ന്യൂദല്‍ഹി: 2023 ലെ ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ആക്ടിനെയും ചട്ടങ്ങളെയും ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് പുറപ്പെടുവിച്ചു. പൊതു ഡാറ്റയും സ്വകാര്യ ഡാറ്റയും ആയി എന്തെല്ലാം പരിഗണിക്കപ്പെടുമെന്ന വിഷയവും കോടതി പരിശോധിക്കും. ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ആക്ട്, 2023 , ഡിപിഡിപി റൂള്‍സ് 2025 എന്നിവയെ ചോദ്യം ചെയ്ത് മാധ്യമപ്രവര്‍ത്തക ഗീത ശേഷുവും എന്‍ജിഒ സോഫ്റ്റ്വെയര്‍ ഫ്രീഡം ലോ സെന്ററും സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി, ജസ്റ്റിസ് വിപുല്‍ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്.
നിലവിലെ നിയമവും ചട്ടങ്ങളും വിവരാവകാശത്തെ ദുര്‍ബലപ്പെടുത്തുകയും, പത്രപ്രവര്‍ത്തകര്‍ക്ക് അവരുടെ തൊഴില്‍ ചെയ്യാനുള്ള കഴിയാതാക്കുകയും ചെയ്യുന്നുവെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ സീനിയര്‍ അഡ്വക്കേറ്റ് ഇന്ദിര ജയ്‌സിംഗ് ചൂണ്ടിക്കാട്ടി. ‘പൊതു ഡാറ്റ എന്താണ്, വ്യക്തിഗത ഡാറ്റ എന്താണ് എന്ന് നിര്‍ണ്ണയിക്കേണ്ട ഒരു ചോദ്യം ഹര്‍ജി ഉയര്‍ത്തുന്നുവെന്ന്’ ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
















