്തു. ഡോ. പല്‍പ്പു, മഹാകവി കുമാരനാശാന്‍, ടി.കെ. മാധവന്‍, സി. കേശവന്‍, ആര്‍. ശങ്കര്‍ എന്നിവര്‍ നേതൃത്വം നല്‍കിയ ആ പ്രസ്ഥാനം സമുദായ അംഗങ്ങളുടെ വിദ്യാഭ്യാസം, സാമ്പത്തികവും സാമൂഹ്യവുമായ ഉന്നമനം എന്നിവയ്‌ക്ക് വേണ്ടി ക്രിയാത്മകമായി പ്രവര്‍ത്തിക്കുകയുണ്ടായി.
ചട്ടമ്പിസ്വാമികളുടെ ആശയധാരയെ പിന്‍പറ്റി 1914-ല്‍ രൂപംകൊണ്ട നായര്‍ സര്‍വീസ് സൊസൈറ്റി നായര്‍ സമുദായത്തിലെ ഉള്‍ജാതിപ്പിരിവുകള്‍, ദമ്പതികളുടെ ഇഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ലാതെ കാരണവന്മാര്‍ തീരുമാനിക്കുന്ന പുടവകൊട, താലികെട്ടുകല്യാണം, തിരണ്ടുകുളിക്കല്യാണം തുടങ്ങി അകത്തുള്ള അനാചാരങ്ങള്‍ ഇല്ലാതാക്കുന്നതിന് സഫലമായി പ്രവര്‍ത്തിച്ചു. അരനൂറ്റാണ്ടോളം മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ കേരളത്തിലെ ഹിന്ദുവിഭാഗങ്ങളുടെ ഐക്യത്തിനും ഉന്നമനത്തിനുമായി ആ പ്രസ്ഥാനം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു.
കേരളത്തിലെ നമ്പൂതിരിമാരുടെ വിദ്യാഭ്യാസം, ധര്‍മ്മാചരണം, രാജനീതി, സാമ്പത്തികസ്ഥിതി എന്നിവയിലെ അഭിവൃദ്ധിക്ക് പരിശ്രമിക്കുക എന്ന ലക്ഷ്യത്തോടെ 1908-ല്‍ ആരംഭിച്ച യോഗക്ഷേമസഭ ആ സമുദായത്തില്‍ നൂറ്റാണ്ടുകളായി നിലനിന്ന ദുഷിച്ച ആചാരങ്ങള്‍ ഇല്ലാതാക്കി കാലത്തിനനുസരിച്ച് സ്വയം നവീകരിക്കാന്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുകയുണ്ടായി. വി.ടി ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ കുറൂര്‍ ഉണ്ണി നമ്പൂതിരിപ്പാട്, എം.ആര്‍.ബി, പ്രേംജി, മഹാകവി അക്കിത്തം തുടങ്ങിയവരായിരുന്നു അതിന് മുന്‍നിരയില്‍ ഉണ്ടായിരുന്നത്. പരിവേദനം, മിശ്രവിവാഹം, വിധവാവിവാഹം, മിശ്രഭോജനം, പാലിയം റോഡിലൂടെ ജാതിഭേദമില്ലാതെ എല്ലാവര്‍ക്കും സഞ്ചാരസ്വാതന്ത്ര്യം സാധ്യമാക്കല്‍ തുടങ്ങി വിപ്ലവകരമായ ഒരുപാട് നവീകരണങ്ങള്‍ നടക്കുകയുണ്ടായി.
സമൂഹത്തില്‍ താഴെത്തട്ടില്‍ ജീവിക്കേണ്ടി വന്ന വിഭാഗങ്ങള്‍ക്ക് വേണ്ടി മഹാത്മാ അയ്യന്‍കാളി നടത്തിയ പരിശ്രമങ്ങളിലൂടെ ജാതീയമായ അടിമത്താവസ്ഥയില്‍നിന്ന് കരകയറാന്‍ അവര്‍ക്ക് സാധിക്കുകയുണ്ടായി. വില്ലുവണ്ടി സമരത്തിലൂടെ സഞ്ചാരസ്വാതന്ത്ര്യവും കല്ലുമാല സമരത്തിലൂടെ സ്ത്രീകളുടെ അവകാശസംരക്ഷണവും അക്കൂട്ടത്തില്‍ പ്രധാനമാണ്. അധഃസ്ഥിതരായി കഴിഞ്ഞവരുടെ വിദ്യാഭ്യാസത്തിനായും അദ്ദേഹം പ്രയത്നിക്കുകയുണ്ടായി. 1907-ല്‍ തിരുവിതാകൂര്‍ സര്‍ക്കാരിന്റെ പിന്തുണയോടെ മഹാത്മാ അയ്യന്‍കാളി രൂപീകരിച്ച സാധുജന പരിപാലനസംഘം ദളിത് ജനതയുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു.
