ന്യൂദൽഹി: ഇടക്കാല ഭരണമേധാവിയായ മുഹമ്മദ് യൂനസ് അധികാരത്തില്‍ നിന്നും പുറത്തായതോടെ താരിഖ് റഹ്മാന്റെ നേതൃത്വത്തില്‍ എത്തിയ പുതിയ ബംഗ്ലാദേശ് സര്‍ക്കാര്‍ പ്രധാനമന്ത്രി മോദിയുടെ വഴിക്ക് വരികയാണ്. മോദിയോട് ഇടഞ്ഞ ശേഷം പിന്നീട് ഏറ്റവും വലിയ കൂട്ടുകാരനായി മാറിയ മാലിദ്വീപ് പ്രസിഡന്‍റ് മൊഹമ്മദ് മൊയ്സുവിനെയാണ് ഇത്തരുണത്തില്‍ ഓര്‍മ്മവരുന്നത്.
താരിഖ് റഹ്മാന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ, ബംഗ്ലാദേശിന്റെ ഉന്നത രഹസ്യാന്വേഷണ വിഭാഗം മേധാവി ഇന്ത്യ സന്ദർശിച്ചിരിക്കുകയാണ്. ബംഗ്ലാദേശിലെ പ്രമുഖ പ്രതിരോധ രഹസ്യാന്വേഷണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോഴ്‌സ് ഇന്‍റലിജൻസ് ഡയറക്ടർ ജനറൽ മേജർ ജനറൽ കൈസർ റഷീദ് ചൗധരിയാണ് മാർച്ച് 1 മുതൽ 3 വരെ ഡൽഹിയിൽ സന്ദർശനം നടത്തിയത്. ഇത് ബംഗ്ലാദേശിലെ നയത്തിന്റെ വലിയ മാറ്റത്തിന്റെ സൂചനയാണ്.
ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’ മേധാവി പരാഗ് ജെയിൻ, മിലിട്ടറി ഇന്‍റലിജൻസ് ഡയറക്ടർ ജനറൽ ലഫ്റ്റനന്‍റ് ജനറൽ ആർ.എസ് രാമൻ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് അഞ്ചു ദിവസത്തിന് ശേഷം, ഫെബ്രുവരി 22-നാണ് താരിഖ് റഹ്മാൻ ബ്രിഗേഡിയർ ജനറൽ കൈസർ റഷീദിനെ മേജർ ജനറലായി ഉയർത്തുകയും ഡിജിഎഫ്‌ഐ തലവനായി നിയമിക്കുകയും ചെയ്തത്.
മാർച്ച് 2-ന് സ്വകാര്യ അത്താഴവിരുന്നിനിടെയാണ് ഇന്‍റലിജൻസ് മേധാവികൾ കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കുന്നതിനെക്കുറിച്ചും സുരക്ഷാ പങ്കാളിത്തത്തെക്കുറിച്ചും വിശദമായ ചർച്ചകൾ നടന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മുഹമ്മദ് യൂനസിന്റെ കാലത്ത് പാകിസ്ഥാനുമായി അടുക്കുകയും പാക് ഇന്‍റലിജന്‍സ് ഏജന്‍സിയുമായി ചേര്‍ന്ന് ഇന്ത്യയ്‌ക്കെതിരെ ചില ഗൂഢാലോചനകള്‍ നടക്കുകയും ചെയ്തിരുന്നു. ജമാ അത്തെ ഇസ്ലാമിയെ ഇന്ത്യയ്‌ക്കെതിരെ ഇളക്കിവിടുകയും സിലിഗുരി ബ്ലോക്ക് ചെയ്ത് ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തത് മുഹമ്മദ് യൂനസാണ്. പക്ഷെ പുതിയ പ്രധാനമന്ത്രി താരിഖ് അന്‍വര്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇന്ധന പ്രതിസന്ധിയില്‍ വലഞ്ഞ ബംഗ്ലാദേശിന് 5000 ടണ്‍ ഡീസല്‍ ആണ് ഇന്ത്യ ബംഗ്ലാദേശിന് നല്‍കിയത്. വര്‍ഷം തോറും അസമിലെ നുമാലിഗര്‍ റിഫൈനറിയില്‍ നിന്നും 1,80000 മെട്രിക് ടണ്‍ ഡീസലാണ് ഇന്ത്യ ബംഗ്ലാദേശിന് നല്‍കിവരുന്നത്.
ബംഗ്ലാദേശ് കേന്ദ്രീകരിച്ചുള്ള ഇന്ത്യവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ഡൽഹിക്ക് ശക്തമായ ആശങ്കകളുണ്ട്. ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാൻ ബംഗ്ലാദേശിലെ പുതിയ സർക്കാരുമായി സഹകരിക്കാൻ ഇന്ത്യ താല്പര്യപ്പെടുന്നു. പ്രൊഫസർ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്റെ കാലത്ത് ബംഗ്ലാദേശിലെ ക്രമസമാധാന നില മോശമായതായി വിലയിരുത്തലുകൾ ഉണ്ടായിരുന്നു. അതിനാൽ, വരും മാസങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണം എങ്ങനെ മുന്നോട്ട് പോകുമെന്നത് നിർണ്ണായകമാണ്.
















