ഭാരതീയ സംസ്‌കാരത്തിന്റെ ആത്മീയധാരകള്‍ ഒരുമിച്ചു ചേര്‍ന്നൊഴുകുന്ന അതുല്യപ്രതീകമാണ് ത്രിവേണി സംഗമം. ശക്തിയുടെയും ചൈതന്യത്തിന്റെയും പ്രതീകങ്ങളായി ഒഴുകുന്ന ഗംഗ, യമുന എന്നീ ദൃശ്യനദികളോടൊപ്പം, വിശ്വാസത്തിന്റെ അദൃശ്യധാരയായി സരസ്വതിയും അവിടെ സംഗമിക്കുന്നു. ആ പുണ്യസ്ഥലം സ്ഥിതിചെയ്യുന്നത് പ്രയാഗ് രാജ് എന്ന വിശുദ്ധഭൂമിയിലാണ്. ഭാരതത്തിന്റെ ആത്മീയഗാംഭീര്യവും സംസ്‌കാരപരമായ ഏകതയും ഒരുമിച്ച് അനുഭവിക്കാവുന്ന അപൂര്‍വസ്ഥാനമാണ് അത്.
എട്ട് വര്‍ഷം മുമ്പാണ് അവസാനമായി പ്രയാഗ് സന്ദര്‍ശിച്ചത്. ഗംഗാതീരത്ത് നില്‍ക്കുമ്പോള്‍, കാലത്തിന്റെ ആഴങ്ങളില്‍ നിന്ന് ഉയര്‍ന്നു വരുന്ന സംസ്‌കാരത്തിന്റെ ഒരു നിത്യനാദം അവിടെ മുഴങ്ങുന്നതുപോലെ തോന്നി. പൂര്‍വികര്‍ക്കു തര്‍പ്പണം ചെയ്യാനെത്തുന്ന അനേകം കുടുംബങ്ങള്‍, വിശ്വാസത്തോടെ മന്ത്രോച്ചാരണം ചെയ്യുന്ന പുരോഹിതര്‍, ആത്മീയസാന്ത്വനം തേടിയെത്തുന്ന തീര്‍ത്ഥാടകര്‍ ഇവയെല്ലാം ചേര്‍ന്നപ്പോള്‍ ഭാരതത്തിന്റെ ആത്മാവ് അവിടെ ഇന്നും ജാഗരൂകമായി നിലകൊള്ളുന്നുവെന്ന് തോന്നി.
ഗംഗാതീരത്ത് പൂവും തേങ്ങയും പഴവും സമര്‍പ്പിച്ച ശേഷം തീര്‍ത്ഥാടകര്‍ ത്രിവേണി സംഗമത്തിലേക്ക് ഇറങ്ങുന്നു. ആ വിശുദ്ധജലത്തില്‍ സ്‌നാനം ചെയ്യുന്ന നിമിഷങ്ങളില്‍ മനുഷ്യരുടെ സാമൂഹിക വ്യത്യാസങ്ങള്‍ എല്ലാം അലിഞ്ഞുപോകുന്നതുപോലെ തോന്നി. വിശ്വാസത്തിന്റെ ജലത്തില്‍ എല്ലാവരും ഒരേ ആത്മാവായി ലയിക്കുന്ന അനുഭവം.
ആ ദൃശ്യങ്ങള്‍ എനിക്ക് ശബരിമലയെ ഓര്‍മ്മിപ്പിച്ചു. അയ്യപ്പന്റെ സന്നിധിയില്‍ എത്തുമ്പോള്‍ ജാതിയുടെയും വര്‍ഗ്ഗത്തിന്റെയും സമ്പത്തിന്റെയും വ്യത്യാസങ്ങള്‍ മറന്ന് എല്ലാവരും ”സ്വാമിയേ ശരണം അയ്യപ്പാ” എന്ന ഒരൊറ്റ വിശ്വാസത്തില്‍ ഒന്നാകുന്നതുപോ
ലെ, ത്രിവേണി സംഗമത്തിലെ സ്‌നാനത്തിലും അതേ സമത്വത്തിന്റെ ആത്മാവാണ് അനുഭവപ്പെട്ടത്.
അവിടെ എന്റെ അടുത്ത് ഒരു മധ്യവയസ്കനും ഭാര്യയും മകളും കൂടി സ്‌നാനം ചെയ്യുകയായിരുന്നു. അദ്ദേഹം എന്നോട് ഹിന്ദിയില്‍ ചോദിച്ചു:
”നിങ്ങള്‍ കേരളയില്‍ നിന്നാണോ?”
ഞാന്‍ മറുപടി പറഞ്ഞു:
”കേരളത്തില്‍ നിന്നാണ്.”
അദ്ദേഹം അല്പം അത്ഭുതത്തോടെ വീണ്ടും ചോദിച്ചു:
”കേരള?”
ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു:
”അതെ… കേരളം തന്നെയാണ് ഞങ്ങളുടെ നാട്ടിന്റെ പേര്.”
