തെരഞ്ഞെടുപ്പ് 2026 /അഴിമതി ഇവർക്ക് ആഭരണമാണ്
തിരുവനന്തപുരം: തലസ്ഥാനത്തെ വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥിയും ഇപ്പോൾ എംഎൽഎയുമായ വി.കെ. പ്രശാന്ത് വിജിലൻസ് കേസിൽ പ്രതി. മുൻ വിജിലൻസ് ഡിജിപി: ശ്രീലേഖ നടത്തിയ വെളിപ്പെടുത്തൽ പ്രകാരം ഒന്നല്ല ഒമ്പതുകേസുകളിൽ എംഎൽഎ പ്രതിസ്ഥാനത്താണ്. എന്നാൽ 10 വർഷത്തെ തുടർഭരണത്തിനിടെ പിണറായി വിജയൻ സർക്കാർ പാർട്ടി എംഎൽഎയെ രക്ഷിച്ചു നിർത്തിയിരിക്കുകയാണ്. മുൻ തിരുവനന്തപുരം മേയറാണ് വി.കെ. പ്രശാന്ത്.
ആക്കുളത്ത് കണ്ണാടിപ്പാലത്തിന്റെയും അഡ്വഞ്ചർ പദ്ധതിയുടെയും നിർമ്മാണക്കരാർ കിട്ടിയിരിക്കുന്നത് പ്രശാന്ത് നേതൃത്വം നൽകുന്ന സൊസൈറ്റിക്കാണ്. ഇതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് നേതാവ് വീണാ.എസ്.നായർ നൽകിയ പരാതിയിൽ കേസെടുത്തന്വേഷിക്കാൻ വിജിലൻസ് നടപടി തുടങ്ങിയിരുന്നു. വട്ടിയൂർക്കാവിലുള്ള യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (വെബ്‌കോസ്) യുടെ ചീഫ് പ്രൊമോട്ടർ വി.കെ. പ്രശാന്താണ്. ഭരണസമിതി അംഗവുമാണ്. എംഎൽഎ എന്ന നിലയിൽ ഇടപെട്ടാണ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആക്കുളം ടൂറിസം വില്ലേജിന്റെ മേൽപറഞ്ഞ പദ്ധതികൾക്ക് കരാർ നേടിയെടുത്തത്. അഡ്വഞ്ചർ പദ്ധതിയുടെ കരാറിന് ടെൻഡറിൽ പങ്കെടുക്കാനുള്ള യോഗ്യത ആ സ്ഥാനപനത്തിന് മുൻ സാമ്പത്തിക വർഷം 10 ലക്ഷം രൂപയെങ്കിലും വിറ്റുവരവ് ഉണ്ടായിരിക്കണമെന്നായിരുന്നു. 2022 ജനുവരിയിലായിരുന്നു ടെൻഡർ. 201 മുതലുള്ള നികുതി രേഖകൾ ഇതിനായി ഡിടിപിസിക്ക് ടെൻഡറിനൊപ്പം സമർപ്പിക്കണമായിരുന്നു. എന്നാൽ 2021 ൽ രജിസ്റ്റർ ചെയത് വെബ്‌കോസ് സൊസൈറ്റിക്ക് ഈ രേഖകളൊന്നുമില്ലാതിരുന്നിട്ടും കരാർ ലഭിച്ചു. കണ്ണാടിപ്പാലം നിർമ്മിക്കുന്നതിൽ പ്രാവീണ്യവും വ്യവസ്ഥയായിരുന്നു. അതും മറികടന്നാണ് ടെൻഡർ കിട്ടിയത്. നിർമ്മിച്ച കണ്ണാടിപ്പാലത്തിന്റെ ചില്ല് പാലം ജനങ്ങൾക്ക് തുറന്നുകൊടുക്കുന്നതിനു മുമ്പുതന്നെ തകർന്നിരുന്നു. തുടർന്നാണ് ഈ ഇടപാടിലെ അഴിമതികൾ പുറത്തുവന്നത്. ഈ കരാർ നേടിയെടുക്കാൻ എംഎൽഎ എന്ന നിലയിൽ പ്രശാന്ത് നടത്തിയ ചട്ടം ലംഘിച്ചുള്ള ഇടപെടലിന് രേഖകളും വിജിലൻസിൽ സമർപ്പിക്കപ്പെട്ടിട്ടുണ്ട്.
ഈ കേസിൽ പ്രഥമദൃഷ്ട്യാ എംഎൽഎ പ്രശാന്തിനെതിരേ തെളിവുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരം കൗൺസിലർ കൂടിയായ ശ്രീലേഖ ഐപിഎസ്സിന്റെ വെളിപ്പെടുത്തൽ പ്രകാരം പ്രശാന്തിനെതിരേ കൂടുതൽ കേസുകൾ ഉണ്ട്. വരും നാളുകളിൽ അതും ചർച്ചാവിഷയമാകുമെന്നാണ് അറിയുന്നത്.
















