ന്യൂദല്‍ഹി: 24 മണിക്കൂറിനുള്ളില്‍ തപാല്‍, പാഴ്സല്‍ ഉരുപ്പടികളുടെ വിതരണം ഉറപ്പാക്കുന്ന പുതിയ സേവനങ്ങള്‍ക്ക് തുടക്കമിട്ട് തപാല്‍ വകുപ്പ്. രാജ്യത്തെ എട്ട് പ്രധാന നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. 24 സ്പീഡ് പോസ്റ്റ്, 24 സ്പീഡ് പോസ്റ്റ് പാഴ്സല്‍ എന്നീ പേരിട്ടിരിക്കുന്ന ഈ സേവനങ്ങളിലൂടെ അടിയന്തര പ്രധാന്യമുള്ള തപാല്‍, പാഴ്സല്‍ ഉരുപ്പടികള്‍ എന്നിവയുടെ അടുത്ത ദിവസത്തെ വിതരണം ഉറപ്പാക്കുന്നു. ആദ്യഘട്ടത്തില്‍ ദല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നീ ആറ് പ്രധാന നഗരങ്ങളില്‍ ഈ സേവനം ലഭ്യമാകും. രണ്ട് ദിവസത്തിനുള്ളില്‍ ഡെലിവറി ഉറപ്പാക്കുന്ന 48 സ്പീഡ് പോസ്റ്റ് എന്ന സേവനത്തിനും ഇന്നലെ വകുപ്പ് തുടക്കമിട്ടു.
വേഗതയും കാര്യക്ഷമതയും പുലര്‍ത്തുന്നതിനായി ഒടിപി അടിസ്ഥാനമാക്കിയുള്ള സുരക്ഷിത ഡെലിവറി, എസ്എംഎസ് അലര്‍ട്ടുകളുള്ള എന്‍ഡ് ടു എന്‍ഡ് ട്രാക്കിങ്, ബിസിനസ് ഉപഭോക്താക്കള്‍ക്കായി ഇപ്പോള്‍ വാങ്ങുക പിന്നീട് പണമടയ്‌ക്കുക (ബിഎന്‍പിഎല്‍) ഓപ്ഷന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
വലിയ തോതിലുള്ള ഉപഭോക്താക്കള്‍ക്ക് സൗജന്യ പിക്കപ്പ്, കേന്ദ്രീകൃത ബില്ലിങ് എന്നിവയും ലഭിക്കും. ഇ-കൊമേഴ്സ് കമ്പനികള്‍ക്കും കോര്‍പറേറ്റ് ക്ലയന്റുകള്‍ക്കും കയറ്റുമതി കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുന്നു. വാഗ്ദാനം ചെയ്ത സമയപരിധിക്കപ്പുറം വിതരണം വൈകിയാല്‍ പണം തിരികെ നല്‍കും. പരീക്ഷണാടിസ്ഥാനത്തില്‍ ദല്‍ഹിയിലുള്‍പ്പെടെ നടപ്പാക്കി വിജയമാണെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് മറ്റ് നഗരങ്ങളിലേക്ക് കൂടി സേവനം വ്യാപിപ്പിക്കുന്നത്.
ന്യൂദല്‍ഹി ആകാശവാണി ഭവനിലെ രംഗ് ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും സഹമന്ത്രി ചന്ദ്രശേഖര്‍ പെമ്മസാനിയും ചേര്‍ന്ന് സേവനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സെക്രട്ടറി (പോസ്റ്റ്സ്) വന്ദിത കൗള്‍, ഡയറക്ടര്‍ ജനറല്‍ ജിതേന്ദ്ര ഗുപ്ത, ഹര്‍പ്രീത് സിങ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.