ഒരു സാധാരണ സംഭാഷണമായിരുന്നെങ്കിലും ആ നിമിഷം എന്റെ മനസ്സില്‍ ഒരു ചിന്ത ഉണര്‍ന്നു. എന്തുകൊണ്ടാണ് നമ്മുടെ നാടിന്റെ പേര് ലോകത്ത് കൂടുതലായും ”കേരള” എന്ന രൂപത്തില്‍ അറിയപ്പെടുന്നത്? എന്തുകൊണ്ടാണ് ”കേരളം” എന്ന സ്വരസൗന്ദര്യമുള്ള യഥാര്‍ത്ഥ രൂപം നമ്മുടെ നാവിലും ലോകത്തിന്റെ നാവിലും ഒരുപോലെ നിലനില്‍ക്കാത്തത്?
ഈ ചോദ്യത്തിന് പിന്നില്‍ ചരിത്രത്തിന്റെ നീണ്ട നിഴല്‍ കാണാം.
ബ്രിട്ടീഷ് ഭരണകാലത്ത് നാം രാഷ്‌ട്രീയമായും മാനസികമായും അവരുടെ അധീനതയില്‍ ആയിരുന്നു. നമ്മുടെ ഭാഷയിലെ പല സ്ഥലനാമങ്ങളും അവരുടെ നാവിന് ഉച്ചരിക്കാന്‍ ബുദ്ധിമുട്ടുണ്ടായപ്പോള്‍ അവര്‍ അവയെ തങ്ങള്‍ക്ക് എളുപ്പമുള്ള രീതിയില്‍ മാറ്റി. ആ മാറ്റങ്ങളെ ചോദ്യം ചെയ്യാനുള്ള ആത്മവിശ്വാസം പോലും അന്നത്തെ സമൂഹത്തിനു
ണ്ടായിരുന്നില്ല.
തിരുശിവപേരൂര്‍ ശിവന്റെ വിശുദ്ധനഗരം. അത് അവരുടെ നാവില്‍ ”ത്രിച്ചൂര്‍” ആയി. കൊടുങ്ങല്ലൂര്‍ സംസ്‌കാരത്തിന്റെ പ്രാചീനകേന്ദ്രം. അത് ”ക്രാങ്ങന്നൂര്‍” ആയി. തിരുവനന്തപുരം ”ട്രിവാന്‍ഡ്രം” ആയി. ആലപ്പുഴ ”ആലപ്പി” ആയി.
അതുപോലെ തന്നെ ”കേരളം” എന്ന പദം ”കേരള” ആയി മാറി. ഭാഷയുടെ സ്വരവും ആത്മാവും മാറ്റിമറിച്ച ഈ രൂപങ്ങള്‍ പിന്നീട് നാം തന്നെ അനായാസം സ്വീകരിച്ചു.
1947-ല്‍ ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചു. 1956-ല്‍ കേരളസംസ്ഥാനം രൂപപ്പെട്ടു. എന്നാല്‍ ചരിത്രത്തില്‍ പറയുന്ന സമ്പൂര്‍ണ്ണ കേരളമല്ല ഇന്നത്തെ കേരളം. കന്യാകുമാരിയും നാഞ്ചിനാടും ഇല്ലാത്ത ഒരു വിച്ഛേദിതരൂപം മാത്രമാണ് ഇത്. ഒരു കബന്ധം പോലെ തലയും കാലുകളും ഇല്ലാത്ത ശരീരഭാഗം. എങ്കിലും ലോകം ഇന്ന് തിരിച്ചറിയുന്ന കേരളം ഇതാണ്.
സ്വാതന്ത്ര്യത്തിനുശേഷം പല സംസ്ഥാനങ്ങളും അവരുടെ പേരുകള്‍ തിരുത്തി. തമിഴ്‌നാട് ”മദ്രാസ്” എന്ന പേരിനെ മാറ്റി ”ചെന്നൈ” ആക്കി. ”മൈസൂര്‍ സ്റ്റേറ്റ്” പിന്നീട് ”കര്‍ണാടക”യായി.
എന്നാല്‍ ”കേരള” എന്ന പേരിനെ ”കേരളം” എന്ന യഥാര്‍ത്ഥ സ്വരൂപത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശക്തമായ ശ്രമം ഇവിടെ ഉണ്ടായില്ല.ഇത് ഒരു സാധാരണ ഉച്ചാരണ വ്യത്യാസമല്ല. മലയാളഭാഷയുടെ ആത്മാവുമായി ബന്ധപ്പെട്ട പ്രത്യേകതയാണ് അത്.
നമ്മള്‍ പ്രണവത്തെ ആരാധിക്കുന്ന ജനങ്ങളാണ്. ”ഓംകാരത്തെ” ആരാധിക്കുന്നവര്‍. ”ഓം” എന്ന ആധ്യാത്മിക നാദം നമ്മുടെ സംസ്‌കാരത്തിന്റെ അടിത്തറയാണ്. അതുകൊണ്ടുതന്നെ മലയാളഭാഷയിലെ അനേകം വാക്കുകളും ‘ം” എന്ന അന്ത്യക്ഷരത്തില്‍ അവസാനിക്കുന്നു. കേരളം, സൗന്ദര്യം, സംന്യാസം…ഈ അന്ത്യനാദത്തില്‍ ഒരു മൃദുലതയും ലയവുമുണ്ട്. അത് ഭാഷയുടെ സ്വരസമൃദ്ധിയെ പ്രകടിപ്പിക്കുന്നു.
