ടെഹ്റാന്‍: ഇറാന്‍ പ്രത്യേക അനുമതി നല്‍കിയതിനെ തുടര്‍ന്ന് ഹോർമുസ് കടലിടുക്ക് കടന്നുവന്ന എൽപിജി ടാങ്കർ ശിവാലിക് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിച്ചേര്‍ന്നു. 40,000 മുതല്‍ 46000 മെട്രിക് ടണ്‍ ഗ്യാസ് ആണ് ശിവാലികില്‍ ഉള്ളത്. ഇന്ത്യയുടെ എല്‍പിജി ഗ്യാസ് പ്രതിസന്ധിയ്‌ക്ക് ആശ്വാസമേകാന്‍ ശിവാലികിന് സാധിക്കും.
ഇന്ത്യന്‍ നാവികസേനയുടെ സുരക്ഷാഅകമ്പടിയോടെയാണ് ശിവാലിക് എന്ന ഗ്യാസ് നിറച്ച ടാങ്കര്‍ മുന്ദ്ര തുറമുഖത്ത് എത്തിയത്. ഖത്തറിലെ റാസ് ലഫാനില്‍ നിന്നും മാര്‍ച്ച് ഏഴിന് യാത്രതിരിച്ച ശിവാലികിന് യുദ്ധസാഹചര്യമായിട്ടുകൂടി ഇറാന്റെ ഹോര്‍മുസ് കടലിടുക്കിലൂടെ മാര്‍ച്ച് 13ന് മുറിച്ച് കടക്കാന്‍ സാധിച്ചു.
ഇന്ത്യന്‍ സര്‍ക്കാര്‍ ഇറാനുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഒരൊറ്റ രൂപ ഫീസ് വാങ്ങാതെ ഇറാന്‍ ശിവാലികിനെ പോകാന്‍ അനുവദിച്ചത്. മാര്‍ച്ച് 17ന് മുന്ദ്ര തീരത്ത് എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും മാര്‍ച്ച് 16ന് തന്നെ മുന്ദ്ര തീരത്ത് ശിവാലികിന് നങ്കൂരമിടാന്‍ സാധിച്ചു. ഇന്ത്യന്‍ നാവിക സേനയുടെ പ്രത്യേക സംരക്ഷണയിലാണ് ശിവാലിക് ഹോര്‍മുസില്‍ നിന്നും ഇന്ത്യയിലെ മുന്ദ്ര തുറമുഖത്തിലേക്ക് യാത്ര തിരിച്ചത്.
ഈ യാത്രയ്‌ക്ക് നമ്മള്‍ കേന്ദ്രസര്‍ക്കാരിന്റെ ധീരതയ്‌ക്കും ഇന്ത്യന്‍ നാവികസേനയുടെ മിടുക്കിനും കയ്യടിക്കണം. കാരണം ഏത് നിമിഷവും ഈ എണ്ണടാങ്കറിനെ ആരും ആക്രമിച്ചേക്കാം എന്ന അന്തരീക്ഷത്തിലാണ് ഇന്ത്യന്‍ നാവികസേനയുടെ സംരക്ഷണയില്‍ എണ്ണ ടാങ്കര്‍ കടലിലൂടെ യാത്ര ചെയ്തത്.ഏത് ആക്രമണത്തെയും ചെറുക്കാന്‍ സന്നദ്ധമായാണ് ഇന്ത്യന്‍ നാവികസേന ശിവാലികിനൊപ്പം യാത്ര ചെയ്തത്.
ഹോർമുസ് കടലിടുക്കിലൂടെ കടക്കാന്‍ ഇറാന്‍ അധികൃതരുടെ ട്രാന്‍സിറ്റ് ക്ലിയറന്‍സ് ലഭിച്ച മറ്റൊരു എല്‍പിജി ടാങ്കറായ നന്ദാദേവി മാർച്ച് 17 ന് കാണ്ട്ലയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിലും 46,000 മെട്രിക് ടണ്‍ ഗ്യാസ് ഉണ്ട്.
















