
തിരുവനന്തപുരം: കേരളത്തില്‍ ആദ്യത്തെ ബിജെപി പ്രതിനിധിയെ നിയമസഭയില്‍ എത്തിച്ച നിയോജകമണ്ഡലമാണ് നേമം. കേരളത്തിലെ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരെയും ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിച്ചാണ്, 2016ല്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി എംഎല്‍എ കേരള നിയമസഭയിലേക്ക് ചരിത്രത്തിലാദ്യമായി കാലെടുത്തു കുത്തിയത്.
1957ലാണ് നേമം നിയോജകമണ്ഡലം നിലവില്‍ വന്നത്. പിഎസ്പി സ്ഥാനാര്‍ത്ഥിയായ പി.വിശ്വംഭരനെ 1839 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി സിപിഐ സ്ഥാനാര്‍ത്ഥിയായ എം.സദാശിവന്‍ ആണ് നേമം മണ്ഡലത്തില്‍ നിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട കേരള നിയമസഭ ജനപ്രതിനിധി.
1982ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.കരുണാകരന്‍ നേമം മണ്ഡലത്തോടൊപ്പം മാളയിലും മത്സരിക്കുകയും രണ്ടിടത്തും വിജയിക്കുകയും ചെയ്തു. മാള മണ്ഡലം നിലനിര്‍ത്തിയ കരുണാകരന്‍ നേമത്ത് രാജിവച്ചു. തുടര്‍ന്ന് 1983 മാര്‍ച്ചില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ വി.ജെ തങ്കപ്പന്‍ 4289 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ ഇ.രമേശന്‍ നായരെ പരാജയപ്പെടുത്തി. പിന്നീട് നടന്ന മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും തുടര്‍ച്ചയായി കോണ്‍ഗ്രസ് പരായപ്പെട്ടു. 2001 ല്‍ കോണ്‍ഗ്രസിലെ എന്‍.ശക്തന്‍ 9357 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സിപിഎമ്മിലെ വെങ്ങാനൂര്‍ പി.ഭാസ്‌കരനെ പരാജയപ്പെടുത്തി മണ്ഡലം തിരികെ പിടിച്ചു.
മണ്ഡലം പുനര്‍ നിര്‍ണ്ണയത്തിനു ശേഷം 2011ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 43,661 വോട്ടുകള്‍ നേടിയാണ് ബിജെപി ശക്തി തെളിയിച്ചത്. അന്നു രണ്ടാം സ്ഥാനത്തെത്തിയ ബിജെപി കേവലം 6415 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. 2008 ലെ മണ്ഡലം പുനഃനിര്‍ണ്ണയത്തില്‍ ബിജെപിയുടെ ശക്തികേന്ദ്രമായ തിരുവനന്തപുരം ഈസ്റ്റ് നിയോജക മണ്ഡലത്തിന്റെ ഒരു ഭാഗം നേമത്ത് ലയിപ്പിച്ചതോടെയാണ് ബിജെപി ശക്തിയാര്‍ജ്ജിച്ചത്. 2011ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ ജനതാദള്‍ സ്ഥാനാര്‍ത്ഥി ചാരുപാറ രവിയെ മൂന്നാം സ്ഥാനത്താക്കി ബിജെപിയിലെ ഒ.രാജഗോപാല്‍ രണ്ടാം സ്ഥാനത്തെത്തി. അതിനു ശേഷം ഒരിക്കലും യുഡിഎഫ് മൂന്നാം സ്ഥാനത്തു നിന്ന് കരകയറിയിട്ടില്ല.
2016ല്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍ എല്‍ഡിഎഫിലെ വി.ശിവന്‍കുട്ടിയെ 8671 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അക്കൗണ്ട് തുറന്നത്. എന്നാല്‍ 2021ല്‍ എല്‍ഡിഎഫ് – യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട് ബിജെപിയെ പരാജയപ്പെടുത്തി.
2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ നേമം നിയമസഭാ മണ്ഡലത്തില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ബിജെപി ഒന്നാം സ്ഥാനത്താണ്. 2014ല്‍ 18,046 വോട്ടിന്റെയും 2019ല്‍ 12,041 വോട്ടിന്റെയും 2024ല്‍ 22,126 വോട്ടിന്റെയും ഭൂരിപക്ഷത്തില്‍ നേമം നിയോജക മണ്ഡലത്തില്‍ ഒന്നാമതെത്തി.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ നേമം നിയോജക മണ്ഡലത്തിലെ 22 വാര്‍ഡുകളില്‍ 17ലും വിജയിച്ചത് ബിജെപി സ്ഥാനാര്‍ത്ഥികളാണ്. 5049 വോട്ടിന്റെ ലീഡാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ നേമത്ത് ബിജെപി നേടിയത്.
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ 2025 ഡിസംബറില്‍ പ്രസിദ്ധീകരിച്ച നിലവിലെ വോട്ടര്‍ പട്ടിക പ്രകാരം 87,553 പുരുഷ വോട്ടര്‍മാരും 81,809 സ്ത്രീ വോട്ടര്‍മാരും ഭിന്നലിംഗത്തില്‍പ്പെട്ട ഒമ്പത് വോട്ടര്‍മാരും ഉള്‍പ്പടെ ആകെ 1,69,371 വോട്ടര്‍മാരാണുള്ളത്.