കണ്ണൂര്‍: സിപിഎമ്മിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രവും പാര്‍ട്ടിയെ നിയന്ത്രിക്കുന്ന നേതാക്കളുടെ തട്ടകവുമായ കണ്ണൂരിലെ പാര്‍ട്ടി കടുത്ത പ്രതിസന്ധിയില്‍, അതും തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ.
പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗം പയ്യന്നൂരിലെ പി. കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിക്കും എംഎല്‍എ ടി. മധുസൂദനനുമെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ചതും ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ. ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മുഖ്യമന്ത്രിയുമായ പിണറായി വിജയനുമെതിരേ തുറന്നടിച്ചതുമാണ് പാര്‍ട്ടിയെ കുഴപ്പത്തിലാക്കിയത്. കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും സ്ഥാനാര്‍ത്ഥികളായി പയ്യന്നൂരിലും തളിപ്പറമ്പിലുമെത്തുന്നതോടെ സിപിഎം കോട്ടകള്‍ ഇളകും.
പിണറായിയുടെയും എം.വി. ഗോവിന്ദന്റെയും ഏകാധിപത്യത്തില്‍ മനംമടുത്താണ് രണ്ട് പ്രമുഖര്‍ പാര്‍ട്ടി വിട്ടത്. നേതാക്കളുടെ സ്വേച്ഛാധിപത്യവും അഴിമതിയും ഇവര്‍ തുറന്നുകാട്ടി. മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെയും മുന്‍ ആരോഗ്യമന്ത്രിയും പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗവുമായ കെ.കെ. ശൈലജയെയും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഒതുക്കുകയായിരുന്നെന്ന ആരോപണമുണ്ടാക്കിയ തിരിച്ചടി വലുതാണ്.
രക്തസാക്ഷി ഫണ്ട് വെട്ടിപ്പിലും ആന്തൂരിലെ വ്യവസായി സാജന്റെ മരണത്തിലും നേതാക്കള്‍ക്കുള്ള പങ്കും ഇരുവരും തുറന്നു കാണിച്ചു. ടി.കെ. ഗോവിന്ദന്റെ അഭിപ്രായങ്ങള്‍ പ്രവാസിയുടെ ആത്മഹത്യയിലും എഡിഎം നവീന്‍ ബാവുവിന്റെ ആത്മഹത്യയിലും പാര്‍ട്ടിയിലെ ഭിന്നതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
സാജന്റെ മരണത്തില്‍ ആരോപണ വിധേയയായ, എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ ഗോവിന്ദന്‍ തന്നെയാണ് സംരക്ഷിക്കുന്നതെന്നാണ് ടി.കെ. ഗോവിന്ദന്‍ തുറന്നടിച്ചത്. പാര്‍ട്ടി ഫോറങ്ങളില്‍ ഭൂരിപക്ഷമില്ലാഞ്ഞിട്ടും, കടുത്ത വിമര്‍ശനമുയര്‍ന്നിട്ടും ശ്യാമളയെ തന്റെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. ആസൂത്രിതമായാണ് ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും പിണറായി വിജയന്‍ കൂട്ടുനിന്നെന്നും ടി.കെ. ഗോവിന്ദന്‍ പറയുന്നു.
രക്തസാക്ഷി ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങളോടൊപ്പമാണ് പാര്‍ട്ടി അണികളെന്നും സംശയത്തിലുളള ടി.ഐ. മധുസൂദനന്‍ എംഎല്‍എയെ തെരഞ്ഞെടുപ്പില്‍ നിന്നു മാറ്റി നിര്‍ത്തേണ്ടതായിരുന്നെന്നുമുള്ള ടി.കെ. ഗോവിന്ദന്റെ വെളിപ്പെടുത്തല്‍ ഫണ്ട് വെട്ടിപ്പ് നടത്തിയെന്നത് യാഥാര്‍ത്ഥ്യമാണെന്ന് വ്യക്തമാക്കി.
രണ്ട് തവണ മണ്ഡലത്തില്‍ നടത്തിയ ഹാപ്പിനസ് ഫെസ്റ്റ് ധൂര്‍ത്തായിരുന്നുവെന്ന് ഗോവിന്ദന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു. സിനിമാ പ്രവര്‍ത്തകരേയും മറ്റും കൂടെ കൂട്ടി സര്‍ക്കാര്‍ ഫണ്ടും സ്‌പോണ്‍സേര്‍ഡ് ഫണ്ടുകളുമുപയോഗിച്ച് നടത്തിയ പരിപാടിക്ക് ഓഡിറ്റ് പോലുമില്ലെന്നും വലിയ അഴിമതി ഇതിന് പിന്നില്‍ നടക്കുന്നതെന്നുമുളള സൂചനകളും ടി.കെ. ഗോവിന്ദന്‍ നല്‍കുന്നു. വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് പാര്‍ട്ടി രൂപം കൊണ്ട പാറപ്പുറം ഉള്‍പ്പെടുന്ന കണ്ണൂരില്‍ സിപിഎം നേരിടുന്നത്.
തുറന്ന് പറച്ചിലില്‍ ഗോവിന്ദന്‍ പടിക്ക് പുറത്ത്
കണ്ണൂര്‍: തളിപ്പറമ്പില്‍ എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പരസ്യമായി പ്രതികരിച്ച സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ. ഗോവിന്ദനെ പാര്‍ട്ടി പുറത്താക്കി.
അച്ചടക്കം ലംഘിച്ചതിനും അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ചതിനുമാണ് നടപടി. നടപടി സംസ്ഥാനക്കമ്മിറ്റിയംഗീകരിച്ചതായി ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞു.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാര്‍ട്ടിയുടെ സമുന്നതനായ നേതാവിന്റെ തുറന്നുപറച്ചിലില്‍ നേതൃത്വത്തിലും അണികളിലും കടുത്ത ആശങ്കയുണ്ട്. പി.കെ. ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വവും പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ ദുരൂഹ മരണവും കെ.കെ. ശൈലജയുടെ മണ്ഡലം മാറ്റവുമുള്‍പ്പെടെയുള്ളവയില്‍ തെളിവ് നിരത്തി ടി.കെ. ഗോവിന്ദന്‍ നടത്തിയ തുറന്നുപറച്ചിലിന് മറുപടി നല്‍കാന്‍ സിപിഎം നേതൃത്വത്തിന് സാധിച്ചിട്ടില്ല.
ടി.കെ. ഗോവിന്ദനെ കൂടുതല്‍ പ്രകോപിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് നേതൃത്വം. ടി.കെ. ഗോവിന്ദനെതിരായ നടപടി വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ എം.വി. ജയരാജനും കെ.കെ. രാഗേഷും പല വിഷയങ്ങളിലും മൗനം പാലിച്ചത് ടി.കെ. ഗോവിന്ദനെ പ്രകോപിപ്പിച്ചാല്‍ കൂടുതല്‍ വെളിപ്പെടുത്തലുണ്ടാകുമെന്ന ആശങ്കയിലാണ്.
