മലയാളഭാഷയുടെ സൂക്ഷ്മത മനസ്സിലാക്കാന്‍ ചെറിയൊരു ഉദാഹരണം മതി. ഇംഗ്ലീഷില്‍ ‘ംല’ എന്നൊരു പദം മാത്രമേ ഉള്ളൂ. എന്നാല്‍ മലയാളത്തില്‍ ”നാം” എന്നും ”നമ്മള്‍” എന്നും രണ്ട് വ്യത്യസ്ത രൂപങ്ങളുണ്ട്. ഈ സൂക്ഷ്മമായ അര്‍ത്ഥവ്യത്യാസം ഭാഷയുടെ ആഴം വ്യക്തമാക്കുന്നു.
ഇത്തരം ചിന്തകളോടെയാണ് ചില സാഹിത്യകാരന്മാര്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. അദ്ദേഹം ഞങ്ങളെ സ്വീകരിച്ച വിധം മനസ്സില്‍ തെളിഞ്ഞുനില്‍ക്കുന്നു. ഔദ്യോഗിക ഓഫീസിലല്ല, സ്വന്തം വസതിയിലാണ് അദ്ദേഹം ഞങ്ങളെ കാണാന്‍ തയ്യാറായത്. സ്വീകരണമുറിയില്‍ തന്നെ കാത്തുനിന്ന് സ്വീകരിച്ച ആ സൗഹൃദം ഏറെ ഹൃദയസ്പര്‍ശിയായ അനുഭവമായിരുന്നു.
ആദ്യം നിശ്ചയിച്ചിരുന്നത് പതിനഞ്ച് മിനിറ്റായിരുന്നു. എന്നാല്‍ സംഭാഷണം പുരോഗമിക്കുമ്പോള്‍ സമയം മുപ്പത് മിനിറ്റാക്കി. ഓരോ വിഷയവും ശ്രദ്ധയോടെ കേട്ടു, സൗഹൃദത്തോടെ പ്രതികരിച്ചു. അത് ഭാഷാപ്രശ്‌നത്തെക്കുറിച്ചുള്ള സംഭാഷണം മാത്രമല്ലായിരുന്നു ദേശത്തിന്റെ ആത്മാവിനെക്കുറിച്ചുള്ള സംവാദമായിരുന്നു.ഔദ്യോഗിക അകലം പാലിക്കാതെ, സൗഹൃദത്തോടെ സംസാരിച്ച അദ്ദേഹം അവസാനം ഞങ്ങളെ വാതില്‍വരെ അനുഗമിച്ച് യാത്രയയപ്പ് നല്‍കി.
ആ നിമിഷം ഞാന്‍ തിരിച്ചറിഞ്ഞത് ഒരു വലിയ സത്യമാണ്. ജനാധിപത്യത്തില്‍ ഭരണാധികാരികള്‍ ജനങ്ങളുടെ മേലാളന്മാരല്ല ജനങ്ങളുടെ സേവകരാണ്.
എന്നാല്‍ അതിനുമപ്പുറം ഞാന്‍ കണ്ടത് ഒരു നേതാവിന്റെ വിനയമായിരുന്നു. എണ്‍പത്തിയഞ്ച് വയസ്സ് പിന്നിട്ട എന്റെ ജീവിതത്തില്‍ ഞാന്‍ പഠിച്ച ഒരു വലിയ പാ
ഠം അതായിരുന്നു മനുഷ്യരെ ആദരിക്കുക, അതിഥിയെ ഹൃദയത്തോടെ സ്വീകരിക്കുക, വിനയത്തോടെ പെരുമാറുക.അതാണ് യഥാര്‍ത്ഥ മഹത്വം.
അല്‍പദിവസങ്ങള്‍ക്കു ശേഷം സന്തോഷവാര്‍ത്ത എത്തി. മലയാളഭാഷയുമായി ബന്ധപ്പെട്ട ബില്‍ അംഗീകരിക്കപ്പെട്ടു. അതില്‍ കേരളത്തിന്റെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഒപ്പുവെച്ചു.
ഭാഷയും സംസ്‌കാരവും ഒരു ദേശത്തിന്റെ ആത്മാവാണ്. ആ ആത്മാവിനെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുമ്പോഴാണ് ഒരു ജനതയുടെ യഥാര്‍ത്ഥ സ്വത്വം നിലനില്‍ക്കുന്നത്.
അപ്പോഴാണ് ”കേരള” എന്ന പദത്തിന് പിന്നില്‍ മറഞ്ഞുകിടക്കുന്ന ”കേരളം” എന്ന ആത്മനാദം വീണ്ടും നമ്മുടെ ഹൃദയങ്ങളില്‍ മുഴങ്ങിത്തുടങ്ങുന്നത്.
















