ഗുവാഹത്തി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 89 സീറ്റുകളിൽ മത്സരിക്കുമെന്നും സഖ്യകക്ഷികൾക്ക് ആകെ 37 സീറ്റുകൾ നൽകുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. സീറ്റ് വിഭജന ക്രമീകരണം പ്രകാരം അസം ഗണ പരിഷത്ത് (എജിപി) 26 സീറ്റുകളിൽ മത്സരിക്കും, ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്) 11 സീറ്റുകൾ അനുവദിച്ചിട്ടുണ്ട്. അങ്ങനെ 126 അംഗ നിയമസഭയിലെ ശേഷിക്കുന്ന 89 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികളെ നിർത്തുമെന്നാണ് അദ്ദേഹം അറിയിച്ചത്.
ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം സീറ്റ് വിഭജന ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നും സഖ്യം ഉടൻ തന്നെ തിരഞ്ഞെടുപ്പ് തന്ത്രത്തിന് അന്തിമരൂപം നൽകുമെന്നും ശർമ്മ പറഞ്ഞു. മികച്ച പ്രകടനം ഉറപ്പാക്കാൻ ഞങ്ങൾ ഏകോപിതമായ രീതിയിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം സ്ഥാനാർത്ഥികളുടെ പട്ടിക
“പാർട്ടി യോഗം ചേർന്ന് എജിപിക്ക് 26 സീറ്റും ബിപിഎഫിന് 11 സീറ്റും നൽകാൻ തീരുമാനിച്ചു, ബാക്കിയുള്ള സീറ്റുകളിൽ ബിജെപി മത്സരിക്കും. മാർച്ച് 18 ബുധനാഴ്ച ഇന്ന് ബിജെപി പാർലമെന്ററി ബോർഡ് യോഗം ചേരും. തുടർന്ന് ഇന്നോ വ്യാഴാഴ്ചയോ സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിക്കും,” – ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
അസമിൽ ബിജെപി മുന്നിൽ
അസം നിയമസഭയിൽ ആകെ 126 സീറ്റുകളാണുള്ളത്, സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഊർജിതമായിട്ടുണ്ട്. എല്ലാ രാഷ്‌ട്രീയ പാർട്ടികളും സഖ്യങ്ങളെയും സ്ഥാനാർത്ഥികളെയും അന്തിമമാക്കുന്ന തിരക്കിലാണ്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, ബിജെപി (എൻഡിഎ) 126 സീറ്റുകളിൽ 75 എണ്ണം നേടി അധികാരത്തിൽ തിരിച്ചെത്തിയിരുന്നു. ബിജെപി ഒറ്റയ്‌ക്ക് 60 സീറ്റുകൾ നേടിയപ്പോൾ, എജിപി ഒമ്പത് സീറ്റുകളാണ് നേടിയത്.
