അയിത്തോച്ചാടന പ്രസ്ഥാനത്തിന്റെ ഭാഗമായി കെ. കേളപ്പന്‍, ടി.കെ. മാധവന്‍, പണ്ഡിറ്റ് കറുപ്പന്‍, മന്നത്ത് പത്മനാഭന്‍, ആനന്ദതീര്‍ത്ഥന്‍, വാഗ്ഭടാനന്ദന്‍, കെ.പി. കേശവമേനോന്‍, വി.ടി. ഭട്ടതിരിപ്പാട്, ബോധേശ്വരന്‍, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയ മഹദ്വ്യക്തികളുടെ പരിശ്രമഫലമായാണ് ജാതീയമായ ഉച്ചനീചത്വം കേരളീയ സമൂഹത്തില്‍നിന്ന് വലിയതോതില്‍ തുടച്ചുനീക്കിയത്.
വൈക്കം സത്യാഗ്രഹവും അതേത്തുടര്‍ന്നുണ്ടായ ക്ഷേത്രപ്രവേശന വിളംബരവും നവോത്ഥാനശ്രമങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങളും സ്വമേധയാ പങ്കാളികളായതിന്റെ ദൃഷ്ടാന്തമാണ്. കേളപ്പജി നടത്തിയ ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ ശക്തിയും അതുതന്നെയായിരുന്നു.
ഇങ്ങനെ കേരളത്തിന്റെ സുവര്‍ണകാലഘട്ടം മുതല്‍ തുടങ്ങിയ സാംസ്‌കാരിക സംക്രമണം ഓരോരോ കാലങ്ങളിലുണ്ടാവുന്ന പ്രതിസന്ധികളില്‍നിന്ന് കേരളീയ സമൂഹത്തെ ഉയര്‍ത്താനുള്ള ഊര്‍ജസ്രോതസ്സായി നിലകൊണ്ടിട്ടുണ്ട്. ആയിരത്തിത്തൊള്ളായിരത്തി നാല്‍പ്പതുകളില്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച രാഷ്‌ട്രീയ സ്വയംസേവക സംഘം നിശ്ശബ്ദമായി ഈ പരിഷ്‌കരണശ്രമങ്ങളെ ത്വരിതപ്പെടുത്തിക്കൊണ്ടിരിക്കുകയും വിധ്വംസകശക്തികളുടെ പിടിയില്‍നിന്ന് കേരളത്തെ മോചിപ്പിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.
പുതിയ കേരളത്തിന്റെ സമസ്യകള്‍
സാമൂഹ്യ-സാംസ്‌കാരിക മൂല്യങ്ങള്‍ ഏതാണ്ട് നഷ്ടപ്പെട്ട അവസ്ഥയിലാണ് കേരളത്തിന് ഇന്ന് സ്വന്തം പേര് തിരിച്ചുകിട്ടുന്നത്. മതേതരമെന്ന പേരിട്ട മതഭീകരതയും, ഭാരതീയ സംസ്‌കൃതിയെ വികലമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളും, ഭാഷയോടുള്ള അവഗണനയും ഇന്ന് കേരളം നേരിടുന്ന വെല്ലുവിളികളാണ്. പത്രമാധ്യമങ്ങളും മുറിവൈദ്യരായ അധ്യാപകസമൂഹവും എഴുത്തുകാരും ചേര്‍ന്ന് മലയാളത്തെ വികൃതമാക്കിക്കൊണ്ടിരിക്കുന്നു.
പാതാളത്തിലേക്ക് പതിച്ചുകൊണ്ടിരിക്കുന്ന കേരളത്തെയും മലയാളത്തെയും ഉയര്‍ത്തിക്കൊണ്ടുവരാന്‍ പുതിയൊരു വരാഹാവതാരം വേണ്ടിവന്നേക്കാം. വായ പരക്കെത്തുറന്നു സംസാരിക്കാനാവാത്ത സായിപ്പന്മാരുടെ തുപ്പല്‍ദ്രവത്തിലൂടെയാണ് കേരളത്തിന്റെ ‘ള’കാരത്തിലെ പദാന്തപ്രത്യയമായ അനുസ്വാരം തേഞ്ഞുപോയത്. ഏതാണ്ട് സായിപ്പിന് തുല്യമായി വികലമായ മലയാളം സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന പുതിയ തലമുറയുടെ കൈയിലേക്ക് മടങ്ങിവന്ന ‘കേരളം’ എന്ന പേര് മര്‍ക്കടന് കിട്ടിയ പൊതിയാത്തേങ്ങയായിരിക്കില്ലേ! അതിവേഗം വൃദ്ധസദനമായിക്കൊണ്ടിരിക്കുന്ന പുതിയ കേരളത്തില്‍ ഇതിന് ഇനി എന്ത് പ്രയോജനം!
















